അധികൃതര്‍ കാണാതെ പോകരുത് : പെരുന്ന ബസ് സ്റ്റാന്‍ഡിലൂടെ ഇതരവാഹനങ്ങള്‍; യാത്രക്കാര്‍ക്ക് ഭീഷണി
1452793
Thursday, September 12, 2024 7:12 AM IST
ചങ്ങനാശേരി: പെരുന്ന ബസ് സ്റ്റാന്‍ഡിലൂടെ ഓട്ടോറിക്ഷകളും സ്കൂട്ടറുകളും മിനിവാനുകളും ഓടുന്നത് യാത്രക്കാര്‍ക്കു ഭീഷണിയാകുന്നു. കവിയൂര്‍ റോഡില്‍നിന്നു സ്വകാര്യബസുകള്‍ സ്റ്റാന്‍ഡിലേക്കു കയറുന്ന റോഡിലൂടെ ബസ് സ്റ്റാന്‍ഡിനുള്ളിൽ പ്രവേശിച്ച് മുമ്പിലുള്ള എംസി റോഡിലേക്കും തിരിച്ചും ഇതരവാഹനങ്ങള്‍ സഞ്ചരിക്കുകയാണ്.
സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസി ബസുകളും യാത്രക്കാരെ കയറ്റിയിറക്കാനും പാര്‍ക്കുചെയ്യാനും ഇടമില്ലാതെ ദുരിതപ്പെടുമ്പോഴാണ് ഇതര വാഹനങ്ങള്‍ അനധികൃതമായി സ്റ്റാന്‍ഡിലൂടെ സര്‍വീസ് നടത്തുന്നത്.
സ്റ്റാന്‍ഡില്‍ പ്രവേശിക്കുന്ന സ്വകാര്യബസുകളില്നിന്നു വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ ഇറങ്ങുമ്പോള്‍ അമിതവേഗത്തിലെത്തുന്ന ഇതര വാഹനങ്ങള്‍ അപകടങ്ങള്‍ സൃഷ്ടിക്കാനിടയുണ്ടെന്നാണ് യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. മുന്‍കാലങ്ങളില്‍ ബസ് സ്റ്റാന്‍ഡിലൂടെ അനധികൃതമായി സഞ്ചരിച്ച വാഹനങ്ങള്‍ക്കെതിരേ നഗരസഭയുടെ നിര്‍ദേശപ്രകാരം പോലീസ് കര്‍ശന നടപടികള്‍ സ്വീകരിച്ചിരുന്നു.
ഇപ്പോള്‍ ഇക്കാര്യത്തില്‍ നഗരസഭയും പോലീസും മൃദുസമീപനം സ്വീകരിച്ചതോടെയാണ് ബസ് സ്റ്റാന്‍ഡിലൂടെ ഇതര വാഹനങ്ങള്‍ പ്രവേശിച്ചു തുടങ്ങിയത്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അപകടങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും യാത്രക്കാര്‍ പറഞ്ഞു.