ചങ്ങനാശേരിയില്‍ നിയന്ത്രിത, നിരോധിത, സ്വതന്ത്ര കച്ചവടമേഖലകള്‍ പ്രഖ്യാപിച്ച് നഗരസഭ
1571850
Tuesday, July 1, 2025 3:19 AM IST
ചങ്ങനാശേരി: നഗരത്തിലെ വഴിയോര കച്ചവടവുമായി ബന്ധപ്പെട്ട് നഗര കച്ചവടസമിതി (ടിവിഎസ്) യോഗത്തില്‍ തെരഞ്ഞെടുത്ത നിയന്ത്രിത കച്ചവടമേഖല, നിരോധിത കച്ചവടമേഖല, സ്വതന്ത്ര കച്ചവടമേഖല എന്നിവ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ക്കും നഗരകച്ചവട സമിതി അംഗീകരിച്ച 42 പുതിയ വഴിയോരക്കച്ചവടക്കാര്‍ക്കും നഗരസഭാ കൗണ്‍സില്‍ യോഗം അംഗീകാരം നല്കി. ഇതോടെ കച്ചവട നിരോധിത മേഖലയില്‍ പൂര്‍ണമായും വഴിയോരക്കച്ചവടം നിരോധിക്കും.
നിയന്ത്രിത കച്ചവടമേഖലയില്‍ നഗരസഭയുടെ അംഗീകാരമുള്ള തിരിച്ചറിയല്‍ കാര്‍ഡുള്ള കച്ചവടക്കാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ പാലിച്ച് കച്ചവടം അനുവദിച്ചു. സ്വതന്ത്ര കച്ചവട മേഖലയില്‍ എവിടെയും ആര്‍ക്കും കച്ചവടം നടത്തുന്നതിനുള്ള അനുമതിയാണ് നഗരസഭ നല്‍കിയത്. ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന് അധ്യക്ഷത വഹിച്ചു.
യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാതെ അനുയോജ്യമായ സ്ഥലം കണ്ടെത്തിയാണ് വഴിയോരക്കച്ചവടത്തിന് അനുമതി നല്‍കേണ്ടതെന്ന് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ജോമി ജോസഫ് അഭിപ്രായപ്പെട്ടു. ഇപ്പോള്‍ത്തന്നെ യാത്രക്കാര്‍ ദുരിതപ്പെടുന്ന ഒന്നാംനമ്പര്‍ ബസ് സ്റ്റാന്‍ഡിന്റെ കംഫര്‍ട്ട് സ്റ്റേഷനു സമീപം വഴിയോരക്കച്ചവടത്തിന് അനുമതി നല്‍കരുതെന്നും ജോമി ആവശ്യപ്പെട്ടു.
ആഹാരവിതരണം നടത്തുന്ന തട്ടുകടക്കാര്‍ക്ക് ഫുഡ്സേഫ്റ്റി സര്‍ട്ടിഫിക്കറ്റ്, ഹെല്‍ത്ത് കാര്‍ഡ്, മുനിസിപ്പല്‍ ലൈസന്‍സ്, മാലിന്യ സംസ്കരണത്തിന് നടപടി എന്നിവ ഉണ്ടാകണമെന്ന് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എല്‍സമ്മ ജോബ് പറഞ്ഞു.
വഴിയോരക്കച്ചവടത്തിന്റെ മറവില്‍ അനധികൃതമായി നഗരത്തില്‍ തട്ടുകടകള്‍ വ്യാപിക്കുന്നത് മുനിസിപ്പല്‍ ലൈസന്‍സെടുത്ത് എല്ലാ മാനദണ്ഡങ്ങളും പാലിച്ച് കച്ചവടം നടത്തുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിന് കാരണമാകുമെന്ന് സിപിഎം അംഗം കെ.ആര്. പ്രകാശ് അഭിപ്രായപ്പെട്ടു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിബന്ധനയനുസരിച്ച് നഗരകച്ചവട സമിതിയുടെ തീരുമാനപ്രകാരമാണ് വിവിധ മേഖലകള്‍ തിരിച്ച് കച്ചവടത്തിന് അനുമതി നല്‍കിയിരിക്കുന്നതെന്ന് സിപിഎം അംഗം പി.എ. നസീര്‍ പറഞ്ഞു. വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ്, ശ്യാം സാംസണ്, റെജി കേളമ്മാട്ട്, അഡ്വ. മധുരാജ്, രാജു ചാക്കോ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
കച്ചവട നിരോധിത മേഖല
1. പുതൂര്‍പ്പള്ളി പ്രവേശനകവാടം മുതല്‍ എസ്ബി കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയം ഗേറ്റ് വരെ റോഡിനിരുവശവും.
2. സെന്‍ട്രല്‍ ജംഗ്ഷന് മുതല്‍ എസ്ബി ഹൈസ്കൂള്‍ വരെ റോഡിനിരുവശവും.
3. മുനിസിപ്പല്‍ കാര്യാലയത്തിനു സമീപത്തു കൂടിയുള്ളഎപിജെ അബ്ദുള്‍ കലാം റോഡ് മുതല്‍ ഫാത്തിമാപുരം എസ് എച്ച് സ്കൂള്‍ വരെ റോഡിനിരുവശവും.
4. ടിബി റോഡില്‍ ഹെഡ് പോസ്റ്റ്ഓഫീസ് മുതല്‍ കെഎസ്ആര്‍ടിസി ബസ് ഇറങ്ങിവരുന്ന റോഡ് വരെ റോഡിനിരുവശവും.
5. പൊതുസ്ഥാപനങ്ങളുടെ പ്രവേശന ഭാഗത്ത് നിന്നു 100 മീറ്റര്‍ പരിധിയില്‍.
6. സെന്‍ട്രല്‍ ജംഗ്ഷന് മുതല്‍ ബോട്ട്ജെട്ടി വരെ റോഡിനിരുവശവും.
7. പെരുന്ന ഗവ. എല്‍പി സ്കൂള്‍ മുതല്‍ പൂച്ചിമുക്ക് വരെ റോഡിനിരുവശവും.
8. മധുമൂല ജംഗ്ഷന് മുതല്‍ സെന്റ് തെരേസാസ് സ്കൂള്‍വരെ റോഡിനിരുവശവും
.
9. ചങ്ങനാശേരി-വാഴൂര്‍ റോഡില്‍ ഇന്ത്യന്‍ കോഫീ ഹൗസ് മുതല്‍ കുരിശുംമൂട് ജംഗ്ഷന് വരെ റോഡിനിരുവശവും.
10. ചങ്ങനാശേരി-വാഴൂര്‍ റോഡില്‍ എസ്ബി ഹൈസ്കൂള്‍ മുതല്‍ ഇന്ത്യന്‍ കോഫീ ഹൗസ് വരെ റോഡിന്റെ തെക്കുവശം.
11. നഗരസഭാ പരിധിയില്‍ അപകട സാധ്യതയുള്ള എല്ലാ വളവുകളും എല്ലാ ജംഗ്ഷനുകളും എംസി റോഡില്‍ പെരുന്ന പത്മ കഫേയുടെ മുന്‍വശത്തെ വളവ്, എസ് സ്ക്വയർ ജംഗ്ഷന്, രാജേശ്വരി കോംപ്ലക്സ് ജംഗ്ഷന്, പൂച്ചിമുക്കിലേക്ക് തിരിയുന്ന റോഡ് വളവ്, പെരുന്ന ഗവൺമെന്റ് എല്‍പി സ്കൂള്‍ ജംഗ്ഷന്, പെരുന്ന എല്‍പിഎസ് ജംഗ്ഷന്, ഇരൂപ്പ ജംഗ്ഷന്, എംസി റോഡില്‍ വേഴയ്ക്കാട്ട്ചിറ വളവ്, വാഴൂര്‍ റോഡില്‍ റെയില്‍വേ ഓവര്‍ബ്രിഡ്ജ് അപ്രോച്ച് റോഡ് എന്നിവ കച്ചവട നിരോധിതമായ വളവുകളിലും ജംഗ്ഷനുകളിലും ഉള്‍പ്പെടുന്നു.
നിയന്ത്രിത കച്ചവട മേഖല
നഗരസഭയുടെ തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ച വഴിയോര കച്ചവടക്കാര്‍ക്ക് കച്ചവടം നടത്താം.
1. പുതൂര്‍പള്ളി ആര്‍ച്ച് മുതല്‍ നമ്പര്‍ 2 പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് വരെ റോഡിന് കിഴക്കുവശം നിലവില്‍ കച്ചവടം ചെയ്യുന്നവര്‍ക്കു മാത്രം അനുമതി.
2. ചങ്ങനാശേരി-വാഴൂര്‍ റോഡില്‍ എസ്ബി ഹൈസ്കൂള്‍ മുതല്‍ ഇന്ത്യന്‍ കോഫീഹൗസ് വരെ റോഡിന്റെ വടക്ക് വശത്ത് അപകടരഹിതവും അനുയോജ്യവുമായ സ്ഥലങ്ങളില്‍ കാല്‍നട യാത്രക്കാര്‍ക്കും പ്രദേശവാസികള്‍ക്കും ഗതാഗതത്തിനും തടസവും ബുദ്ധിമുട്ടും ഉണ്ടാകാത്ത രീതിയില്‍.
3. നഗരസഭാ ഓഫീസിനു സമീപം എംസി റോഡരികില്‍ വൈകുന്നേരം 6.30 മുതല്‍ രാത്രി 11വരെ നിലവില്‍ കച്ചവടം ചെയ്യുന്നവര്‍ക്ക്.
4. ടിബി റോഡില്‍ അമൃത ഓഡിറ്റോറിയം (കെഎസ്ആര്‍ടിസി ബസ് ഇറങ്ങിവരുന്ന ഭാഗം) മുതല്‍ സ്റ്റേഡിയം ആര്‍ച്ച് പരിസരംവരെ അപകടരഹിതവും അനുയോജ്യവുമായ സ്ഥലങ്ങളില്‍ നിലവില്‍ കച്ചവടം ചെയ്യുന്നവര്‍ക്ക്.
5. നമ്പര്‍ 1 സ്റ്റാന്‍ഡില്‍ കംഫര്‍ട്ട് സ്റ്റേഷനു സമീപം നിലവില്‍ കച്ചവടം ചെയ്യുന്നവര്‍ക്ക് കാല്‍നട യാത്രക്കാര്‍ക്കും ഗതാഗതത്തിനും തടസവും ബുദ്ധിമുട്ടും ഉണ്ടാകാത്ത രീതിയില്‍ മാത്രം വഴിയോരക്കച്ചവടം നടത്താം.
6. എംസി റോഡില്‍ എസ്ബി കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയം ഗേറ്റിനു ശേഷം മോര് സൂപ്പര്‍ മാര്‍ക്കറ്റ് വരെ.
7. നിരോധിത മേഖലയിലും സ്വതന്ത്ര കച്ചവട മേഖലയിലും ഉള്‍പ്പെട്ടിട്ടില്ലാത്ത നഗരസഭയുടെ മറ്റെല്ലാ പ്രദേശങ്ങളിലും വഴിയോര കച്ചവടത്തിന് അനുമതി.
സ്വതന്ത്ര കച്ചവട മേഖല
1. പാലാത്ര-ളായിക്കാട് ബൈപാസ് റോഡില്‍ (മധുമൂല റെയില്‍വേ റോഡ് പ്രവേശിക്കുന്ന ഭാഗവും ജംഗ്ഷനും എസ്എച്ച് ജംഗ്ഷന്, തിരുമല താഴ്ച തുടങ്ങിയ സ്ഥലങ്ങള്‍ ഒഴികെ) ജംഗ്ഷനുകളില്‍ രണ്ട് വശത്തുനിന്നും 30 മീറ്റര്‍ ഒഴിവാക്കി വരുന്ന സ്ഥലങ്ങള്‍.
2. ചങ്ങനാശേരിയില്‍നിന്നും ആലപ്പുഴയിലേക്കുള്ള എസി റോഡില്‍ മനക്കച്ചിറ മുതല്‍ കോണ്ടൂര് വരെ റോഡിന്റെ ഇടതു വശം.
3. കാവാലം ബസാര്‍.
4. നമ്പര്‍ 2 ബസ് സ്റ്റാന്‍ഡില്‍ ഓട നിര്‍മിച്ചതില്‍ ഓടയുടെ സ്ലാബിന്റെ മുകളില്‍ വീതിയുള്ള ഭാഗം.