യുപി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ക്രിയേറ്റീവ് കോര്‍ണര്‍ തുറന്നു
1571851
Tuesday, July 1, 2025 3:19 AM IST
തൃക്കൊടിത്താനം: സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പാക്കാനായി തൃക്കൊടിത്താനം ഗവണ്മെന്റ് എച്ച്എസ്എസില്‍ യുപി വിഭാഗം കുട്ടികള്‍ക്കായി ക്രിയേറ്റീവ് കോര്‍ണര്‍ ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ നിര്‍വഹിച്ചു.
മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. രാജു, തൃക്കൊടിത്താനം പഞ്ചായത്ത് പ്രസിഡന്റ് മോളി ജോസഫ്, വൈസ് പ്രസിഡന്റ് ബിനോയ് ജോസഫ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മഞ്ജു സുജിത്ത്, മാടപ്പള്ളി ബ്ലോക്ക് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ടി. രഞ്ജിത്, പഞ്ചായത്തംഗം ദീപ ഉണ്ണികൃഷ്ണന്, സ്കൂള്‍ ഹെഡ്മിസ്ട്രസ് ആര്.എസ്. രാജി, എല്‍പി സ്കൂള്‍ ഹെഡ്മിസ്ട്രസ് എ.എം. അജിതമ്മ, വി.കെ. സുനില്‍കുമാര്‍, ബിനു ഏബ്രഹാം, പ്രീത ടി. കുറുപ്പ് എന്നിവര്‍ പ്രസംഗിച്ചു.
പാഠപുസ്തകത്തിനപ്പുറം തൊഴില്‍ പഠനവും
പാഠപുസ്തകത്തിനപ്പുറം വിവിധ തൊഴില്‍ ബന്ധിത പ്രവര്‍ത്തനങ്ങളെ കോര്‍ത്തിണക്കി രസകരമായും ക്രിയാത്മകമായും പഠനത്തെ മാറ്റുകയെന്നതാണ് ക്രിയേറ്റീവ് കോര്ണറിന്റെ ലക്ഷ്യമെന്ന് പദ്ധതിയുടെ നോഡല്‍ ഓഫീസറായ കെ. സുധര്‍മ പറഞ്ഞു.
സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുമായി സഹകരിച്ച് അഞ്ചുലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. ഈ അക്കാദമിക വര്‍ഷത്തിലെ അപ്പര്‍ പ്രൈമറി വിഭാഗത്തിലെ കുട്ടികള്‍ക്കായാണ് ക്രിയേറ്റീവ് കോര്‍ണര്‍ സജ്ജമാക്കിയിരിക്കുന്നത്. പാചകം, ഫാഷന്‍ ഡിസൈന്‍, ഇലക്ട്രിക്കല്‍ ജോലി, കൃഷി, ഫര്‍ണിച്ചര്‍ നിര്‍മാണം, പ്ലംബിംഗ്, എല്‍ഇഡി ബള്‍ബ് നിര്‍മാണം തുടങ്ങിയവയ്ക്കാണ് ക്രിയേറ്റീവ് കോര്‍ണറില്‍ പ്രാധാന്യം നല്‍കുന്നത്.