ഹരിദാസിന്റെ തോട്ടത്തിൽ സ്വർഗത്തിലെ കനി വിളഞ്ഞു
1483746
Monday, December 2, 2024 4:47 AM IST
ഡൊമിനിക് ജോസഫ്
മാന്നാർ: കുട്ടംപേരൂർ വാണില്ലത്തിൽ ഹരിദാസിന്റെ വീടിന്റെ മട്ടുപ്പാവിൽ നിറയെ പലതരത്തിലുള്ള കൃഷികളാണ്. ഇപ്പോൾ സ്വർഗത്തിലെ കനിയായ ഗാഗ് ഫ്രൂട്ട് വിളഞ്ഞ് നിൽക്കുന്നത് ആരുടെയും മനം മയക്കും. സ്വർഗത്തിലെ കനി (ഹെവൻ ഫ്രൂട്ട്) എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഗാഗ് ഫ്രൂട്ടിന്റെ ദേശം വിയറ്റ്നാമാണ്.
നാഗാലാൻഡ് വാട്ടർ അഥോറിറ്റിയിൽനിന്നു ജൂണിയർ എൻജിനിയറായി വിരമിച്ച ഹരിദാസ് ചെങ്ങന്നൂർ സ്വദേശിയിൽനിന്ന് അറുന്നൂറ് രൂപയ്ക്ക് ഒരു ഗാഗ് ഫ്രൂട്ട് വാങ്ങി അതിന്റെ വിത്തുകൾ മുളപ്പിക്കുകയായിരുന്നു.
പത്ത് തൈകൾ വച്ചതിൽ ഒരെണ്ണം മാത്രമാണ് പെൺ വർഗത്തിലുണ്ടായത്. കുമ്മായം വിതറിയ കുഴിയിൽ നട്ടുപിടിപ്പിച്ച് വീടിന്റെ മട്ടുപ്പാവിലേക്ക് പടർത്തിക്കൊടുക്കുകയായിരുന്നു. ദിവസവും രാവിലെയും വൈകുന്നേരവും നനച്ച് കൊടുക്കും. ജൈവവളങ്ങൾ മാത്രമാണ് ഉപയോഗിക്കുന്നത്. ഇതിനൊപ്പംനിന്ന് പരിചരിച്ചപ്പോൾ ഫലം കണ്ടു.
പഴം മുറിച്ചാൽ കടുംചുവപ്പ് നിറത്തിലാണ് അകത്തെ ചുളകൾ കാണുക. പഴം പാകമാകുന്നതുവരെ നാലു നിറങ്ങളിൽ ഗാഗ് ഫ്രൂട്ടിനെ കാണാൻ പറ്റും. പച്ചയിൽ തുടങ്ങി ചുവപ്പിലെത്തുമ്പോഴാണ് പഴം വിളവെടുക്കാൻ പാകമാകുന്നത്. ഒരു ചെടിയിൽനിന്ന് വർഷങ്ങളോളം കായ്ഫലം ലഭിക്കുമെന്ന പ്രത്യേകതയുണ്ട്.
പഴം ജ്യൂസായും ഇല തോരൻവച്ചും ഉപയോഗിക്കാം. ഇല മുതൽ വിത്തുവരെ ഗുണങ്ങൾ നിറഞ്ഞ ഗാഗ് ഫ്രൂട്ടിന് പാവലിനോട് സാമ്യമുള്ളതിനാൽ മധുരപ്പാവൽ എന്ന പേരും വിളിക്കാറുണ്ട്. ശാസ്ത്രീയനാമം മോർമോഡിക്ക കൊച്ചിൻ ചയ്നേൻസിസ് എന്നാണ്. 1000 മുതൽ 1500 രൂപവരെയാണ് വിപണിയിൽ ഗാഗ് ഫ്രൂട്ടിന്റെ കിലോഗ്രാം വില.
വലിയ ഒരു പഴത്തിൽനിന്ന് ഏകദേശം 10 മുതൽ 20 വരെ വിത്തുകൾ ലഭിക്കും. നേരിയ ചവർപ്പ് രുചിയുണ്ടെങ്കിലും വിറ്റാമിൻ സി, മൂലകങ്ങൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് ഈ അപൂർവ പഴം.
മാന്നാർ കൃഷി ഓഫീസർ പി.സി. ഹരികുമാർ വീട്ടിലെത്തി ഹരിദാസിന് കൃഷിക്കാവശ്യമായ നിർദേശങ്ങൾ നൽകി. ഹരിദാസിന്റെ ഭാര്യ ഗീത ഹരിദാസും കൃഷിക്ക് പിന്തുണ നൽകി ഒപ്പമുണ്ട്. അഹമ്മദാബാദിൽ ജോലി ചെയ്യുന്ന സുധിൻ ഹരികൃഷ്ണയും അബുദാബിയിലുള്ള നിധിൻ ഹരികൃഷ്ണയുമാണ് ഇവരുടെ മക്കൾ. ഡോ. സ്വാതി കൃഷ്ണ, നീതുചന്ദ്രൻ എന്നിവർ മരുമക്കളാണ്.