ഭിന്നശേഷി കുട്ടികൾക്കായി ബ്ലോക്ക് പഞ്ചായത്തിന്റെ സമന്വയ മൾട്ടി സെൻസറി പാർക്ക്
1467283
Thursday, November 7, 2024 7:29 AM IST
കുറവിലങ്ങാട്: ഭിന്നശേഷി കുട്ടികൾക്കായി ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മൾട്ടി സെൻസറി - സമന്വയ പാർക്ക് ഒരുക്കുന്നു. എംസി റോഡരികിൽ പട്ടിത്താനത്തുള്ള ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥലത്താണ് സമന്വയ നിർമാണം പുരോഗമിക്കുന്നത്.
സംസ്ഥാന സാമൂഹികനീതി വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ്, വിദ്യാഭ്യാസ വകുപ്പിന്റെ ബിആർസിയുടെയും സഹകരണത്തോടെയാണ് പദ്ധതി. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള അങ്കണവാടി വർക്കർമാർവഴി നടത്തിയ സർവേയിലൂടെ കണ്ടെത്തിയ കുട്ടികളുടെ ഏർലി ഇന്റർവെൻഷൻ ക്യാമ്പ് ഒൻപതിന് ബ്ലോക്ക് പഞ്ചായത്ത് ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും.
പരിശീലനത്തിനുള്ള സ്പീച്ച് ലാംഗ്വേജ് പാതോളജിസ്റ്റ്, സോഷ്യൽവർക്കർ എന്നിവരെ നിയമിക്കും. സ്കൂൾതലം മുതലുള്ള കുട്ടികൾക്കുള്ള പരിശീലനവും പരിചരണവും ഏറ്റെടുത്തു നടത്തുന്നത് ബിആർസിയുടെ നേതൃത്വത്തിലാണ്.
മൾട്ടി സെൻസറി പാർക്കിന്റെ പ്രവർത്തനം ഈ മാസം ആരംഭിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യൻ, വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കൊച്ചുറാണി സെബാസ്റ്റ്യൻ, സെക്രട്ടറി ജോഷി ജോസഫ് എന്നിവർ അറിയിച്ചു.