മത്സരത്തിനു പേരു കൊടുക്കും വേദിയില്‍നിന്നു വാനിഷാകും
1483238
Saturday, November 30, 2024 4:51 AM IST
മജീഷ്യന്‍ സാമ്രാജിന്റെ കലോത്സവ അനുഭവം
ആലപ്പുഴ: മത്സരത്തിനു പേരു കൊടുത്തിട്ടു വേദിയിൽനിന്നു വാനിഷാകുന്ന ഓർമയാണു സാമ്രാജിനു പറയാനുള്ളത്. കലോത്സവവേദിയിൽനിന്നും സാമ്രാജ് തന്റെ കഥകൾ പറയുകയാണ്. മാവേലിക്കര ഗവണ്മെന്റ് ഹൈസ്കൂളില്‍ പഠിക്കുന്ന കാലം. അന്നൊക്കെ എങ്ങനെയെങ്കിലും സ്കൂളില്‍ ഒരു താരമാവണമെന്ന ചിന്തമാത്രം.
കഴിവുകള്‍ക്കും ആഗ്രഹങ്ങള്‍ക്കും ഒരു പഞ്ഞവുമില്ല. പക്ഷേ, അതൊന്നും വേണ്ടരീതിയില്‍ വളര്‍ത്തിയെടുക്കാന്‍ എനിക്കു സാധിച്ചില്ല. കഴിവുകളെ പ്രോത്സാഹിപ്പിക്കാന്‍ ബന്ധുക്കളോ അധ്യാപകരോ മെനക്കെട്ടുമില്ല. ആരുടെയും കുഴപ്പമല്ല, അന്നത്തെ സാഹചര്യം അങ്ങനെയായിരുന്നു. സ്കൂള്‍ യുവജനോത്സവംആരംഭിക്കുന്പോൾ എല്ലാമത്സരത്തിലും പങ്കെടുക്കണമെന്നും പേര് മൈക്കിലൂടെ വരുന്നതു കേൾക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു.
അങ്ങനെ സ്കൂളിൽ അറിയപ്പെടാൻ കൊതിച്ച കാലം. പേരും നല്‍കും. ഒന്നും രണ്ടുമല്ല, കുറഞ്ഞതു പത്ത് ഐറ്റങ്ങള്‍ക്ക്. സ്കൂളില്‍ എന്റെ പേര് ജോര്‍ജ് സാമുവൽ. ഓട്ടന്തുള്ളല്-ജോര്‍ജ് സാമുവല്‍, കഥകളി ജോര്‍ജ് സാമുവല്‍, ചാക്യാര്‍കുത്ത്-ജോര്‍ജ് സാമുവല്‍, ശാസ്ത്രീയ സംഗീതം-ജോര്‍ജ് സാമുവല്‍. ഇതു കേള്‍ക്കുമ്പോള്‍ കൂട്ടുകാരെല്ലാം ഒരു അദ്ഭുത ജീവിയെക്കാണുന്നപോലെ എന്നെ നോക്കും. ഇയാള്‍ ഇതൊക്കെ പഠിച്ചതാണോ എന്നമട്ടില്‍. ഞാന്‍ വളരെ ഗമയില്‍ അവിടെ ഇങ്ങനെ നില്ക്കും.
യുവജനോത്സവദിനത്തില് പരിപാടികള്‍ ആരംഭിക്കുമ്പോള്‍ ഓരോ നമ്പറുകളായി സ്റ്റേജിലേക്കു വിളിക്കപ്പെടും. ആ സമയം ഞാന്‍ സ്കൂള്‍ പരിസരത്തുള്ള ചെമ്പകമരത്തിന്റെ ചുവട്ടിലെ ചരലില്‍ തലവച്ചു കിടക്കുകയാവും.
ഇങ്ങനെ പത്തു പരിപാടികള്‍ക്കും എന്റെ പേരു വിളിച്ചുപറയും. ഒന്നും രണ്ടുമല്ല, ഏതാണ്ട് മുപ്പതിലധികം തവണ എന്റെ പേര് ആ സ്റ്റേജില്‍ വിളിക്കപ്പെടും. എങ്കിലും ഞാന്‍ അങ്ങോട്ടു ചെല്ലാറില്ല. ആറാ യിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന ആ സ്കൂളില്‍ എന്റെപേര് ഉച്ച ഭാഷിണിയിലൂടെ ഒരപാടുതവണ മുഴങ്ങിക്കേള്‍ക്കുന്നത് കേട്ടുകേട്ടു രസിച്ച്, അതാസ്വദിച്ച് ഞാന്‍ അവിടെ അങ്ങനെ കിടക്കും.
അന്നത്തെ അനുഭവത്തിനുശേഷം മലയാളികളുള്ള ലോകത്തിന്റെ ഒരുപാട് ഇടങ്ങളില്‍ സാമ്രാജ് എന്ന എന്റെ പേരു വിളിക്കപ്പെടുമ്പോള്‍ ഒരുകാലത്ത് ഒന്നിനും അര്‍ഹതയില്ലാതിരുന്ന സമയത്ത് ഉച്ചഭാഷിണി യിലൂടെ എന്റെ പേര് അനൗണ്‍സ് ചെയ്യുന്നതു കേള്‍ക്കാന്‍ ചെമ്പകത്തിന്റെ ചുവട്ടില്‍ കിടന്ന ആ അനുഭവം ഓര്‍മവരും.