വോളിബോള്‍ സ്റ്റേഡിയവും അക്രലിറ്റിക് കോര്‍ട്ടും ഉദ്ഘാടനം
1546356
Monday, April 28, 2025 11:39 PM IST
ചേര്‍ത്തല: വയലാര്‍ ഗ്രാമത്തില്‍ പുതുതലമുറയുടെ കായിക മികവിനായി പ്രവര്‍ത്തിക്കുന്ന വയലാര്‍ പിആര്സിയില് അന്താരാഷ്ട്ര മികവില്‍ സൗകര്യങ്ങളാകുന്നു. പുതുതായി നിര്‍മിച്ച മേല്‍ക്കൂരയുള്ള വോളിബോള്‍ സ്റ്റേഡിയവും അക്രലിക് വോളീബോള്‍ കോര്‍ട്ടും ഒന്നിനു തുറക്കും. പരിശീലനം തേടിയെത്തുന്ന കുട്ടികള്‍ക്ക് മഴഭീഷണിയില്‍ വര്‍ഷത്തില്‍ ആറുമാസവും പരിശീലനം മുടങ്ങുന്ന സ്ഥിതിയാണ്.
ഈ സാഹചര്യത്തിലാണ് സ്ഥിരം മേല്‍ക്കൂരയ്ക്കായി ശ്രമങ്ങള്‍ നടത്തിയതെന്ന് സംഘാടകസമിതി ചെയര്മാന് കെ.പി. നടരാജന്, കണ്‍വീനര്‍ എ.കെ. അജയകുമാര്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ യു.ജി. ഉണ്ണി, പി.എസ്. മുരളീധരന് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മുന്‍കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നുള്ള 45 ലക്ഷം രൂപ വിനിയോഗിച്ചാണ് അന്താരാഷ്ട്ര മാനദണ്ഡപ്രകാരമുള്ള മേല്‍ക്കൂരയുള്ള വോളീബോള്‍ സ്റ്റേഡിയം ഒരുക്കിയത്.
സ്പോര്‍ട്സ് കേരള ഫൗണ്ടേഷനാണ് അക്രലിക് വോളിബോള്‍ കോര്‍ട്ടിനായി 25 ലക്ഷം അനുവദിച്ചത്. മെയ് ഒന്നിനു വൈകുന്നേരം അഞ്ചിനു പിആര്‍സി മൈതാനിയില്‍ നടക്കുന്ന സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. മുന്‍ കേന്ദ്രമന്ത്രി വയലാര്രവി സ്റ്റേഡിയവും മന്ത്രി സജി ചെറിയാന് അക്രലിക് കോര്‍ട്ടും ഉദ്ഘാടനം ചെയ്യും. കെ.സി. വേണുഗോപാല്‍ എംപി മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തിനുശേഷം ഏഴിന് ബിപിസിഎല്‍ കൊച്ചിയും കെഎസ്ഇബി തിരുവനന്തപുരവും തമ്മിലുള്ള പ്രദര്‍ശന മത്സരം.