ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം കോംപ്ലക്സ് ഉദ്ഘാടനം നാളെ
1571997
Tuesday, July 1, 2025 11:41 PM IST
കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രിയിലെ പുതിയ പോസ്റ്റ്മോർട്ടം മോർച്ചറി കോംപ്ലക്സിന്റെയും ഡയാലിസിസ് സെന്റർ നിർമാണത്തിന്റെയും ഉദ്ഘാടനം നാളെ വൈകുന്നേരം അഞ്ചിന് നടക്കും.
ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, ജില്ലാ പഞ്ചായത്തംഗങ്ങളായ പി.ആർ. അനുപമ, ടി.എൻ. ഗിരീഷ്കുമാർ, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഗീത എസ്. പിള്ള, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷാജി പാമ്പൂരി, ലതാ ഷാജൻ, പി.എം. ജോൺ, ബി. രവീന്ദ്രൻ നായർ, കോട്ടയം പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ ആർ. ദീപ, വാർഡ് മെംബർ ആന്റണി മാർട്ടിൻ, ആശുപത്രി സൂപ്രണ്ട് ഡോ. സാവൻ സാറാ മാത്യു എന്നിവർ പ്രസംഗിക്കും.
പോസ്റ്റ്മോർട്ടം മോർച്ചറി കോംപ്ലക്സിൽ എട്ട് മൃതദേഹങ്ങൾ സൂക്ഷിക്കാനുള്ള ശീതീകരണ സംവിധാനവും ആധുനിക പോസ്റ്റ്മോർട്ടം ടേബിളും വാഴൂർ ബ്ലോക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥാപിച്ചിട്ടുണ്ട്. ഒരു മാനുവൽ ടേബിൾ, ഇൻക്വസ്റ്റ് മുറി, സ്റ്റോർ, ആംബുലൻസ് ഷെഡ്, കാത്തിരിപ്പ് ഏരിയ, കംപ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ, മലിനജലം സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിലേക്ക് ഒഴുക്കിവിടുന്നതിനുള്ള സൗകര്യങ്ങൾ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.
നിർമാണം ആരംഭിക്കുന്ന ഡയാലിസിസ് സെന്ററിന് ജില്ലാ, ബ്ലോക്ക്, പഞ്ചായത്തുകൾ ഒരുകോടിയോളം രൂപ വകയിരുത്തിയിട്ടുണ്ട്. ഏഴ് ബെഡ് സ്ത്രീകൾക്കും ഏഴ് ബെഡുകൾ പുരുഷന്മാർക്കും ഒരു ഐസൊലേഷൻ ബെഡും അടങ്ങുന്നതാണ് ഡയാലിസിസ് സെന്റർ. ജില്ലാ മെഡിക്കൽ ഓഫീസറുടെ മേൽനോട്ടത്തിൽ നിർമിതി കേന്ദ്രത്തിനാണ് നിർമാണച്ചുമതല. നിർമാണം പൂർത്തീകരിച്ച് കഴിയുമ്പോൾ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഒട്ടേറെ രോഗികൾക്ക് സെന്റർ ആശ്വസമാകും.