പെന്‍സില്‍ ഡ്രോയിംഗ്, ഓയില്‍ പെയിന്റിംഗ്, വാട്ടര്‍ കളറിംഗ്... ഹാട്രിക് തികച്ച് മാനസ മീര
1483784
Monday, December 2, 2024 5:25 AM IST
കായംകുളം: മാനസമീര ഇത്തവണയും പതിവു തെറ്റിച്ചില്ല. പെന്‍സില്‍ ഡ്രോയിംഗ്, ഓയില്‍ പെയിന്റിംഗ്, വാട്ടര്‍ കളറിംഗ് മത്സരങ്ങളില്‍ ഇത്തവണയും ജില്ലയില്‍ ഫസ്റ്റ് എ ഗ്രേഡ് നേടി.
ഹരിപ്പാട് ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ മാനസമീര കഴിഞ്ഞ തവണ റവന്യു ജില്ലാ ഹൈസ്കൂള്‍ വിഭാഗം മത്സരത്തില്‍ മൂന്ന് ഇനങ്ങളിലും ഒന്നാം സ്ഥാനം നേടുകയും സംസ്ഥാന തലത്തില്‍ എ ഗ്രേഡ് നേടുകയും ചെയ്തിരുന്നു.
2023-ല്‍ കേന്ദ്ര ഊര്‍ജ മന്ത്രാലയം ദേശീയതലത്തില്‍ നടത്തിയ ചിത്രരചനാ മത്സരത്തില്‍ വിജയികളായ 13 പേരില്‍ ഒരാളാണ് മാനസ മീര. ഹരിപ്പാട് ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ചിത്രകലാ അധ്യാപകന് ഷമീറാണ് പരിശീലകന്.
ഓട്ടോ ഡ്രൈവറായ കരുവാറ്റ കളത്തില്‍പറമ്പില്‍ മുരുകന്റെയും വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരി ജയകുമാരിയുടെയും മകളാണ് മാനസമീര. മയൂഖ് സാഗര്‍ സഹോദരനാണ്.