സെക്രട്ടറിയെ തെരഞ്ഞെടുത്തതിനു പിന്നാലെ സിപിഎമ്മിൽ കലാപമുയരുന്നു
1483412
Sunday, December 1, 2024 12:13 AM IST
അന്പലപ്പുഴ: സിപിഎമ്മിൽ പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തതിനു പിന്നാലെ പാർട്ടിയിൽ കലാപമുയരുന്നു. സിപിഎം അമ്പലപ്പുഴ ഏരിയാ സെക്രട്ടറിയായി അഡ്വ. ആർ. രാഹുലിനെയാണ് ഇന്നലെ അവസാനിച്ച സമ്മേളനം തെരഞ്ഞെടുത്തത്.
മുതിർന്ന നേതാക്കളെ ഒഴിവാക്കി മാരാരിക്കുളം സ്വദേശിയായ രാഹുലിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തതാണ് പുതിയ തർക്കത്തിനു തുടക്കമിട്ടിരിക്കുന്നത്. എ.പി. ഗുരുലാൽ, വി.കെ. ബൈജു, സി. ഷാംജി എന്നിവരുടെ പേരുകളാണ് സെക്രട്ടറിയായി പരിഗണിച്ചിരുന്നത്.
എന്നാൽ, തർക്കമൊഴിവാക്കാൻ മറ്റൊരു എരിയായിൽ നിന്നുള്ള രാഹുലിനെ അവസാനവട്ടം പരിഗണിക്കുകയായിരുന്നു. താരതമ്യേനെ ജൂണിയറും മറ്റൊരു ഏരിയായിലെ പ്രവർത്തകനുമായ രാഹുലിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തതിനു പിന്നാലെ പാർട്ടിയുടെ വാട്സ് ഗ്രൂപ്പുകളിൽ ഇതിനെതിരേ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ, പുതിയ സെക്രട്ടറി പുലിയാണെന്നായിരുന്നു നേതാക്കൾ ഇതിനു നൽകിയ മറുപടി.
മുൻപ് മറ്റൊരു ജില്ലക്കാരനായ എം.എം. ബേബി ജില്ലാ സെക്രട്ടറിയായിട്ടുണ്ട് എന്ന ന്യായീകരണവും നേതാക്കൾ നൽകി. രണ്ടു തവണ ഏരിയാ സെക്രട്ടറിയായിരുന്ന എ. ഓമനക്കുട്ടനെ പുതിയ ഏരിയാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. പറവൂരിൽ രണ്ടു ദിവസമായി നടന്ന എരിയാ സമ്മേളന പരിപാടിയിലൊന്നും മുൻ മന്ത്രി ജി. സുധാകരനെയും ക്ഷണിച്ചിരുന്നില്ല. സമാപനദിവസം പൊതുസമ്മേളനം നടന്നത് സുധാകരന്റെ വീടിനു തൊട്ടടുത്തായിരുന്നു.