മാണികാവിൽ കളിസ്ഥലം നിർമാണത്തിനു തുടക്കം
1572006
Tuesday, July 1, 2025 11:41 PM IST
കുറവിലങ്ങാട്: ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് കുറവിലങ്ങാട് ഡിവിഷനിൽ നടപ്പിലാക്കുന്ന കളിസ്ഥലം നിർമാണത്തിന് തുടക്കമായി. പഞ്ചായത്ത് മൂന്നാം വാർഡിൽ മൂവാറ്റുപുഴ വാലി ഇറിഗ്രഷൻ പ്രോജക്ടിന്റെ സ്ഥലത്താണ് പുതിയ കളിസ്ഥലം നിർമാണം ആരംഭിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്തംഗം പി.സി. കുര്യൻ മന്ത്രി റോഷി അഗസ്റ്റിനു നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് മാണികാവിൽ എംവിഐപി സ്ഥലത്ത് കളിസ്ഥലം നിർമിക്കുന്നതിന് സർക്കാർ അനുമതി നൽകിയത്. 74 മീറ്റർ നീളവും 40 മീറ്റർ വീതിയുമുള്ള സ്ഥലമാണ് കളിസ്ഥലത്തിനായി ബ്ലോക്ക് പഞ്ചായത്തിന് അനുവദിച്ചു നൽകിയിരിക്കുന്നത്. കളിസ്ഥലത്തിന്റെ പ്രാരംഭ നിർമാണ പ്രവർത്തനങ്ങൾക്കായി ജില്ലാ പഞ്ചായത്ത് മെംബർ നിർമല ജിമ്മി അനുവദിച്ച പത്തു ലക്ഷം രൂപ ഉൾപ്പെടുത്തിയാണ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി തയാറാക്കിയത്.
കളിസ്ഥലത്തിന്റെ നിർമാണോദ്ഘാടനം നിർമല ജിമ്മി നിർവഹിച്ചു. ബ്ലോക്ക് മെംബർ പി.സി. കുര്യൻ അധ്യക്ഷത വഹിച്ചു. ഞീഴൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ദിലീപ്, ബ്ലോക്ക് പഞ്ചായത്തംഗം സിൻസി മാത്യു, പഞ്ചായത്ത് അംഗങ്ങളായ സന്ധ്യ സജികുമാർ, ഇ.കെ. കമലാസനൻ, വിനു കുര്യൻ, ജോമോൻ മറ്റം, സിബി മാണി, കൺവീനർ സുധിഷ് മാണികാവ് എന്നിവർ പ്രസംഗിച്ചു.