ആരോഗ്യമേഖലയിലെ സർക്കാർ അലംഭാവം: കേരള കോൺഗ്രസ് പ്രക്ഷോഭം ഇന്ന്
1572035
Wednesday, July 2, 2025 12:04 AM IST
കോട്ടയം: കേരളത്തിന്റെ ആരോഗ്യമേഖലയിൽ സർക്കാർ കാണിക്കുന്ന അലംഭാവത്തിൽ പ്രതിഷേധിച്ചു പ്രക്ഷോഭം ആരംഭിക്കുമെന്ന് കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി അറിയിച്ചു. മെഡിക്കൽ കോളജ് ആശുപത്രികളിൽ നിലനിൽക്കുന്ന ഗുരുതര സാഹചര്യം അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പ്രതീകാത്മക സമരം നടത്തും.
മെഡിക്കൽ കോളജുകൾക്കും ജില്ല-ജനറൽ ആശുപത്രികൾക്കും സർക്കാർ അനുവദിച്ച പണം കുത്തനെ വെട്ടി കുറച്ചതുമൂലം ആശുപത്രികളിൽ നടക്കേണ്ട ശസ്ത്രക്രിയകളും ചികിത്സകളും മുടങ്ങിയിരിക്കുന്ന ഈ ഘട്ടത്തിൽ അടിയന്തരമായി പണം അനുവദിക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കേരള കോൺഗ്രസ് കോട്ടയം ജില്ല പ്രസിഡന്റ് ജയ്സൺ ജോസഫിന്റെ അധ്യക്ഷതയിൽകൂടിയ യോഗം കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി ജനറൽ ജോയ് ഏബ്രഹാം , ഡെപ്യൂട്ടി ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ് എംപി, വൈസ് ചെയർമാൻമാരായ വക്കച്ചൻ മറ്റത്തിൽ, കെ.എഫ്. വർഗീസ്, സീനിയർ സെക്രട്ടറി മാഞ്ഞൂർ മോഹൻകുമാർ, സംസ്ഥാന അഡ്വൈസർ തോമസ് കണ്ണന്തറ, ഉന്നത അധികാര സമിതി അംഗങ്ങളായ പ്രിൻസ് ലൂക്കോസ്, വി.ജെ. ലാലി, സന്തോഷ് അഗസ്റ്റിൻ, ചെറിയാൻ ചാക്കോ, പ്രഫ. മേഴ്സി ജോൺ, പോൾസൺ ജോസഫ്, സി.വി. തോമസ്കുട്ടി, ജോർജ് പുളിങ്കാട്, ബിനു ചെങ്ങളം തുടങ്ങിയവർ പ്രസംഗിച്ചു.