ഗ്രന്ഥശാലാ പ്രസ്ഥാനം ഉണർന്നു പ്രവർത്തിക്കണം: രമേശ് ചെന്നിത്തല
1546366
Monday, April 28, 2025 11:39 PM IST
ഹരിപ്പാട്: നന്മയുടെ പ്രതീകങ്ങളാകേണ്ട നമ്മുടെ യുവജന സമൂഹത്തെ നേരായ വഴിയിലൂടെ മുന്നോട്ട് സഞ്ചരിക്കാൻ വേണ്ട കരുത്തുനൽകുവാൻ കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനം പ്രതിജ്ഞാബദ്ധമാണെന്ന് രമേശ് ചെന്നിത്തല എംഎൽഎ പറഞ്ഞു.
കേരളത്തിൽ ആകമാനം ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഒരാൾ എന്നനിലയിൽ തനിക്കു ബോധ്യമായ ഒരുകാര്യം ധാരാളം യുവാക്കൾ സഹകരിക്കാൻ തയാറാണെങ്കിലും ഇതിന്റെ നേതൃത്വം ഏറ്റെടുക്കുന്നവരുടെ നിലപാടുകൾ അവരെ പിന്നോട്ട് നയിക്കുന്നുവെന്നാണ്. അവിടെ ഗ്രന്ഥശാലാ പ്രസ്ഥാനം പോലെയുള്ള സുസമ്മത സംഘടനകൾ ഇതിന്റെ നേതൃത്വം ഏറ്റെടുത്താൽ നമുക്ക് വലിയ നേട്ടം കൈവരിക്കുവാൻ കഴിയുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ചിങ്ങോലി യുവജനസമാജം ഗ്രന്ഥശാല ബാലവേദിയുടെ നേതൃത്വത്തിലുള്ള കളിമുറ്റം അവധിക്കാല പഠനക്കളരി ഉദ്ഘാടന ചെയ്യുകയായിരുന്നു അദ്ദേഹം.
ഗ്രന്ഥശാലാ പ്രസിഡന്റ് മുഞ്ഞിനാട്ട് രാമചന്ദ്രൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ജോൺ തോമസ്, ഗ്രന്ഥശാലാ സെക്രട്ടറി എം.എ. കലാം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. സജിനി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനീഷ് എസ്. ചേപ്പാട്, കെ. ശ്രീകുമാർ, അഡ്വ.വി. ഷുക്കൂർ, അഡ്വ.ആർ. കിരൺകുമാർ, അരവിന്ദ് പെല്ലത്ത്, ടി. ചന്ദ്രൻ, എസ്. ആനന്ദവല്ലി, പി.കെ. പദ്മാകരൻ, എസ്. സോമൻപിള്ള എന്നിവർ പ്രസംഗിച്ചു.