എരുമേലി വനത്തിൽ ട്രഞ്ച് നിർമാണം മുടങ്ങി
1572000
Tuesday, July 1, 2025 11:41 PM IST
എരുമേലി: വന്യമൃഗങ്ങൾ കാടിറങ്ങാതെ തടയാൻ എരുമേലി വനമേഖലയിലെ വനാതിർത്തി പ്രദേശങ്ങളിൽ ആരംഭിച്ച ഫെൻസിംഗ് ഉൾപ്പെടെയുള്ള നിർമാണ പ്രവർത്തനങ്ങളിൽ ഇനി അവശേഷിക്കുന്നത് കിടങ്ങ് (ട്രഞ്ച്) നിർമാണം. ഇതാകട്ടെ മാസങ്ങളായി പണികൾ നിലച്ച അവസ്ഥയിൽ.
കരാറുകാരൻ പണികൾ ഉഴപ്പിയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. വകുപ്പ് തലത്തിൽ കരാറുകാരനുമായി പല തവണ ഉദ്യോഗസ്ഥർ സംസാരിച്ചെങ്കിലും നിർമാണം തുടരാൻ കഴിഞ്ഞിട്ടില്ല. ഒടുവിൽ കൂടുതൽ സമയം നൽകണമെന്ന് കരാറുകാരൻ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
അതേസമയം ഹാംഗിംഗ് ഫെൻസിംഗ് നിർമാണ ജോലികൾ പൂർത്തിയായിരുന്നു. 19 കിലോമീറ്റർ ദൂരമാണ് ഫെൻസിംഗ് നിർമിച്ചിരിക്കുന്നത്. പഴയ ഫെൻസിംഗ് പൊളിച്ചുമാറ്റുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. പുതിയ ഫെൻസിംഗിനോട് ചേർന്നാണ് പഴയ ഫെൻസിംഗുള്ളത്. ഇത് ഭാഗികമായി പ്രവർത്തനരഹിതമാണ്. പുതിയ ഫെൻസിംഗിന് ഇടയിൽ ഒന്നര കിലോമീറ്ററാണ് കിടങ്ങ് നിർമിച്ചു കൊണ്ടിരിക്കുന്നത്. ഇതിന്റെ നിർമാണം പാതിവഴിയിൽ നിലച്ച അവസ്ഥയിലാണ്. കോയിക്കക്കാവ് ശബരിമല കാനനപാതയിലാണ് കിടങ്ങ് നിർമിക്കുന്നത്.
പദ്ധതി പൂർത്തിയാകുമ്പോൾ എരുമേലി ഫോറസ്റ്റ് റേഞ്ചിൽ പമ്പാവാലി, കാളകെട്ടി, തുമരംപാറ, പാക്കാനം വനമേഖലയിൽ ജനവാസ പ്രദേശങ്ങളിലെ വനാതിർത്തികൾ പൂർണമായും വന്യമൃഗ പ്രതിരോധ വലയത്തിലാകുമെന്ന് വനംവകുപ്പ് പറയുന്നു. അതേസമയം തുടർ പരിപാലനം ഇല്ലെങ്കിൽ പദ്ധതി പ്രയോജനരഹിതമാകും. കഴിഞ്ഞയിടെ എരുമേലി വനമേഖലയിലെ ഹാംഗിംഗ്, കിടങ്ങ് നിർമാണങ്ങൾ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേരിൽ കണ്ട് വിലയിരുത്തിയിരുന്നു. എരുമേലി, കോരുത്തോട്, മുണ്ടക്കയം പഞ്ചായത്തുകളിലായി മൊത്തം 30 കിലോമീറ്റർ ദൂരത്തിലാണ് പദ്ധതി.
ഇത് പൂർത്തിയായാൽ വനാതിർത്തി പൂർണമായും സുരക്ഷിതത്വ സംവിധാനങ്ങൾ ഒരുക്കുന്ന കേരളത്തിലെ ആദ്യത്തെ നിയോജകമണ്ഡലമായി പൂഞ്ഞാർ മാറുമെന്നാണ് കരുതുന്നത്. മൊത്തം 34 കോടി രൂപയാണ് ഇതിനായി ചെലവിടുന്നത്.