എടത്വ പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി
1546073
Sunday, April 27, 2025 11:33 PM IST
എടത്വ: പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ എടത്വ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് തുടക്കം കുറിച്ച് കൊടിയേറി. ഇന്നലെ രാവിലെ 5.45ന് മധ്യസ്ഥ പ്രാര്‍ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന എന്നിവയ്ക്കുശേഷം എട്ടിന് പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി ഫൊറോനാ വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ കൊടി ആശീര്‍വദിച്ച് ഉയര്‍ത്തിയതോടെ എടത്വ തിരുനാള്‍ ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചു.
ദിവ്യബലിക്കുശേഷം പൊന്‍, വെള്ളി കുരിശുകളുടെയും മെഴുകുതിരികളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ വിശ്വാസസാഗരത്തെ സാക്ഷിയാക്കിയായിരുന്നു ആശീര്‍വദിച്ച കൊടി ഉയര്‍ത്തിയത്. പട്ടുനൂല്‍കൊണ്ട് പിരിച്ചെടുത്ത കയറില്‍ കൊടി മുകളിലേക്ക് ഉയര്‍ന്നതോടെ വിശുദ്ധ ഗീവര്ഗീസേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ എന്ന് ആയിരങ്ങളുടെ നാവില്‍നിന്ന് ഉയര്‍ന്ന തീക്ഷ്ണമായ പ്രാർഥനയുടെ നിറവില്‍ എടത്വ പെരുനാളിന് തുടക്കമായി. ഇനിയുള്ള നാളുകള്‍ പുണ്യഭൂമിയായ എടത്വ ലക്ഷക്കണക്കിന് തീര്‍ഥാടകരുടെ ആശാകേന്ദ്രമായിരിക്കും.
തിരുനാളില്‍ പങ്കെടുക്കാനായി തീര്‍ഥാടകര്‍ ശനിയാഴ്ച മുതലേതന്നെ പള്ളിയില്‍ എത്തിയിരുന്നു. തമിഴ്നാട്ടില്‍നിന്നുള്ള തീര്‍ഥാടകരാണ് ഏറെയും എത്തുന്നത്. പള്ളിയിലെ തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കാന്‍ കന്യാകുമാരി, രാജാക്കമംഗലം, മാര്‍ത്താണ്ഡം തുറക്കാര് പള്ളി പരിസരങ്ങളില്‍ തമ്പടിച്ചു തുടങ്ങി. തിരുനാള്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ഏലിയാസ് കരിക്കണ്ടത്തില്‍, അസിസ്റ്റന്റ് വികാരിമാരായ ഫാ. കുര്യന് പുത്തന്‍പുര, ഫാ. തോമസ് കാരക്കാട്, ഫാ. കുര്യാക്കോസ് പീടിയേക്കല്‍, ഫാ. സെബാസ്റ്റ്യന്‍ മഞ്ചേരിക്കളം, ഫാ. ജോസഫ് കാമിച്ചേരി, ഫാ. സെബാസ്റ്റ്യന്‍ മനയത്ത്, ഫാ. ജോസഫ് വെമ്പേനിക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
കൊടിക്കുന്നില്‍ സുരേഷ് എംപി, ജില്ലാ പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക്ക് രാജു എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. കൈക്കാരന്മാരായ പി.എസ്. ടോമിച്ചന് പറപ്പള്ളി, കെ.എം. ജയിംസ് കളത്തൂര്‍, വിന്‍സെന്റ് പഴയാറ്റില്‍, ജനറല്‍ കണ്‍വീനര്‍ തോമസ് ജോര്‍ജ് ആലപ്പാട്ട് പറത്തറ, പബ്ലിസിറ്റി കണ്‍വീനര്‍ സോജന് സെബാസ്റ്റ്യന്‍ കണ്ണന്തറ, ജോയിന്റ് കണ്‍വീനര്‍മാരായ റോബിന് ടി. കളങ്ങര, ജയിന് മാത്യു, സെക്രട്ടറി ആന്‍സി ജോസഫ് മുണ്ടകത്തില്‍, കണ്‍വീനര്‍മാരായ ജോണ്‍ ചാക്കോ വടക്കേറ്റം പുന്നപ്ര, റിന്‍സി ജോസഫ് കണ്ടത്തില്‍പറമ്പില്‍, സാം സഖറിയ വാതല്ലൂര്‍, ജയിംസുകുട്ടി കന്നേല്‍ തോട്ടുകടവില്‍, ചാക്കോ ആന്റണി പുത്തന്‍വീട്, ബിനോയി ഉലക്കപ്പാടില്‍, റ്റോം ജെ. കൂട്ടക്കര എന്നിവര്‍ നേതൃത്വം നല്കി.
മേയ് ഏഴുവരെ എല്ലാ ദിവസവും 4.30ന് തമിഴ് കുര്‍ബാന, 5.45ന്, 7.45ന്, 10ന്, വൈകുന്നേരം നാലിന്, ആറിന് മധ്യസ്ഥ പ്രാര്‍ഥന, ലദീഞ്ഞ്, കുര്‍ബാന, രാത്രി ഏഴിന് കുരിശടിയില്‍ മധ്യസ്ഥ പ്രാര്‍ഥന എന്നിവ നടക്കും. മേയ് മൂന്നിന് വിശുദ്ധന്റെ തിരുസ്വരൂപം പരസ്യവണക്കത്തിനായി ദേവാലയ കവാടത്തില്‍ പ്രതിഷ്ഠിക്കുന്നതോടെ തിരുനാളിന് തിരക്കേറും. പ്രധാന തിരുനാള്‍ മേയ് ഏഴിനാണ്. അന്ന് ഉച്ചകഴിഞ്ഞ് നാലിന് വിശുദ്ധന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള ചരിത്ര പ്രസിദ്ധമായ പ്രദക്ഷിണം പള്ളിക്കുചുറ്റും നടക്കും.
തിരുനാള്‍ ദിനത്തില്‍ പ്രദക്ഷണത്തിന് രൂപങ്ങള്‍ വഹിക്കുന്നതും നേതൃത്വം നല്‍കുന്നതും തമിഴ്നാട്ടില്‍നിന്നുള്ള ഭക്തജനങ്ങളാണ്. നൂറ്റാണ്ടുകളായി പരകോടി വിശ്വാസികളുടെ ജീവിതത്തിന് വഴിയും വെളിച്ചവുമായ വിശുദ്ധന്റെ തിരുസ്വരൂപം പരസ്യവണക്കത്തിനായി മേയ് മൂന്നിന് രാവിലെ ഒന്‍പതിന് ദേവാലയ കവാടത്തില്‍ പ്രതിഷ്ഠിക്കും. മെയ് 14ന് എട്ടാമിടം. അന്ന് ചെറിയ രൂപവും എഴുന്നെള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണം കുരിശടി ചുറ്റി പള്ളിയില്‍ മടങ്ങിയെത്തുന്നതോടെ കൊടിയിറക്കും. രാത്രി ഒന്‍പതിന് തിരുസ്വരൂപം നടയില്‍ പ്രതിഷ്ഠിക്കുന്നതോടെ തിരുനാള്‍ കാലത്തിന് സമാപനമാകും.
ഇത്തവണത്തെ തിരുനാളിന് പാലക്കാട് സുല്‍ത്താന്‍പേട്ട് രൂപത ബിഷപ് റവ. ഡോ. പീറ്റര്‍ അബീര്‍ അന്തോനിസ്വാമി, സീറോ മലബാര്‍ കുരിയാ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, തിരുവല്ല അതിരൂപത ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ്, തക്കല രൂപത മത്രാന്‍ മാര്‍ ജോര്‍ജ് രാജേന്ദ്രൻ, പാളയംകോട്ട് ബിഷപ് എമരിറ്റസ് റവ. ഡോ. ജൂഡ് പോള്‍ രാജ്, ചങ്ങനാശേരി അതിരൂപത ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം, തൂത്തുക്കുടി രൂപത ബിഷപ് റവ. ഡോ. സ്റ്റീഫന്‍ ആന്റണി പിള്ളൈ എന്നിവരുടെ സാന്നിധ്യമുണ്ടാകും.