വിദേശത്ത് ജോലി നൽകാമെന്നു പറഞ്ഞ് തട്ടിപ്പ്; ട്രാവൽ ഏജൻസി ഉടമ അറസ്റ്റിൽ
1483414
Sunday, December 1, 2024 12:13 AM IST
കായംകുളം: അർമേനിയയിൽ ഡെലിവറി ബോയി ആയി വിസ നൽകാമെന്ന് പറഞ്ഞ് വയനാട് സ്വദേശിയിൽനിന്നു 2,56,900 രൂപയും താമരക്കുളം സ്വദേശിയിൽനിന്നു 1,50,000 രൂപയും വാങ്ങി കബളിപ്പിച്ച കേസിൽ കായംകുളം രണ്ടാംകുറ്റിയിൽ സഫിയ ട്രാവൽസ് എന്ന സ്ഥാപനം നടത്തുന്ന ചുനക്കര വില്ലേജിൽ ചുനക്കര നടുവിലേ മുറിയിൽ മലയിൽ വീട്ടിൽ ഷംസുദ്ദീൻ റാവുത്തർ മകൻ ഷാൻ (38) ആണ് കായംകുളം പോലീസിന്റെ പിടിയിലായി.
ഇത്തരത്തിൽ നിരവധിയാൾക്കാരിൽനിന്നു ഇയാൾ പണം തട്ടിയെടുത്തതായി സംശയമുണ്ട്. മുമ്പ് കായംകുളം മുരിക്കുംമൂട്ടിൽ ഇൻഷാ ട്രാവൽസ് എന്ന പേരിൽ സ്ഥാപനം നടത്തി തട്ടിപ്പ് നടത്തിയതിനെത്തുടർന്ന് പോലീസ് റെയ്ഡ് നടത്തി കേസ് എടുത്തതിനെത്തുടർന്ന് സഫിയ ട്രാവൽസ് എന്ന പേരിൽ പുതിയ സ്ഥാപനം തുടങ്ങി തട്ടിപ്പ് തുടർന്നത്.
ഇത്തരത്തിൽ തട്ടിച്ചെടുത്ത പണം കൊണ്ട് ആഡംബര ജീവിതം നയിക്കുകയും ആഡംബര വീട് നിർമിക്കുകയും ചെയ്യുകയായിരുന്നു. നിരവധി ആൾക്കാരിൽ നിന്നു ഇത്തരത്തിൽ പണം വാങ്ങിയതായി സംശയമുണ്ടെന്നും പരാതി ലഭിക്കുന്ന മുറയ്ക്ക് നിയമ നടപ്പടികൾ സ്വീകരിക്കുമെന്നും കായംകുളം പോലീസ് അറിയിച്ചു. കായംകുളം ഡിവൈഎസ്പി ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ കായംകുളം സിഐ അരുൺ ഷാ, എഎസ്ഐ ഹരി, പോലീസ് ഉദ്യോഗസ്ഥരായ ബിജു, അഖിൽ മുരളി, ഗോപകുമാർ, വിഷ്ണു എസ്. നായർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.