കരൂരില്‍ കൊലചെയ്യപ്പെട്ട സ്ത്രീയുടെ സ്വര്‍ണാഭരണം ആലപ്പുഴയിലെ ജ്വല്ലറിയില്‍നിന്നു പോലീസ് കണ്ടെടുത്തു
1483743
Monday, December 2, 2024 4:47 AM IST
അമ്പലപ്പുഴ: അമ്പലപ്പുഴ കരൂരില്‍ കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയെ കൊലപ്പെടുത്തിയ ശേഷം പ്രതി കൈക്കലാക്കിയ സ്വര്‍ണം പോലീസ് കണ്ടെടുത്തു. മൃതദേഹത്തില്‍നിന്നെടുത്ത മാലയും കമ്മലുമാണ് ആലപ്പുഴ മുല്ലയ്ക്കലുള്ള സ്വര്‍ണക്കടയില്‍നിന്ന് അമ്പലപ്പുഴ സിഐ എം.പ്രതീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കണ്ടെടുത്തത്.
മാലയും കമ്മലും ഉള്‍പ്പെടെ 27 ഗ്രാം സ്വര്‍ണം വിറ്റവകയിലുള്ള പണം ജ്വല്ലറി ഉടമ പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുകയായിരുന്നു. കടം വീട്ടുന്നതിനു വേണ്ടിയാണ് സ്വര്‍ണം വിറ്റതെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. കഴിഞ്ഞ വ്യാഴാഴ്ച കസ്റ്റഡിയിലെടുത്ത പ്രതിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.
പുറക്കാട് പഞ്ചായത്ത് മൂന്നാം വാർഡ് കരൂർ ഐവാട്ടുശേരി ജയചന്ദ്രന് (53) ആണ് കാമുകിയായ കരുനാഗപ്പള്ളി സ്വദേശി വിജയലക്ഷ്മിയെ തന്റെ വീട്ടില്‍ കൊണ്ടുവന്ന് കൊലപ്പെടുത്തിയത്. കഴിഞ്ഞ ആറിന് രാത്രിയില്‍ കരൂരുള്ള വീട്ടില്‍ കൊണ്ടുവന്ന വിജയലക്ഷ്മിയെ ഏഴിന് പുലര്‍ച്ചെയാണ് കൊലപ്പെടുത്തുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി പോലീസായിരുന്നു കേസെടുത്തത്. തെളിവെടുപ്പില്‍ കൊല നടത്താൻ ഉപയോഗിച്ച വെട്ടുകത്തി മാത്രമാണ് അന്നു പോലീസിന് തെളിവായി ലഭിച്ചത്.
അമ്പലപ്പുഴ പോലീസിന് കേസ് കൈമാറിയതിനുശേഷം നടന്ന അന്വേഷണത്തില്‍ കൃത്യം നടന്ന സമയം പ്രതി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ, കരുനാഗപ്പള്ളിയിൽനിന്ന് ജയചന്ദ്രനൊപ്പം വിജയലക്ഷ്മി പോരുമ്പോൾ ഇവർ കൈയിൽ കരുതിയ ബാഗ്, കിറ്റ്, വസ്ത്രങ്ങൾ, കൊല നടത്തിയശേഷം വിജയലക്ഷ്മിയെ വലിച്ചിഴച്ച് സമീപത്തെ പുരയിടത്തിൽ എത്തിച്ചതായി പറയുന്ന കയർ, കുഴിയെടുത്ത് മൃതദേഹം മറവു ചെയ്യാൻ ഉപയോഗിച്ച മൺവെട്ടി എന്നിവ പോലീസ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
വിജയലക്ഷ്മി അണിഞ്ഞിരുന്ന സ്വർണാഭരണങ്ങൾ ആലപ്പുഴയിലെ ജൂവലറിയിൽ വിറ്റതായി ജയചന്ദ്രൻ പോലീസിനോട് പറഞ്ഞിരുന്നു. തുടര്‍ന്നാണ് ഞായറാഴ്ച പ്രതിയോടൊപ്പമെത്തി കടയില്‍നിന്നും സ്വര്‍ണം കണ്ടെത്തിയത്.