യുവാക്കളുടെ മരണം : കണ്ണീരിൽ മുങ്ങി കൊല്ലാട് ഗ്രാമം
1572268
Wednesday, July 2, 2025 7:17 AM IST
കൊല്ലാട്: ഞെട്ടലോടെയാണ് ഇന്നലെ കൊല്ലാട് ഗ്രാമം ഉണർന്നത്. മിനിയാന്ന് രാത്രിയിൽ കോടിമതയിലുണ്ടായ അപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചെന്നും നാലുപേർക്ക് പരിക്കേറ്റെന്നതുമായ വാർത്ത നാടിനെ ഞെട്ടിച്ചു. പുതുതായി വാങ്ങിയ വീട്ടില്‍ അന്തിയുറങ്ങാന്‍ കഴിയാതെ ജെയ്മോനും ജീവിതസ്വപ്നങ്ങള്‍ ബാക്കിയാക്കി അര്‍ജുനും യാത്രയായത് നാടിനെ കണ്ണീരിലാഴ്ത്തി.
ഇന്നലെ പുലര്‍ച്ചെ കോടിമതയില്‍ ബൊലേറോ ജീപ്പും പിക്കപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ജെയ്മോന് പുതുതായി വാങ്ങിയ വീട്ടിലേക്ക് താമസത്തിനായി സാധനങ്ങള്‍ ഇറക്കിയശേഷം സുഹൃത്തുക്കളുമായി കോടിമതയിലെ തട്ടുകടയിലെത്തി ഭക്ഷണം കഴിച്ചു ജീപ്പില്‍ മടങ്ങുമ്പോഴാണ് അപകടം.
നിയന്ത്രണം നഷ്ടമായ ജീപ്പ് റോഡില്‍ തകിടംമറിഞ്ഞശേഷം കോട്ടയം ഭാഗത്തുനിന്നു തടിയുമായെത്തിയ പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. തകര്‍ന്ന ജീപ്പിനുള്ളില്നിന്നു വാഹനം വെട്ടിപ്പൊളിച്ചാണ് ജെയ്മോനെ പുറത്തെടുത്തത്. ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇവരുടെ ജീവന് രക്ഷിക്കാനായില്ല.
കോട്ടയത്ത് ട്രാഫിക് സിഗ്നല്‍ ലൈറ്റിന്റെ മെയിന്റനന്‍സ് കരാര്‍ ഏറ്റെടുത്തു നടത്തുകയായിരുന്നു ജെയ്മോന്. ഭാര്യ അനിമോള്‍ രണ്ടു മാസം മുന്‍പാണ് അയര്‍ലന്‍ഡിലേക്ക് പോയത്. ജെയ്മോനും പോകാനുള്ള തയാറെടുപ്പ് നടക്കുന്നതിനിടെയാണ് ദുരന്തം. ജെസിബിയുടെ ഡ്രൈവിംഗ് പഠിക്കുകയായിരുന്നു അര്ജുന്.