ചെങ്ങന്നൂരിലെ ഗതാഗതക്കുരുക്കിനു പരിഹാരം; പരിഷ്കാരങ്ങള്‍ മേയ് ഏഴുമുതല്‍
1546077
Sunday, April 27, 2025 11:33 PM IST
ചെങ്ങന്നൂര്‍: ഗതാഗതക്കുരുക്ക് മൂലം ചെങ്ങന്നൂര്‍ നഗരവാസികള്‍ അനുഭവിക്കുന്ന ദുരിതം ചെറുതൊന്നുമല്ല. കാലങ്ങളായി ഈ ദുരിതവും പേറിയാണ് ഇവര്‍ ജീവിക്കുന്നത്. ഇക്കാര്യം പരിഹരിക്കുന്നതില്‍ ഭരണാധികാരികളും തയാറായിരുന്നില്ല. എന്തായാലും നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി നടപ്പാക്കുന്ന ഗതാഗത പരിഷ്കാരം മേയ് ഏഴു മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന വിവരം.
മന്ത്രി സജി ചെറിയാന്റെ നിര്‍ദേശപ്രകാരം ചെങ്ങന്നൂര്‍ ടൗണില്‍ വാഹനങ്ങളുടെ പാര്‍ക്കിംഗ്, സ്വകാര്യ ബസുകളുടെ സ്റ്റോപ്പ്, ഓട്ടോറിക്ഷാ സ്റ്റാന്‍ഡുകളുടെ മാറ്റം എന്നിവ നടപ്പാക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
മന്ത്രിയുടെ അധ്യക്ഷതയില്‍ ഓട്ടോറിക്ഷാ തൊഴിലാളികളുമായും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ്, വ്യാപാരി വ്യവസായി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചകളുടെയും അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിലാണ് പരിഷ്കാരം നടപ്പിലാക്കാന്‍ ഇപ്പോള്‍ അധികൃതര്‍ തയാറായിരിക്കുന്നത്.
ജോയിന്റ് ആര്‍ടിഒ ആര്. പ്രസാദ്, എഎംവിഐമാരായ എം.ശ്യാംകുമാര്‍, വിശാഖ് ബി.എസ്.പിള്ള, ട്രാഫിക് എസ്ഐ ടി.എ. അബ്ദുല്‍ സത്താര്‍, പിഡബ്ല്യുഡി അസി. എന്‍ജിനിയര്‍ എം.എസ്. സച്ചിന് എന്നിവരുടെ നേതൃത്വത്തിലാണ് പരിഷ്കാരം നടപ്പിലാക്കുന്നത്.
നഗരത്തില്‍ ഏറ്റവുമധികം ഗതാഗതക്കുരുക്കും വാഹനത്തിരക്കും അനുഭവപ്പെടുന്നത് എംസി റോഡിലാണ്. ഇവിടെ കാറുകള്‍ ഉള്‍പ്പെടെയുള്ള ചെറുവാഹനങ്ങള്‍ കല്ലിശേരി-മംഗലം-മുളക്കുഴ സെഞ്ച്വറി ജംഗ്ഷന്‍വഴി എംസി റോഡുമായി ബന്ധിപ്പിക്കുന്ന ബൈപാസ് റോഡുവഴി പോകണമെന്നതാണ് പുതിയ പരിഷ്കാരം.
ബൈപാസ് റോഡിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കി പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ഭാരമുള്ള വലിയ വാഹനങ്ങള്‍ എംസി റോഡുവഴിയും കടന്നു പോകണം. ബൈപാസ് ഫേസ് 1 എന്നു സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ എംസി റോഡില്‍ ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു. ബൈപാസ് റോഡിലും ബോര്‍ഡുകള്‍ സ്ഥാപിച്ചു.
പ്രധാന തീരുമാനങ്ങള്‍
എംസി റോഡില്‍ ഗവ. ആശുപത്രി ജംഗ്ഷനില്‍ ബസ്ബേയില്‍ ഓട്ടോ സ്റ്റാന്‍ഡ് പാടില്ല.
4മാമ്മന്‍ മെമ്മോറിയല്‍ ആശുപത്രിക്ക് എതിര്‍വശമുള്ള ഓട്ടോ സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷകള്‍ സൈനിക് റെസ്റ്റ് ഹൗസിന്റെ ഗേറ്റ് കഴിഞ്ഞു പിന്നിലേക്കു നീക്കി പാര്‍ക്ക് ചെയ്യണം. ഇവിടെ നിലവിലുള്ള കാത്തിരിപ്പു കേന്ദ്രത്തിനോടുചേര്ന്ന് ഓട്ടോ സ്റ്റാന്‍ഡ് പ്രവര്‍ത്തിക്കാന്‍ പാടില്ല.
വെള്ളാവൂര്‍ ജംഗ്ഷനില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുന്നില്‍ ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യുവാന്‍ പാടുള്ളതല്ല. ഈ ഭാഗം ബസ് ബേ ആയി ഉപയോഗിക്കണം.
കല്ലിശേരി ജംഗ്ഷനില്‍ ഓതറ റോഡില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ഓട്ടോറിക്ഷകള്‍ പടിഞ്ഞാറു ഭാഗത്തു കടവിലേക്കുള്ള പഴയ റോഡിലേക്ക് മാറ്റി പാര്‍ക്ക് ചെയ്യണം.
മുനിസിപ്പല്‍ പെര്‍മിറ്റുള്ള ഓട്ടോറിക്ഷകള്‍ മാത്രം ടൗണില്‍ പെര്‍മിറ്റ് അനുവദിച്ചിട്ടുള്ള സ്റ്റാന്‍ഡില്‍ ഓടണം.
സര്‍വീസിനായി ഒറ്റതിരിഞ്ഞ് ഓട്ടോറിക്ഷകള്‍ ടൗണില്‍ പാര്‍ക്ക് ചെയ്യാതിരിക്കുക.
തിരുവല്ല ഭാഗത്തുനിന്നു വരുന്ന ബസുകള്‍ എച്ച്പി പമ്പിന് എതിര്‍വശത്തു നിര്‍ത്തുന്നതു മൂലം വെള്ളാവൂര്‍ ജംഗ്ഷനില്‍ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നതിനാല്‍ ബസുകള്‍ നവരത്ന ഹോട്ടലിന് സമീപത്തേക്കു മാറ്റി നിര്‍ത്തണം.
ചെങ്ങന്നൂര്‍ ടൗണില്‍ രാത്രി സര്‍വീസിനു ടൗണ്‍ പെര്‍മിറ്റുള്ള ഓട്ടോറിക്ഷകള്‍ മാത്രമേ പാടുള്ളൂ.
ബസ്ബേ ഉള്ളിടത്തു മാത്രം ബസുകള്‍ നിര്‍ത്തുക .
എല്ലാ സ്വകാര്യ ബസുകളും സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ പ്രവേശിക്കണം.
നന്ദാവനം ജംഗ്ഷനില്‍ സ്വകാര്യ ബസുകള്‍ യാത്രക്കാരെ കയറ്റി ഇറക്കുന്നതിനല്ലാതെ കൂടുതല്‍ സമയം നിര്‍ത്തിയിടുന്നത് ഴിവാക്കണം.
നന്മ മാര്‍ക്കറ്റ് ജംഗ്ഷനിലുള്ള ബസ് ബേയില്‍ മാത്രം ബസുകള്‍ നിര്‍ത്തണം.
എംസി റോഡില്‍ ടൗണിലെ കിഴക്കു ഭാഗത്തു പാര്‍ക്കിംഗ് പാടില്ല.
നന്മ ടൗണില്‍ വാഹനത്തിനുള്ളിലോ അല്ലാതെയോ ഉള്ള വഴിയോരക്കച്ചവടം പാടില്ല .
മാര്‍ക്കറ്റില്‍ നടപ്പാത കയ്യേറിയുള്ള കച്ചവടം പാടില്ല.
ബഥേല്‍ ജംഗ്ഷന് മുതല്‍ ത്രിവേണിവരെ വണ്‍വേ ആയിരിക്കും.
ബഥേല്‍ ജംഗ്ഷനില്‍ തിരുവല്ല ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ വലതു വശത്തേക്ക് തിരിഞ്ഞു പോകുന്നത് ഒഴിവാക്കണം.
ട്രെയിന്‍/ബസ് യാത്രക്കാരുടെ വാഹനങ്ങള്‍ ടൗണില്‍ പൊതുസ്ഥലത്തു പാര്‍ക്ക് ചെയ്യാന്‍ പാടില്ല.
ചെങ്ങന്നൂര്‍ നഗരത്തില്‍ നിലവിലുള്ള വണ്‍വേ സംവിധാനങ്ങള്‍ (ആല്‍ത്തറ ജംഗ്ഷന് മുതല്‍ നന്ദാവനം ജംഗ്ഷന് വരെയും ബഥേല്‍ ജംഗ്ഷന് മുതല്‍ ആല്‍ത്തറ ജംഗ്ഷന് വരെയും) കര്‍ശനമായി പാലിക്കണം.