വെള്ളക്കെട്ടില്‍ ഒറ്റപ്പെട്ട് എഴുമാന്തുരുത്ത്
1571845
Tuesday, July 1, 2025 3:19 AM IST
കടുത്തുരുത്തി: മഴയ്ക്കൊപ്പം കിഴക്കന്‍ വെള്ളത്തിന്റെ വരവുകൂടി ശക്തമായതോടെ വെള്ളക്കെട്ടില്‍ ഒറ്റപ്പെട്ട് എഴുമാന്തുരുത്ത് ഗ്രാമം. ഇവിടേക്കുള്ള റോഡുകളിൽ വെള്ളം കയറിയതോടെ വാഹനഗതാഗതം നിലച്ച അവസ്ഥയാണ്. എഴുമാന്തുരുത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലെല്ലാം വെള്ളം കയറി.
കൊല്ലങ്കേരി, പത്തിപ്പാടം, മാത്താംകരി, പുലിത്തുരുത്ത് ഭാഗങ്ങളിലെ വീടുകളിലാണ് വെള്ളക്കെട്ട് പ്രധാനമായും രൂക്ഷമായിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ മഴ മാറിനിന്നത് നാട്ടുകാര്‍ക്ക് ആശ്വാസമായെങ്കിലും കിഴക്കന്‍ വെള്ളത്തിന്റെ വരവ് നിലയ്ക്കാത്തത് പ്രതിസന്ധിയാണ്.
എഴുമാന്തുരുത്തില്നിന്ന് പുറത്തേക്കുള്ള മൂന്നു വഴികളിലും വെള്ളം കയറി. ആയാംകുടിയിലേക്കുള്ള വഴിയുടെ അരക്കിലോമീറ്റര്‍ ഭാഗവും മധുരവേലിയിലേക്കുള്ള റോഡിന്റെ തുരുത്ത് ഭാഗത്തും തലയോലപ്പറമ്പിലേക്കുള്ള വഴിയിലും വെള്ളം നിറഞ്ഞ സ്ഥിതിയാണ്.
കെഎസ്ആര്‍ടിസി ഗ്രാമവണ്ടിയും സ്വകാര്യ ബസുകളടക്കമുള്ള വാഹനങ്ങളും രണ്ടു ദിവസമായി ഇതുവഴിയുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. കടുത്തുരുത്തി വലിയതോട്, ചുള്ളിത്തോട് എന്നിവിടങ്ങളിലൂടെ എത്തുന്ന വെള്ളം എഴുമാംകായലിലൂടെ ഒഴുകിപ്പോകാനുള്ള കാലതാമസമാണ് വെള്ളക്കെട്ട് ദിവസങ്ങളോളം നീണ്ടുനില്ക്കാന് കാരണമെന്നു പ്രദേശവാസികള്‍ പറയുന്നു.
തോടുകളുടെ ആഴംകൂട്ടണമെന്നാവശ്യപ്പെട്ട് ഇറിഗേഷന്‍ വകുപ്പധികൃതരെ സമീപിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ലെന്നാണ് ജനപ്രതിനിധികള്‍ വ്യക്തമാക്കുന്നത്.