കലയുടെ മൊഞ്ച്
1483416
Sunday, December 1, 2024 12:13 AM IST
ജില്ലാ കലോത്സവം മൂന്നാം ദിനത്തില്‍ വേദികളെ പുളകം കൊള്ളിച്ച് ഒപ്പനയും ചവിട്ടുനാടകവും ഗോത്രകലകളും മോഹിനിയാട്ടവും. നിറഞ്ഞ സദസിനെ സാക്ഷിനിര്‍ത്തിയാണ് മൂന്നാം ദിനം കടന്നുപോകുന്നത്.
രണ്ടാം വേദിയില്‍ അരങ്ങുണര്‍ന്നത് സൗന്ദര്യത്തിന്റെ ലാസ്യ നടനമായ മോഹിനിയാട്ടത്തോടെയാണ്. ശോകവും സന്തോഷവും നിറഞ്ഞ മത്സരാര്‍ഥികളുടെ പ്രകടനം കാഴ്ചക്കാര്‍ക്ക് നവ്യാനുഭവമായി. വൈകുന്നേരം പ്രധാനവേദിയില്‍ ഇശല്‍ നിലാവു പെയ്യിച്ച് മൊഞ്ചത്തിമാരുടെ ഒപ്പന കൂടിയെത്തിയതോടെ വേദികള്‍ ഇളകിമറിഞ്ഞു.
ആദ്യമായി വേദി കണ്ടു...അരങ്ങേറ്റം മിന്നിച്ച് ഗോത്ര നൃത്തങ്ങൾ
കായംകുളം: സ്കൂൾ കലോത്സവത്തിൽ ഇത്തവണ പുതിയതായി ഉൾപ്പെടുത്തിയആദിവാസി വിഭാഗത്തിൽപ്പെട്ടവരുടെ തനതുകലകളായ ഗോത്രകലകൾ കലോത്സവ വേദികളെ കീഴടക്കി. മംഗലംകളി, പളിയ നൃത്തം, പണിയ നൃത്തം, മലപ്പുലയാട്ടം, ഇരുളനൃത്തം എന്നീ അഞ്ച് ഗോത്ര കലകളാണ് കലോത്സവത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ മംഗലംകളി വേദി പതിനൊന്നിലും പളിയ നൃത്തം വേദി ഒന്നിലും അരങ്ങേറി. കലോത്സവത്തിലെ പുതിയ ഗോത്ര കലകൾ കാണികൾക്ക് കൗതുകവും വിസ്മയവുമായി തീർന്നു.
മാവിലരുടെ പരമ്പരാഗത വേഷമായ കുണ്ടാച്ചും കല്ലുമാലയും പാളത്തൊപ്പിയും ധരിച്ചാണ് മംഗലംകളി അരങ്ങേറിയത്. 10 മുതൽ 12 വരെ വിദ്യാർഥികൾ പങ്കെടുക്കാവുന്ന ഗോത്ര കലകളിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായാണ് മത്സരം നടന്നത്. ചുരുങ്ങിയ സമയത്തിനകത്താണ് ഇവ മിക്ക സ്കൂളുകളും വിദ്യാർഥികളെ പരിശീലിപ്പിച്ചെടുത്തത്.
എങ്കിലും നിറഞ്ഞ കൈയടിയോടെയാണ് ഇവയെ സ്വീകരിച്ചത്. 3ന് വേദി രണ്ടിൽ പണിയ നൃത്തം, മലപ്പുലയാട്ടം, വേദി പത്തിൽ ഇരുള നൃത്തവും ഇനി അരങ്ങേറും. സംഗീത- നൃത്തരൂപമാണ് മംഗലംകളി. കല്യാണപ്പന്തലിലാണ് അരങ്ങേറുക.
വാദ്യസംഘത്തിൽ തുടിയാണ് ഉപയോഗിക്കുന്നത്. തുളുവിലും മലയാളത്തിലുമുള്ള ഓരോ പാട്ടുകളിലും ഓരോ കഥയായിരിക്കും പ്രതിപാദിക്കുന്നത്.പളിയർ ആദിവാസി ജനവിഭാഗത്തിന്റെ പാരമ്പര്യ നൃത്ത രൂപം. രോഗശമനം, മഴ തുടങ്ങിയവയ്ക്കായാണ് ഇവർ പളിയ നൃത്തം അവതരിപ്പിക്കുക.
ആവേശം മുറുകി; ചേര്‍ത്തല മുന്നില്‍
ആലപ്പുഴ: ജില്ലാ സ്കൂള്‍ കാലോത്സവത്തിന്റെ മൂന്നാം ദിനം പിന്നിടുമ്പോള്‍ പോരാട്ടം കനത്തു. 453 പോയിന്റുകളോടെയാണ് ചേര്‍ത്തലയുടെ മുന്നേറ്റം. 449 പോയിന്റുമായി മാവേലിക്കര തൊട്ടുപിന്നിലുണ്ട്. 448 പോയിന്റുകളോടെ ചെങ്ങന്നൂര്‍ മുന്നാംസ്ഥാനത്തും 444 പോയിന്റ് നേടി തുറവൂര്‍ നാലാം സ്ഥാനത്തുമുണ്ട്.
ആലപ്പുഴ 435, കായംകുള 422, ഹരിപ്പാട് 400, അമ്പലപ്പുഴ 382, തലവടി 303, മങ്കൊമ്പ് 210, വെളിയനാട് 85 എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയിന്റ് നില. സ്കൂള്‍ അടിസ്ഥാനത്തില്‍ മാന്നാര്‍ നായര്‍ സമാജം ബോയിസ് എച്ച്എസ്എസ് 196 പോയിന്റോടെ ഒന്നാം സ്ഥാനത്ത് മുന്നേറ്റം തുടരുകയാണ്. 136 പോയിന്റുകളോടെ തുറവൂര്‍ ടിഡി എച്ച്എസ്എസ് രണ്ടാം സ്ഥാനത്തും 120 പോയിന്റുമായി ഹരിപ്പാട് ഗവണ്മെന്റ് ജിഎച്ച്എസ്എസ് മൂന്നാം സ്ഥാനത്തും ചേര്‍ത്തല മുട്ടം ഹോളി ഫാമിലി എച്ച്എസ്എസ് 109 പോയിന്റോടെ നാലാം സ്ഥാനത്തും ആലപ്പുഴ സെന്റ് ജോസഫ് ജിഎച്ച്എസ്എസ് 93 പോയിന്റോടെ അഞ്ചാം സ്ഥാനത്തുമുണ്ട്.
മോണോ ആക്ടില്‍ തിളങ്ങി ബാലാമണി
കായംകുളം: മിനി സ്ക്രീനിലെ താരമായ ഹരിപ്പാട് ഗവ. ഗേള്‍സ് ഇന്റര്‍നാഷണല്‍ സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ആര്.എസ്. ബാലാമണിക്ക് ഹൈസ്കൂള്‍ വിഭാഗം മോണോ ആക്ടില്‍ ഒന്നാം സ്ഥാനം. സതിയില്‍ തുടങ്ങി നവീന്‍ ബാബുവിന്റെ ആത്മഹത്യവരെയുള്ള കാലിക പ്രസക്തമായ സംഭവങ്ങള്‍ അവതരിപ്പിച്ചാണ് ബാലാമണി വേദി കീഴടക്കിയത്.
മൂന്നാം തവണയാണ് ബാലമണി ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം നേടുന്നത്. കളര്‍മീന്‍ മീഡിയ യൂട്യൂബ് ചാനലിലെ വെബ് സീരീസ്, നിരവധി ചാനല്‍ ഷോകള്‍ എന്നിവയിലും പങ്കെടുത്തിട്ടുണ്ട്. ഹരിപ്പാട് സോമതീര്‍ഥം സതീഷിന്റെയും റാണിയുടെയും മകളാണ്. നര്‍ത്തകിയും
അവതാരികയുമായ പാര്‍വതി
സഹോദരിയാണ്.
അറബി സംഭാഷണത്തില്‍ ഇരട്ട സഹോദരിമാര്‍
കായംകുളം: ഇരട്ട സഹോദരിമാര്‍ക്ക് അറബി സംഭാഷണത്തില്‍ ഒന്നാം സ്ഥാനം. വടുതല നദുവത്തുല്‍ ഇസ്ലാം യുപി സ്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥികളായ ആമില പര്വിന്, ആലിയ പര്വിന് എന്നിവരാണ് ഒന്നാം സ്ഥാനം നേടിയത്. സ്ക്കൂളിലെ അറബി അധ്യാപകരായ ജവാദ്, ഫൗസിയ, ഉമൈബ, ഇര്ഫാന്, എന്നിവരാണ് പരിശീലകര്‍. അരൂക്കുറ്റി വടുതല പുത്തന്‍പുരക്കല്‍ കളത്തില്‍ സത്താര്‍ - ഷീജ ദമ്പതികളുടെ മക്കളാണ്.
അപ്പീലുമായെത്തി ഒന്നാംസ്ഥാനം നേടി ലജ്നത്ത് സ്കൂള്‍
കായംകുളം: അപ്പീലുമായെത്തി ദഫ് മുട്ടില്‍ ഒന്നാം സ്ഥാനം നേടി ആലപ്പുഴ ലജ്നത്തുല്‍ മുഹമ്മദിയ ഹൈസ്കൂള്‍. എച്ച്എസ് വിഭാഗത്തില്‍ ഇരുപത് വര്‍ഷത്തിനുശേഷമാണ് സ്കൂള്‍ വീണ്ടും ഒന്നാമതെത്തിയത്. ഉപജില്ലയില്‍ രണ്ടാമതായിരുന്നു. ബിലാലിന്റെ നേതൃത്വത്തില്‍ ഷിനാസ് ഷിറാസ്, അര്ഫാന്, ഫഹദ്, ഈസ, ഫാറൂഖ്, ആസിഫ്, ഫര്ഹാന് റിസ്വാന് എന്നിവരാണ് ദഫ് സംഘത്തിലുള്ളത്.
കലോത്സവ വേദികളിൽ ലഹരിക്കെതിരേ ബോധവത്കരണം
കായംകുളം: കലോത്സവ വേദികളിൽ നാഷ് മുക്ത് ഭാരത് അഭിയാൻ ഭാഗമായി സേ നോ ടു ഡ്രഗ്സ് കാമ്പയിനുമായി കായംകുളം എം.എസ്.എം കോളേജ് സോഷ്യൽ ജസ്റ്റീസ് കേഡറ്റുകൾ. വിദ്യാർഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് ബോധവത്കരണം നടത്തി. കോളജ് കോ-ഓർഡിനേറ്റർ രേഖ ആർ. നായർ, സോഷ്യൽ ജസ്റ്റീസ് കേഡറ്റുകളായ ഷാബിക് അലി, മർഫീൻ, കാശിനാഥൻ, അഥിഫ, നിത്യ, നജ ഫാത്തിമ, അശ്വതി തുടങ്ങിയവർ നേതൃത്വം നൽകി.
പങ്കെടുത്ത മൂന്ന് ഇനങ്ങളിലും ദേവനന്ദൻ ഒന്നാമത്
കായംകുളം: ജില്ലാ കലോത്സവത്തില്‍ പങ്കെടുത്ത മൂന്ന് ഇനങ്ങളിലും ഒന്നാം സ്ഥാനം നേടി ചേര്‍ത്തല മുട്ടം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ദേവനന്ദന് എസ്. മേനോന് താരമായി. ഹൈസ്കൂള്‍ വിഭാഗം മലയാളം പദ്യം ചൊല്ലല്‍, ശാസ്ത്രീയ സംഗീതം, കഥകളി സംഗീതം എന്നീ മൂന്ന് ഇനങ്ങളിലാണ് ദേവനന്ദന് ഒന്നാമതെത്തി താരമായത്.