അനധികൃത പാർക്കിംഗ്; കേസെടുത്ത എസ്ഐക്കും പോലീസുകാരനും ഉന്നത പോലീസുദ്യോഗസ്ഥന്റെ പീഡനം
1546075
Sunday, April 27, 2025 11:33 PM IST
അമ്പലപ്പുഴ: അനധികൃത പാർക്കിംഗിനെതിരേ കേസെടുത്ത എസ്ഐക്കും പോലീസുകാരനുമെതിരേ ഉന്നത പോലീസുദ്യോഗസ്ഥന്റെ പീഡനം. അമ്പലപ്പുഴ എസ്ഐ, സിവിൽ പോലീസ് ഓഫീസർ എന്നിവരെയാണ് പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലെ ഉന്നതോദ്യോഗസ്ഥനായ പൊലീസുകാരൻ മാനസികമായി പീഡിപ്പിക്കുന്നത്. വിഷുദിനം ഉച്ചയോടെ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് തെക്കേനടയിലായിരുന്നു സംഭവം.
ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് പുലർച്ചെ മുതൽ ഇവിടെ പോലീസ് ഗതാഗത നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ക്ഷേത്രത്തിന് തെക്കേനടയിലെ റോഡിൽ അനധികൃതമായി പാർക്ക് ചെയ്ത വാഹനമുടമയോട് കാർ മാറ്റാൻ ആവശ്യപ്പെട്ടു. വാഹനമുടമയായ യുവാവ് എസ്ഐയോട് തട്ടിക്കയറുകയും അനാവശ്യം പറയുകയുമായിരുന്നു.
യുവാവ് മദ്യപിച്ചിരുന്നതായി സംശയം തോന്നിയതിനാൽ പരിശോധനയ്ക്കു പോകാൻ ജീപ്പിൽ കയറാൻ ആവശ്യപ്പെട്ടു. ഈ സമയം എസ്ഐക്കും ഒപ്പമുണ്ടായിരുന്ന പോലീസുകാരനുനേരേയും തട്ടിക്കയറിയ യുവാവ് കൈയേറ്റത്തിനും മുതിർന്നതായി ദൃക്സാക്ഷകൾ പറഞ്ഞു. പിന്നീട് സ്റ്റേഷനിലെത്തിച്ച യുവാവിനെതിരേ കേസെടുത്തു.
എന്നാൽ ദിവസങ്ങൾക്കുശേഷം പോലീസ് ഹെഡ് ക്വാർട്ടേഴ്സിൽനിന്ന് എസ്ഐയും സംഭവസമയം ഒപ്പമുണ്ടായിരുന്ന പോലീസുകാരനും കേസുമായി ബന്ധപ്പെട്ട ഫയലുകളുമായി തിരുവനന്തപുരത്തെ ഹെഡ്ക്വാർട്ടേഴ്സിൽ എത്താനായിരുന്നു നിർദേശം. ഇവിടെയെത്തിയ ഇരുവരെയും ഹെഡ്ക്വാർട്ടേഴ്സിലെ ഉന്നത പോലീസുദ്യോഗസ്ഥൻ ശകാരിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായാണ് വിവരം.
ഹെഡ് ക്വാർട്ടേഴ്സിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ അടുത്ത ബന്ധുവാണ് വാഹനമുടമയായ യുവാവ് എന്നാണ് വിവരം. നിയമം നടപ്പാക്കിയതിന്റെ പേരിൽ പോലീസുദ്യോഗസ്ഥനിൽനിന്ന് എസ്ഐയേയും പോലീസുകാരനെയും അനാവശ്യമായി ശകാരിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഉന്നത പോലീസുദ്യോഗസ്ഥന്റെ നടപടിയിൽ പോലീസ് സേനയ്ക്കുള്ളിൽ പ്രതിഷേധമുയരുകയാണ്.