കുറുക്കന്മാരുടെ ശല്യം രൂക്ഷം; വളർത്തുനായ്ക്കൾക്കും യുവാവിനും കടിയേറ്റു
1453118
Friday, September 13, 2024 11:50 PM IST
എരുമേലി: കൃഷിനിലച്ച് കാടുകൾ നിറഞ്ഞ തോട്ടങ്ങളും പറമ്പുകളും താവളമാക്കി കൂട്ടത്തോടെ കുറുക്കന്മാർ. ചേനപ്പാടി, പാതിപ്പാറ, കരിമ്പൻമാവ് പ്രദേശങ്ങളിലാണ് കുറുക്കന്മാരുടെ ശല്യം വർധിച്ചിരിക്കുന്നത്. വീട്ടിൽനിന്നു റോഡിലേക്കിറങ്ങി നടക്കുന്നതിനിടെ യുവാവിനെ ഓടിച്ചിട്ട് കുറുക്കൻ കടിച്ചു.
പരിസര പ്രദേശങ്ങളിലെ വീടുകളിൽ കൂട്ടത്തോടെ എത്തിയ കുറുക്കന്മാർ കൂടുകളിൽ കഴിഞ്ഞ വളർത്തുനായ്ക്കളെയും ആക്രമിച്ചു. വടക്കേപ്പറമ്പിൽ ഷമീറി (24) നാണ് കുറുക്കന്റെ ആക്രമണത്തിൽ കാൽപ്പാദത്തിൽ കടിയേറ്റത്. കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ഷമീറിന് പ്രതിരോധ കുത്തിവയ്പ് നൽകി.
കുറുക്കന്മാരുടെ ആക്രമണത്തിൽ കടിയേറ്റ ഒരു വളർത്തുനായയുടെ നില ഗുരുതരമാണ്. പേ വിഷ ബാധ ഏറ്റിട്ടുണ്ടോ എന്ന് സംശയമുണ്ട്. ഇതിന്റെ ലക്ഷണങ്ങൾ വളർത്തുനായയിൽ പ്രകടമായിട്ടുണ്ടെന്നാണ് നാട്ടുകാർ സംശയം പറയുന്നത്. ഇലന്തൂർ ഡെന്നീസ്, പതിനാലിൽപറമ്പിൽ കുഞ്ഞമ്മ, വേനക്കുഴി തങ്കമ്മ എന്നിവരുടെ വളർത്തുനായ്ക്കൾക്കാണു കുറുക്കന്റെ കടിയേറ്റത്.
സംഭവം പഞ്ചായത്ത് പ്രസിഡന്റ് ജിജിമോൾ സജിയെ അറിയിച്ചെന്നും അടിയന്തര പരിഹാര നടപടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും വാർഡ് അംഗം പി.കെ. തുളസി പറഞ്ഞു. വിജനമായ പറമ്പുകളിലാണ് കുറുക്കന്മാർ താവളമാക്കിയിരിക്കുന്നതെന്നും കാടുകൾ വെട്ടിമാറ്റണമെന്ന് പറമ്പ് ഉടമസ്ഥർക്ക് നോട്ടീസ് നൽകി അറിയിക്കുന്നതിന് പഞ്ചായത്ത് പ്രസിഡന്റുമായി ബന്ധപ്പെട്ടെന്നും വാർഡ് അംഗം പറഞ്ഞു.