നഗരപ്രദക്ഷിണം പ്രൗഢഗംഭീരം, വിശ്വാസികൾക്ക് സായുജ്യം
1508112
Friday, January 24, 2025 11:36 PM IST
അതിരമ്പുഴ: 101 പൊൻകുരിശുകൾ പകർന്ന ആത്മീയ പ്രഭയും അകമ്പടിക്കൂട്ടങ്ങളുടെ പ്രൗഢിയും ഇഴചേർന്ന നഗരപ്രദക്ഷിണം നവ്യാനുഭവമായി. പ്രൗഢഗംഭീരവും ഭക്തിനിർഭരവുമായ നഗരപ്രദക്ഷിണം ആയിരങ്ങൾക്ക് നിർവൃതിയേകി. അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ച് ഇന്നലെ നടന്ന നഗരപ്രദക്ഷിണത്തിൽ നാനാ ദേശങ്ങളിൽനിന്ന് ഒഴുകിയെത്തിയ ആയിരക്കണക്കിന് വിശ്വാസികൾ സംബന്ധിച്ചു.
പ്രദക്ഷിണത്തിന്റെ ഏറ്റവും മുന്നിലായി പൊൻകുരിശുകൾ. പിന്നാലെ കൊടികൾ, ചുരുട്ടികൾ, തഴക്കുടകൾ, നൂറുകണക്കിന് മുത്തുക്കുടകൾ എന്നിവയും തിരുസ്വരൂപങ്ങൾക്കു മുന്നിൽ ആലവട്ടം, വെഞ്ചാമരം തുടങ്ങിയ അകമ്പടിക്കൂട്ടങ്ങളും അനേകം വാദ്യമേളങ്ങളും അണിനിരന്നു. തിരുനാളിന്റെ പൗരാണികത വിളിച്ചോതിയ പ്രദക്ഷിണം 6.15ന് വലിയപള്ളിയിൽനിന്ന് ആരംഭിച്ചു.
പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ അന്തോനീസിന്റെയും തിരുസ്വരൂപങ്ങൾ സംവഹിച്ച പ്രദക്ഷിണം വലിയ പള്ളിയുടെ പടിഞ്ഞാറേ നടവഴി ചന്തക്കടവിലേക്ക് നീങ്ങി.
6.45ന് പ്രദക്ഷിണം ചന്തക്കുളത്തിനു സമീപമെത്തിയപ്പോൾ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപം മാന്നാനം കരക്കാരിൽനിന്ന് ചന്തക്കടവിലെ ചുമട്ടുതൊഴിലാളികൾ ഏറ്റുവാങ്ങി. ചന്തക്കുളത്തിനു സമീപം പെണ്ണാർതോടിനു കുറുകെ നിർമിച്ച താത്കാലിക പാലത്തിലൂടെ പ്രദക്ഷിണം മറുകരയിലെത്തി. വൈദ്യുത ദീപങ്ങൾ പകർന്ന വർണപ്രഭയിൽ ചന്തക്കടവും ടൗൺ കപ്പേളയും മിന്നിത്തിളങ്ങി. ആകാശത്ത് വർണവിസ്മയം.
ചന്തക്കുളം ചുറ്റി പ്രദക്ഷിണം ടൗൺ കപ്പേളയിൽ എത്തി. അവിടെ പ്രദക്ഷിണത്തിന് പൗരാവലിയുടെ വരവേൽപ്. ഒട്ടേറെപ്പേർ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപത്തിൽ മാല ചാർത്തി അനുഗ്രഹം തേടി. അവിടെനിന്നും ടൗൺ കപ്പേളയിൽ എത്തി പ്രത്യേക പ്രാർഥന നടത്തി. വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ സന്ദേശം നൽകി.
ടൗൺ കപ്പേളയിലെ പ്രാർഥനയ്ക്കു ശേഷം തുടർന്ന പ്രദക്ഷിണം മാർക്കറ്റ് ജംഗ്ഷനിൽ എത്തിയപ്പോൾ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപം തിരികെ കൈമാറി. അവിടം മുതൽ പ്രദക്ഷിണത്തിന് തീവെട്ടികൾ വഴിതെളിച്ചു. പ്രധാന വീഥിയിലൂടെ പ്രദക്ഷിണം ചെറിയപള്ളിയിലേക്ക് നീങ്ങി. ഇതേസമയം വലിയ പള്ളിയിൽനിന്ന് ഉണ്ണിയീശോയുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് രണ്ടാമത്തെ പ്രദക്ഷിണവും ചെറിയപള്ളിയിലേക്കു നീങ്ങി. 8.15ന് ചെറിയ പള്ളിക്കുമുന്നിൽ ഇരു പ്രദക്ഷിണങ്ങളും സംഗമിച്ചു. ഭക്തിനിർഭരവും വർണശബളവുമായ പ്രദക്ഷിണ സംഗമം ദർശിക്കാൻ അനേകായിരങ്ങൾ കാത്തുനിന്നിരുന്നു.
സംയുക്ത പ്രദക്ഷിണം ചെറിയപള്ളിക്ക് വലംവച്ച ശേഷം ചെറിയപള്ളിയിൽ പ്രതിഷ്ഠിച്ചിരുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപവുമായി വലിയപള്ളിയിലേക്ക് നീങ്ങി. ആയിരങ്ങൾ വിശുദ്ധന്റെ തിരുസ്വരൂപത്തെ അനുധാവനം ചെയ്തു. തളിർവെറ്റിലയും പൂക്കളുമെറിഞ്ഞ് ഭക്തർ വിശുദ്ധനോടുള്ള ആദരവറിയിച്ചു. പ്രദക്ഷിണവീഥിയുടെ ഇരുവശവും തിങ്ങിനിറഞ്ഞ ഭക്തജനങ്ങൾക്കിടയിലൂടെ നീങ്ങിയ പ്രദക്ഷിണം വലിയപള്ളിക്ക് വലംവച്ച് സമാപിച്ചു.
വൈകുന്നേരം 4.15ന് അതിരമ്പുഴ ഇടവകക്കാരായ വൈദികർ ചേർന്ന് അർപ്പിച്ച സമൂഹബലിയെ തുടർന്നായിരുന്നു നഗരപ്രദക്ഷിണം.
തിരുനാൾ പ്രദക്ഷിണവും വെടിക്കെട്ടും ഇന്ന്
രാവിലെ 10.30ന് മാർ ജേക്കബ് മുരിക്കൻ റാസ അർപ്പിക്കും
അതിരമ്പുഴ: സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന്റെ പ്രധാന ദിനമായ ഇന്ന് രാവിലെ 10.30ന് ബിഷപ് മാർ ജേക്കബ് മുരിക്കൻ റാസ അർപ്പിക്കും. വൈകുന്നേരം 5.30ന് തിരുനാൾ പ്രദക്ഷിണം നടക്കും. രാത്രി എട്ടിന് വിഖ്യാതമായ അതിരമ്പുഴ വെടിക്കെട്ട്.
22 വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ സംവഹിക്കപ്പെടുന്ന വർണശബളവും ഭക്തിനിർഭരവുമായ തിരുനാൾ പ്രദക്ഷിണം വൈകുന്നേരം 5.30ന് ആരംഭിക്കും. വലിയപള്ളിയിൽനിന്ന് ആരംഭിക്കുന്ന പ്രദക്ഷിണത്തിന്റെ ഏറ്റവും മുന്നിൽ ഉണ്ണീശോയുടെയും ഏറ്റവും പിന്നിൽ വിശുദ്ധ സെബസ്ത്യാനോസിൻ്റെയും തിരുസ്വരൂപങ്ങൾ സംവഹിക്കപ്പെടും.
101 പൊൻകുരിശുകൾക്കു പിന്നിൽ കൊടികളും അകമ്പടിക്കൂട്ടങ്ങളായ ചുരുട്ടികൾ, തഴക്കുടകൾ, തിരുസ്വരൂപങ്ങൾക്കു മുമ്പിൽ ആലവട്ടങ്ങൾ, വെഞ്ചാമരങ്ങൾ, നൂറുകണക്കിന് മുത്തുക്കുടകൾ എന്നിവയും അണിനിരക്കും.
വലിയപള്ളിയിൽനിന്ന് ആരംഭിച്ച് ചെറിയപള്ളിക്കു വലംവച്ച് തിരികെയെത്തി വലിയപള്ളിക്കും വലംവച്ചാണ് പ്രദക്ഷിണം സമാപിക്കുന്നത്. വിശുദ്ധരോടുള്ള പ്രാർഥനാഗീതങ്ങളാൽ മുഖരിതമായ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ആയിരങ്ങൾ പ്രദക്ഷിണത്തെ അനുധാവനം ചെയ്യും.
ആവേശം ചോരാതെ വെടിക്കെട്ട്
രാത്രി എട്ടിന് വിഖ്യാതമായ വെടിക്കെട്ട് ആരംഭിക്കും. അതിരമ്പുഴ വെടിക്കെട്ടിന് തൃശൂർ പൂരത്തിന്റെ തൊട്ടടുത്ത സ്ഥാനം കല്പിക്കപ്പെട്ടിരുന്നു. അതിനനുസൃതമായ സുരക്ഷാ ക്രമീകരണങ്ങളും അന്നു മുതലേ ഉണ്ട്. കർക്കശമായ നിയമംമൂലം വെടിക്കെട്ടിന്റെ പൊലിമയും ഗാംഭീര്യവും മങ്ങിയെങ്കിലും ഇന്നും ജനത്തിന് അതിരമ്പുഴ വെടിക്കെട്ട് രക്തത്തിലലിഞ്ഞ വികാരം തന്നെയാണ്. ദൂരദേശങ്ങളിൽനിന്നു പോലും അനേകായിരങ്ങൾ വെടിക്കെട്ടു കാണാനെത്തും.