പാതിരാമണൽ ദ്വീപ് വികസനം: മന്ത്രി ഗണേഷ്കുമാർ സന്ദർശിക്കും
1546067
Sunday, April 27, 2025 11:33 PM IST
മുഹമ്മ: പാതിരാമണല്‍ ദ്വീപ് വികസനവുമായി ബന്ധപ്പെട്ട് ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി വി. നായര്‍ പാതിരാമണല്‍ സന്ദര്‍ശിച്ചു. പാതിരാമണലിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്തിന് പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. ആലപ്പുഴയില്‍നിന്നു കുട്ടനാട് ചുറ്റി പാതിരാമണലിലൂടെ പോകുന്നതിനായി ജലഗതാഗത വകുപ്പിന്റെ കുട്ടനാട് സഫാരി ബോട്ട് പുതുതായി ആരംഭിക്കുമെന്നും മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ അടുത്ത ദിവസം പാതിരാമണല്‍ സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അനന്തമായ സാധ്യതകളാണ് പാതിരാമണലുമായി ബന്ധപ്പെടുള്ളത്. ആലപ്പുഴ ജില്ലയ്ക്കും ജലഗതാഗത വകുപ്പിനും ഏറെ നേട്ടം ഇപ്പോഴുണ്ട്. ഇതിനാല്‍ കൂടുതല്‍ വികസന പദ്ധതികളാണ് മുഹമ്മ പഞ്ചായത്തും ജലഗതാഗത വകുപ്പും ചേര്‍ന്ന് ആസൂത്രണം ചെയ്യുന്നത്. പ്രകൃതിഭംഗി നിലനിര്‍ത്തി കൂടുതല്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനാണ് പദ്ധതി. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണ് മുന്‍തൂക്കം.
ആലപ്പുഴയില്‍നിന്നുള്ള വേഗ, സി- കുട്ടനാട് ബോട്ടുകളുടെ കളക്ഷന്‍ കഴിഞ്ഞ വര്‍ഷം മൂന്ന് കോടി രൂപയാണ്. മുഹമ്മ ജെട്ടിയില്‍നിന്നു സ്പെഷല്‍ ബോട്ട് സര്‍വീസ് വഴി 10 ലക്ഷം രൂപ വേറേയും ലഭിച്ചു.
ആലപ്പുഴയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാനായാണ് പുതിയ കുട്ടനാട് സഫാരി ബോട്ട് ആരംഭിക്കുന്നത്. പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ കോട്ടയം ജില്ലയിലെയും ആലപ്പുഴ ജില്ലയിലെയും ടൂറിസം മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് ഉണ്ടാകുമെന്നും ടൂറിസം മേഖലയില്‍ കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ ഉണ്ടാകുമെന്നും ജലഗതാഗത വകുപ്പ് ഡയറക്ടര്‍ പറഞ്ഞു.
കൂടാതെ കോട്ടയം, മുഹമ്മ ജെട്ടികളില്നിന്നും പാതിരാമണല്‍ ദ്വീപ് , തണ്ണീര്‍മുക്കം ബണ്ട്, കുമരകം വഴി പുതിയ ടുറിസം ബോട്ട് സര്‍വീസ് ആരംഭിക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു. മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു, വൈസ് പ്രസിഡന്റ് എന്‍.ടി. റെജി, പഞ്ചായത്ത് അംഗം നസീമ, സെക്രട്ടറി മഹീധരന്‍, ജല ഗതാഗത വകുപ്പ് ഫിനാന്‍സ് ഓഫീസര്‍ പി. മനോജ്, മെക്കാനിക്കല്‍ എന്‍ജിനിയര്‍ എം.വി. അരുണ്‍, ട്രാഫിക് സൂപ്രണ്ട് എം. സുജിത്, സീനിയര്‍ സൂപ്രണ്ട് സിനി, മുഹമ്മ സ്റ്റേഷന് മാസ്റ്റര്‍ ഷാനവാസ് ഖാന്, പ്രോജക്ട് കോണ്‍സള്‍ട്ട് നവീന്‍, പ്രവീണ്‍ എന്നിവര്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.