യുവതിക്കു നേരേ നടുറോഡിൽ ആക്രമണം
1467029
Wednesday, November 6, 2024 6:56 AM IST
കറുകച്ചാൽ: നടുറോഡിൽ യുവതിക്കു നേരേ ആക്രമണം. കറുകച്ചാൽ ടൗണിൽ ഇന്നലെ രാവിലെ 10നാണ് സംഭവം. പാമ്പാടി സ്വദേശിനിക്കു നേരേയാണ് ആക്രമണമുണ്ടായത്. നെടുംകുന്നം സ്വദേശിയാണ് യുവതിയെ ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ യുവതിയുടെ മൂക്കിലൂടെയും വായിലൂടെയും രക്തമൊഴുകി.
കറുകച്ചാൽ-മണിമല റോഡിൽ ആയുർവേദ മരുന്നുകടയ്ക്കു സമീപമായിരുന്നു സംഭവം. കൂട്ടുകാരിയുമൊത്ത് നടന്നുവരുമ്പോൾ യുവതിയെ ഇയാൾ ആക്രമിക്കുകയായിരുന്നു. സമീപത്തുള്ള വ്യാപാരികൾ യുവതിയെ കറുകച്ചാൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു ചികിത്സ നൽകി. കറുകച്ചാൽ പോലീസെത്തി അക്രമിയെ പിടികൂടി. എന്നാൽ, യുവതിക്ക് പരാതിയില്ലാത്തതിനാൽ കേസ് എടുത്തിട്ടില്ലെന്നു പോലീസ് പറഞ്ഞു.
മയക്കുമരുന്നിന് അടിമയായി ടൗണിൽക്കൂടി അലഞ്ഞുനടക്കുന്ന ഇയാൾ സ്ഥിരം ശല്യക്കാരനാണെന്ന് വ്യാപാരികളും നാട്ടുകാരും പറയുന്നു. ഇയാളെ വെറുതേവിട്ട പോലീസിന്റെ നടപടിയിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്.