‘പാടുന്ന കാട്’ മികച്ച നാടകം
1483235
Saturday, November 30, 2024 4:51 AM IST
കായംകുളം: വയനാട് ദുരന്തത്തിനുശേഷം കേരളം ചര്‍ച്ച ചെയ്യുന്ന പ്രധാന വിഷയമായ പരിസ്ഥിതി സംരക്ഷണത്തെ വേദിയിലെത്തിച്ച ചേര്‍ത്തല ഗവ. ഗേള്‍സ് ഹൈസ്കൂളിലെ പെണ്‍കുട്ടികളുടെ പാടുന്ന കാട് നാടക മത്സരത്തില്‍ ഒന്നാമതെത്തി.
വികലമായ വികസന കാഴ്ചപ്പാടുകള്‍ കുടിയൊഴിപ്പിക്കപ്പെടുന്ന മനുഷ്യരുടെ നൊമ്പരങ്ങളും നാടകത്തില്‍ കടന്നുവന്നപ്പോള്‍ നാടകം എല്ലാ അര്‍ഥത്തിലും കാലിക പ്രസക്തമായി. പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കീര്‍ത്തന വി. വിനോദ് മികച്ച നടിയുമായി. ഉപജില്ലാ കലോത്സവത്തിലും മികച്ച നടി കീര്‍ത്തന തന്നെയായിരുന്നു. പാര്‍വതി, നിഹാരിക, ഋതു, ആദിത്യ, എയ്ഞ്ചല്‍ അന്ന, ദേവനന്ദ, അവന്തിക, അനുശ്രീ എന്നിവരായിരുന്നു പാടുന്ന കാടിന് ഊര്‍ജമായവര്‍.
വിജിലന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ സിവില്‍ പോലീസ് ഓഫീസറായി ജോലി നോക്കുന്ന വി.എ. സുനിലിന്റെ സംവിധാനത്തില്‍ പിറന്ന നാടകത്തില്‍, സ്വന്തം ആവാസ ഭൂമി നഷ്ടപ്പെട്ട മൃഗങ്ങളും വിശപ്പിന്റെ വിളിയും കടന്നുവന്നു.
ഹൈസ്കൂള്‍ ജനറല്‍ വിഭാഗത്തില്‍ മികച്ച നടനായി തത്തംപള്ളി സെന്റ് മൈക്കിള്‍സ് എച്ച്എസിലെ നിഖില്‍ തോമസ് തെരഞ്ഞെടുക്കപ്പെട്ടു. കൂടെവിടെ എന്ന നാടകത്തിലെ അഭിനയത്തിലൂടെയാണ് നിഖില്‍ മികച്ച നടനായത്.