പാപ്പാ നഗര്‍ പാപ്പായ്ക്ക് ഏകിയത് ഹൃദയത്തില്‍തൊട്ട യാത്രാമൊഴി
1546074
Sunday, April 27, 2025 11:33 PM IST
ആലപ്പുഴ: പാപ്പാ നഗര്‍ എന്ന പേരുവഹിക്കുന്ന ലോകത്തെതന്നെ അപൂര്‍വ നാടായ ആലപ്പുഴ കുതിരപ്പന്തിയിലെ പാപ്പാ നഗറില്‍ ജാതിമതഭേദമില്ലാതെ തങ്ങളുടെ ജനകീയ പാപ്പായുടെ ചിത്രവും വഹിച്ച് പ്രദക്ഷിണം നടത്തിയും പാപ്പായുടെ സ്നേഹസ്പര്‍ശങ്ങള്‍ ഓര്‍ത്തെടുത്തും ദീപം തെളിച്ചുമെല്ലാമാണ് ഫ്രാന്‍സിസ് പാപ്പായുടെ സാംസ്കാരദിന സായാഹ്നം ജനങ്ങള്‍ വ്യത്യസ്തമാക്കിയത്.
1986ല്‍ ജോണ്‍പോള്‍ രണ്ടാമന് മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിച്ചതിന്റെ ഓര്‍മയ്ക്കായി അന്ന് നാമകരണം ചെയ്തതാണ് കുതിരപ്പന്തിയിലെ പാപ്പാ നഗര്‍. ബസ്സ്റ്റോപ്പായി അംഗീകരിച്ചിട്ടുള്ള ഇവിടം ജാതിമത ഭേദമെന്യേ ഒരുമയോടെ പ്രവര്‍ത്തിക്കുന്ന ജനകീയ സാംസ്കാരികകേന്ദ്രംകൂടിയാണ്.
മെഴുകുതിരിപോലെ ഉരുകി ഉരുകി സഹജീവികള്‍ക്ക് പ്രകാശം പരത്താന്‍ പറഞ്ഞ പാപ്പായുടെ ചിത്രവും വഹിച്ച് മോണ്‍. റവ. ഡോ. ജോയ് പുത്തന്‍വീട്ടിലിന്റെ നേതൃത്വത്തില്‍ കത്തിച്ച മെഴുകുതിരികളുമായി വിലാപയാത്രയെ അനുസ്മരിപ്പിച്ച പ്രദക്ഷിണം പാപ്പാ നഗറില്‍ എത്തിച്ചേര്‍ന്നു.
തുടര്‍ന്നുനടന്ന സമ്മേളനത്തില്‍ എല്ലാ ജീവജാലങ്ങള്‍ക്കുമുള്ള പൊതുഭവനമാണ് ഭൂമി എന്ന ഫ്രാന്‍സിസ്പാപ്പായുടെ സന്ദേശം ഓര്‍മിപ്പിച്ചു കൊണ്ടുള്ളതായിരുന്നു വികാരി ജനറാൾ മോണ്‍. റവ. ഡോ. ജോയ് പുത്തന്‍വീട്ടിലിന്റെ ഉദ്ഘാടന പ്രസംഗം.
തെരുവോരങ്ങളിലെ സാധാരണക്കാരുടെ ജീവിതത്തെ കൂടുതല്‍ സ്നേഹിച്ച മിഷനറിയായ പാപ്പായെ അനുസ്മരിക്കുവാന്‍ പാപ്പാ നഗറിലെ തെരുവോരത്തുതന്നെ അനുസ്മരണം സംഘടിപ്പിക്കുന്നതിനുള്ള ഔചിത്യം മഹത്തരമാണെന്ന് ഫ്രാന്‍സിസ് പാപ്പായുടെ ആത്മകഥ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ സാഹിത്യകാരന് പി.ജെ.ജെ. ആന്റണി പറഞ്ഞു. ക്രൈസ്തവര്‍ മാത്രമല്ല എല്ലാ മതസ്ഥരും എന്നനിലയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ സ്നേഹിക്കുന്നതായി അമ്പലപ്പുഴ എസ്എന്‍ഡിപി യൂണിയന് കൗണ്‍സിലര്‍ പി.കെ. സോമന് പറഞ്ഞു.
ജോയി സാക്സിന്റെ നേതൃത്വത്തിലുള്ള സെന്‍ട്രല്‍ ക്വയര്‍ അംഗങ്ങളായ സിസ്റ്റര്‍ ലിന്‍ഡാ, എഡ്നാ, ടാനിയ, സെബാസ്റ്റ്യന്‍ റോബിന് എന്നിവര്‍ പേപ്പല്‍ ആന്തം ആലപിച്ചപ്പോള്‍ ജനങ്ങള്‍ പാപ്പായുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി അന്തിമോപചാരം അര്‍പ്പിച്ചു.
ജോയി സാക്സ്, ലിജി സെബാസ്റ്റ്യന്‍, മധു മധുരിമ, അജി, രാജീവ്, സിസ്റ്റര്‍ പുതേന്സിയ, സിസ്റ്റര്‍ അംബി, ഡെന്നി ആന്റണി, സെബാസ്റ്റ്യന്‍ കെ. സേവ്യര്‍, ജോസഫ്, ലീമ, ജാന്‍സി, ക്വീറ്റസ് വെളിയില്‍, ഉദയപ്പന്‍, എ.കെ. സെബാസ്റ്റ്യന്‍ ഫിലിപ്പ് തുടങ്ങിയവര്‍ പ്രാര്‍ഥനകള്‍ക്കു നേതൃത്വം നല്കി.