ചെങ്ങന്നൂർ മോട്ടോർ ഡ്രൈവിംഗ് സ്കൂൾ അസോ. ലഹരിവിരുദ്ധ പോരാട്ടത്തിന് ഒരുങ്ങുന്നു
1546079
Sunday, April 27, 2025 11:33 PM IST
ചെങ്ങന്നൂര്‍: യഥാര്‍ഥ്യങ്ങളില്‍ നിന്നൊളിച്ചോടി, ഉത്തരവാദിത്തങ്ങളില്നിന്നകന്ന് നാടിനും വീടിനും ഭാരമായി മാറുന്ന ഭ്രാന്തന് യുവത്വത്തെ സൃഷ്ടിക്കാന്‍ വെമ്പല്‍കൊള്ളുന്ന ലഹരിമാഫിയകള്‍ക്കും ദേശവിരുദ്ധ ശക്തികള്‍ക്കും ലാഭക്കൊതിയന്മാര്ക്കുമെതിരേ ഒരുമയുടെ പ്രതിരോധമുയര്‍ത്തുകയാണ് ചെങ്ങന്നൂരിലെ മോട്ടോര്‍ ഡ്രൈവിംഗ് സ്കൂള്‍ അസോസിയേഷന്. കേരളത്തിലെ മോട്ടോര്‍ ഡ്രൈവിംഗ് സ്കൂള്‍ ചരിത്രത്തില്‍ത്തന്നെ ആദ്യമായി ചെങ്ങന്നൂര്‍ മോട്ടോര്‍ ഡ്രൈവിംഗ് സ്കൂള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ പ്രതിജ്ഞയും ലഹരിവിരുദ്ധ സന്ദേശ വാഹനപ്രചാരണ യാത്രയും നടത്തും.
30ന് ഉച്ചകഴിഞ്ഞ് മൂന്നിന് ചെങ്ങന്നൂര്‍ സബ് ആര്‍ടി ഓഫീസ് അങ്കണത്തില്‍നിന്ന് വാഹന പ്രചാരണ സന്ദേശയാത്രയ്ക്ക് തുടക്കമാകും. ചെങ്ങന്നൂര്‍ ജോയിന്റ് ആര്‍ടിഒ ആര്. പ്രസാദ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും പതാക വീശി യാത്രയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്യും. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. അഭിലാഷ് ലഹരിവിരുദ്ധ സന്ദേശം നല്‍കും. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എം. ശ്യാംകുമാര്‍ പ്രസംഗിക്കും.
തുടര്‍ന്ന് കാരയ്ക്കാട്, പുത്തന്‍ കാവ്, ചെങ്ങന്നൂര്‍ ടൗണ്‍, കല്ലിശേരി, പ്രാവിന്കൂട്, തിരുവന്‍വണ്ടൂര്‍, പാണ്ടനാട്, മാന്നാര്‍, ബുധനൂര്‍, പുലിയൂര്,ചെറിയനാട് എന്നീ പ്രദേശങ്ങളിലൂടെ സന്ദേശവാഹനം സ ഞ്ചരിച്ച് കൊല്ലകടവില്‍ സമാപിക്കും. തുടര്‍ന്ന് വൈകിട്ട് 6ന് നടക്കുന്ന സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. സലിം ഉദ്ഘാടനം ചെയ്യും.
അറുപത് വാഹനങ്ങളിലായി നൂറില്‍പരം ആളുകള്‍ സന്ദേശയാത്രയില്‍ പങ്കെടുക്കുമെന്ന് മോട്ടോര്‍ ഡ്രൈവിംഗ് സ്കൂള്‍ അസോസിയേഷന് ചെങ്ങന്നൂര്‍ പ്രസിഡന്റ് സണ്ണി യോഹന്നാന്, വൈസ് പ്രസിഡന്റ് പി. സാബു, സെക്രട്ടറി സുനില്‍ ഡി. വള്ളിയില്‍, ജോയിന്റ് സെക്രട്ടറി പി.ജി. ജയലാല്‍, ട്രഷറര്‍ എസ്. സന്തോഷ് കുമാര്‍ എന്നിവര്‍ അറിയിച്ചു.