തീരദേശ പാതയിൽ ട്രെയിനുകൾ കുറവ്; യാത്രക്കാർ ദുരിതത്തിൽ
1546072
Sunday, April 27, 2025 11:33 PM IST
കായംകുളം: തീരദേശ പാതയില്‍ ആലപ്പുഴ വഴിയുള്ള ട്രെയിനുകളുടെ കുറവ് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. കോവിഡിനുശേഷം പാസഞ്ചര്‍ ട്രെയിന്‍ നിര്‍ത്തലാക്കിയതും ട്രെയിനുകളുടെ സ്റ്റോപ്പുകള്‍ വെട്ടിക്കുറച്ചതും ദുരിതത്തിന് കാരണമായി. ദേശീയപാതയില്‍ നിര്‍മാണം നടക്കുന്നതിനാല്‍ യാത്ര ദുഷ്കരമായതിനാല് യാത്രക്കാര്‍ കൂടുതലായും ട്രെയിനുകളിലാണ് യാത്രചെയ്യുന്നത്.
ഹരിപ്പാടുനിന്നു രാവിലെ 11.30നുള്ള നേത്രാവതി എക്സ്പ്രസ് പോയതിനുശേഷം അടുത്ത ട്രെയിന്‍ ഏഴു മണിക്കൂറിനുശേഷം വൈകിട്ട് 6.30നാണുള്ളത്. ഇതിനിടയില്‍ ഹരിപ്പാട്, അമ്പലപ്പുഴ സ്റ്റേഷനുകളില്‍ സ്റ്റോപ്പില്ലാത്ത നിരവധി ട്രെയിനുകള്‍ കടന്നുപോകുന്നുണ്ട്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ജാംനഗര്‍ എക്സ്പ്രസ്, വ്യാഴം ഗാന്ധിധാം ഹംസഫര്‍ എക്സ്പ്രസ്, വെള്ളി ഇന്‍ഡോര്‍ എക്സ്പ്രസ്, ഞായറാഴ്ച പോര്‍ബന്ധര്‍ എക്സ്പ്രസ് ഇങ്ങനെ അഞ്ചു ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2.45ന് കായംകുളം, ആലപ്പുഴവഴി എറണാകുളത്തേക്ക് ട്രെയിനുകള്‍ ഉണ്ട്. എന്നാല്‍ ഇവയ്ക്കൊന്നും ഹരിപ്പാട്, അമ്പലപ്പുഴ തുടങ്ങിയ സ്റ്റേഷനുകളില്‍ സ്റ്റോപ്പില്ല.
ചൊവ്വാഴ്ചകളില്‍ വൈകിട്ട് 3.45നുള്ള നിസാമുദീന്‍ സ്വര്‍ണജയന്തി എക്സ്പ്രസ്, വ്യാഴാഴ്ചകളില്‍ 4.13 നുള്ള നിസാമുദീന്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് എന്നിവയ്ക്കും കായംകുളം കഴിഞ്ഞാല്‍ പിന്നീട് സ്റ്റോപ്പ് ആലപ്പുഴയാണ്. കോവിഡിന് മുമ്പ് ഉച്ചയ്ക്ക് ഒന്നരയ്ക്ക് കായംകുളത്തുനിന്ന് ആരംഭിക്കുന്ന പാസഞ്ചര്‍ ട്രെയിന്‍ ഉണ്ടായിരുന്നു. ഇത് ഇപ്പോള്‍ നിര്‍ത്തലാക്കിയിരിക്കുകയാണ്.
ആലപ്പുഴയില്‍നിന്ന് ആരംഭിക്കുന്ന ആലപ്പുഴ ചെന്നൈ എക്സ്പ്രസ്, ആലപ്പുഴ കണ്ണൂര്‍ എക്സിക്യൂട്ടീവ് എന്നീ ട്രെയിനുകള്‍ക്ക് പോകണ്ട യാത്രക്കാര്‍ക്ക് എത്തിച്ചേരാനുള്ള ആശ്രയമായിരുന്നു പാസഞ്ചര്‍ ട്രെയിന്‍. എന്നാല്‍, ഇപ്പോള്‍ ഹരിപ്പാട്, അമ്പലപ്പുഴ ഉള്ള യാത്രക്കാര്‍ക്ക് നേരിട്ട് സ്റ്റേഷനില്‍ എത്തുകയേ മാര്‍ഗമുള്ളൂ. രാത്രിയിലെ അവസ്ഥയും ദയനീയമാണ്. രാത്രി 9.30ന് മാവേലി എക്സ്പ്രസ് ഹരിപ്പാടുനിന്നു പോയതിനുശേഷം പിന്നീട് എറണാകുളത്തേക്ക് പോകണമെങ്കില്‍ നേരിട്ടുള്ള ട്രെയിന്‍ രാവിലെ 5.30നുള്ള ഏറനാട് എക്സ്പ്രസ് ആണ്. അമ്പലപ്പുഴ സ്റ്റേഷന്റെയും അവസ്ഥ ഇതുതന്നെയാണ്. അതായത് എട്ടുമണിക്കൂറോളം സമയം ട്രെയിനുകള്‍ ഇല്ല.
എന്നാല്‍, ദിവസേന രാത്രി 2.30 ഓടെ ഇതുവഴി കടന്നുപോകുന്ന ചെന്നൈ ഗുരുവായൂര്‍ എക്സ്പ്രസ് ഉണ്ട്. ഹരിപ്പാടും അമ്പലപ്പുഴയും ഇതിന് കോവിഡിന് മുമ്പ് സ്റ്റോപ്പുകള്‍ ഉണ്ടായിരുന്നതാണ്. ഇത് പുനസ്ഥാപികയാണെങ്കില് പുലര്‍ച്ചെ എറണാകുളത്തുനിന്നു പോകുന്ന ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് എത്തേണ്ടവര്‍ക്ക് വലിയ സഹായമാകും. നിലവില്‍ രാത്രി 8ന് എറണാകുളത്തുനിന്നുള്ള മെമു കഴിഞ്ഞാല്‍ 1.50നുള്ള മാവേലി എക്സ്പ്രസാണുള്ളത്. ആറു മണിക്കൂറോളമാണ് ട്രെയിനുകള്‍ തമ്മിലുള്ള ഇടവേള.
അതുപോലെ എറണാകുളത്തുനിന്നു രാവിലെ 6.30 നുള്ള തിരുവനന്തപുരം ഇന്റര്‍സിറ്റിക്ക് ശേഷം ദിവസേന അടുത്ത ട്രെയിന്‍ 12.30നുള്ള നേത്രാവതിയാണ്. എന്നാല്‍ ഞായര്‍, ചൊവ്വ, ബുധന്‍, ശനി ദിവസങ്ങളില്‍ രാവിലെ 11ന് എറണാകുളത്തെത്തി അമ്പലപ്പുഴ, ഹരിപ്പാട് വഴി തിരുവനന്തപുരം പോകുന്ന ട്രെയിനുകള്‍ ഉണ്ട്. എന്നാല്‍ ഇവ മൂന്നും നാലും ദിവസങ്ങള്‍ ഓടിയാണ് എറണാകുളം എത്തുന്നത്. അതിനാല്‍തന്നെ പലപ്പോഴും മണിക്കൂറുകള്‍ വൈകിയാണ് ഇവയുടെ യാത്ര.
തീരദേശ പാതയിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍ ഏറെനേരവും ട്രെയിനുകള്‍ ഇല്ലാതെ വിജനമായി കിടക്കുകയാണ്. കൂടുതല്‍ ട്രെയിനുകള്‍ അനുവദിച്ചും സ്റ്റോപ്പുകള്‍ അനുവദിച്ചും യാത്രാദുരിതം ഒഴിവാക്കണമെന്നും പാത ഇരട്ടിപ്പിക്കല്‍ വേഗത്തല്‍ ആക്കണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.