മയക്കുമരുന്ന് സംഘം പിടിയിൽ
1483239
Saturday, November 30, 2024 4:51 AM IST
കായംകുളം: കുപ്രസിദ്ധ ഗുണ്ട ഉൾപ്പെടെയുള്ള മയക്കുമരുന്ന് വിപണനസംഘം കായംകുളത്ത് പിടിയിൽ. യുവാക്കൾക്ക് വിവിധതരം മയക്കുമരുന്ന് വിപണനവും ഉപയോഗവും നടത്തി വന്നിരുന്ന സംഘമാണ് പോലീസിന്റെ പിടിയിലായത്.
കായംകുളം ചേരാവള്ളി ചേടുവള്ളിൽ തറയിൽ വീട്ടിൽ അൽത്താഫ് (25), ചേരാവള്ളി ബാസിത്ത് മൻസിലിൽ അമീൻ (24), ചേരാവള്ളി ഹാഷിം മൻസിലിൽ ഷിനാസ് (23), ചേരാവള്ളി താന്നിക്കത്തറയിൽ കണ്ണൻ രാജു (26), ചേരാവള്ളി കൊല്ലകയിൽ സൂര്യനാരായണൻ (22), കായംകുളം പുള്ളിക്കണക്ക് കല്ലുംമൂട്ടിൽ അഖിൽ (21) എന്നിവരാണ് കായംകുളം പോലീസിന്റെ പിടിയിലായത്.
കുപ്രസിദ്ധ ഗുണ്ടയും കേസിലെ രണ്ടാം പ്രതിയുമായ സൂര്യനാരായണന്റെ കൊല്ലകയിൽ വീടിനു പുറകുവശം കഴിഞ്ഞദിവസം അഞ്ചു മണിയോടുകൂടി ഇവർ സംഘം ചേർന്ന് മയക്കുമരുന്ന് ഉപയോഗിച്ച് വരവേ ആണ് പോലീസിന്റെ പിടിയിലായത്. ഇവരിൽനിന്നു 6 ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു.
കായംകുളം, ചേരാവള്ളി, പുള്ളിക്കണക്ക് തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി യുവാക്കൾക്ക് മയക്കുമരുന്ന് വിപണനം നടത്തി സംഘത്തിൽ ചേർത്തുവരുന്നു എന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായതെന്ന് പോലീസ് പറഞ്ഞു.
സർക്കാർ ചെലവിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ സൂര്യനാരായണന്റെ വീട് കേന്ദ്രീകരിച്ചും സൂര്യനാരായണൻ നടത്തിവരുന്ന ചീനിക്കച്ചവടത്തിന്റെ മറവിലുമാണ് ഇവർ മയക്കുമരുന്ന് വിപണനവും ഗുണ്ടാ പ്രവർത്തനവും നടത്തിവരുന്നതെന്നും സൂര്യനാരായണനും അൽത്താഫും അമീനും കൊലപാതകശ്രമ കേസുകളിൽ ഉൾപ്പെടെ പ്രതികളാണെന്നും പോലീസ് പറഞ്ഞു.
കായംകുളം ഡിവൈഎസ്പി ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ കായംകുളം സിഐ അരുൺ ഷാ, എസ്ഐമാരായ നിസാം, അജിത്ത്, പോലീസ് ഉദ്യോഗസ്ഥരായ സജീവ്, അഖിൽ മുരളി, മുഹമ്മദ് ഷാൻ, പ്രദീപ്, രതീഷ്, വിഷ്ണു, ഹോം ഗാർഡ് അശോകൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.