ടിവിപുരത്ത് സ്മാർട്ട് കൃഷിഭവൻ നിർമാണം പുരോഗമിക്കുന്നു
1571843
Tuesday, July 1, 2025 3:19 AM IST
ടിവിപുരം: ടിവിപുരം പഞ്ചായത്തിൽ പുതുതായി ആരംഭിക്കുന്ന സ്മാർട്ട് കൃഷിഭവന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. രണ്ടു നിലകളിലായിട്ടാണ് സ്മാർട്ട് കൃഷി ഭവൻ നിർമിക്കുന്നത്. രണ്ടാംനിലയുടെ പണികളാണ് ഇപ്പോൾ ദ്രുതഗതിയിൽ പുരോഗമിച്ചുവരുന്നത്. ടിവിപുരം ചെമ്മനത്തു കരയിൽ പഞ്ചായത്ത് അനുവദിച്ച ആറു സെന്റ് സ്ഥലത്താണ് കെട്ടിടം പണിയുന്നത്.
നബാർഡ് ആർഎൽഡിഎഫ് 2022 - 2023 സാമ്പത്തിക വർഷത്തിൽ അനുവദിച്ച 1.41 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്. 151.305 ചതുരശ്ര അടിയിലായി താഴത്തെ നിലയും മുകൾനിലയിൽ 148.22 ചതുരശ്ര അടിയിലുമായാണ് കെട്ടിടം നിർമിക്കുന്നത്. കെഎൽഡിസി കമ്പനിക്കാണ് നിർമാണ ച്ചുമതല. താഴത്തെ നിലയിൽ ഫ്രണ്ട് ഓഫീസ്, ഇക്കോ ഷോപ്പ്, ബയോഫാർമസി, ഓഫീസ് മുറികളും രണ്ടാമത്തെ നിലയിൽ പ്ലാന്റ്, ഹെൽത്ത് ക്ലിനിക്, സെമിനാർ ഹാൾ എന്നിവയുമാണ് ഉൾപ്പെടുന്നത്.
കൃഷിഭവനുകളെ നവീനവത്കരിക്കുന്നതിനും നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി സേവനങ്ങൾ കൃത്യതയോടും സമയബന്ധിതമായും കർഷകരിലേക്ക് എത്തിക്കുന്നതിനായി രൂപീകരിച്ച പദ്ധതിയാണ് സ്മാർട്ട് കൃഷിഭവൻ.
കാർഷിക സേവനങ്ങൾ പൂർണമായും ഓൺലൈനാക്കി പേപ്പർലെസ് ഓഫീസ് സംവിധാനം ഏർപ്പെടുത്തുക, കർഷകർക്ക് തിരിച്ചറിയൽ കാർഡുകൾ ലഭ്യമാക്കുക, പ്ലാന്റ് ഹെൽത്ത് ക്ലിനിക് മുഖേന വിളപരിപാലന പരിപാടികൾ ഏകോപിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ സ്മാർട്ട് കൃഷിഭവനിലൂടെ പ്രാഥമികമായി നടപ്പിലാക്കും.