നീലക്കുറിഞ്ഞി ക്വിസ്: മുതുകുളം ബ്ലോക്ക്തല വിജയികളെ കണ്ടെത്തി
1546070
Sunday, April 27, 2025 11:33 PM IST
ഹരിപ്പാട്: ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജൈവവൈവിധ്യ പഠനോത്സവത്തിന്റെ ഭാഗമായി നടന്ന നീലക്കുറിഞ്ഞി ക്വിസ് മത്സരത്തിന്റെ മുതുകുളം ബ്ലോക്ക്തല വിജയികളെ തെരഞ്ഞെടുത്തു. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന മത്സരത്തിൽ 32 കുട്ടികൾ പങ്കെടുത്തു. മത്സരത്തിൽ വിഷ്ണു നമ്പൂതിരി, എസ്. ശാരിക, എസ്. ഹരിനാരായണൻ, ഡി. വിവേക് എന്നിവർ ഒന്ന്, രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങൾ നേടി.
മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി. അംബുജാക്ഷി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മുതുകുളം ജോയിന്റ് ബിഡിഒ മുഹമ്മദ് ഇസ്മയിൽ, ക്വിസ് മാസ്റ്റർ സി.കെ. ഉണ്ണിത്താൻ, ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ അശ്വതി കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. ഇടുക്കി അടിമാലിയിൽ നീലക്കുറിഞ്ഞി ജൈവവൈവിധ്യവിജ്ഞാനകേന്ദ്രത്തിന്റെ കമ്യൂണിറ്റിതല പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പഠനോത്സവത്തിൽ പങ്കെടുക്കുന്നതിന് വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നതിനായാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. 29ന് ജില്ലാതല ക്വിസ് മത്സരം നടക്കും.
ജില്ലാതല വിജയികളെ പങ്കെടുപ്പിച്ച് മേയ്16,17,18 തീയതികളിൽഅടിമാലിയിലും മൂന്നാറിലുമായി പഠനോത്സവ ക്യാമ്പ് നടക്കും. 7, 8, 9 ക്ലാസുകളിലെവിദ്യാർഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. പരിസ്ഥിതി, ജൈവവൈവിധ്യം എന്നീ വിഷയങ്ങളെ മുൻനിർത്തിയായിരുന്നു ക്വിസ് മത്സരം.