പാചകവാതക വിതരണത്തിൽ ക്രമക്കേട്: പരിശോധനയില്ല; നടപടിയുമില്ല
1483411
Sunday, December 1, 2024 12:12 AM IST
അന്പലപ്പുഴ: പാചകവാതക വിതരണത്തിൽ ക്രമക്കേട് കാട്ടി വിതരണക്കാർ ലക്ഷങ്ങൾ സമ്പാദിക്കുന്നു. പരിശോധനയും നടപടിയുമില്ല.
വിതരണക്കാരുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന് ആവശ്യമുയരുന്നു. അമ്പലപ്പുഴ ലതാ ഗ്യാസ് ഏജൻസിയിലാണ് പാചകവാതക വിതരണത്തിൽ ക്രമക്കേട് നടത്തുന്നത്. ഇവിടെ ഭരണപക്ഷ യൂണിയന്റെ പിൻബലത്തോടെ ഏതാനും വിതരണക്കാർ പാചകവാതക വിതരണത്തിൽ വലിയ ക്രമക്കേടാണ് കാട്ടുന്നത്.
ഭൂരിഭാഗം ഉപഭോക്താക്കൾക്കും വിതരണക്കാർ ബിൽ നൽകാറില്ല. അതുകൊണ്ടുതന്നെ യഥാർഥ വിലയേക്കാളും കൂടിയ തുകയ്ക്കാണ് വിതരണക്കാർ പാചകവാതകം നൽകുന്നത്. വ്യാപാര സ്ഥാപനങ്ങളിലേക്ക് ഗാർഹിക പാചക വാതകങ്ങളാണ് പല വിതരണക്കാരും നൽകുന്നത്. ഈയിനത്തിലും വൻതുകയാണ് വ്യാപാര സ്ഥാപനങ്ങളിൽനിന്ന് വിതരണക്കാർ ഈടാക്കുന്നത്.
വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന് വില കൂടിയതിനാൽ ഗാർഹിക പാചക വാതകം തട്ടുകടകൾ, ബേക്കറികൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ വ്യാപകമായാണ് ഉപയോഗിക്കുന്നത്. ഉപഭോക്താക്കൾ ബിൽ ആവശ്യപ്പെടാത്തത് മുതലെടുത്ത് കൂടിയ വിലയ്ക്ക് പാചകവാതകം വിതരണം ചെയ്ത് പ്രതിമാസം ലക്ഷങ്ങളാണ് ചില വിതരണക്കാർ സമ്പാദിക്കുന്നത്. ഉപഭോക്താക്കളുടെ പേരിലുള്ള ബിൽ ഏജൻസിയിൽനിന്ന് വിതരണക്കാർ കൈപ്പറ്റുകയാണ്. പല വിതരണക്കാരും പാചകവാതകം റോഡിലിറക്കി മടങ്ങുകയാണ് പതിവ്. പാചകവാതകം വീട്ടിലെത്തിച്ച് കണക്ഷൻ നൽകി ചോർച്ചയില്ലെന്ന് ഉറപ്പാക്കിയശേഷമേ വിതരണക്കാർ മടങ്ങാവൂ എന്നാണ് നിയമം.
മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി അഞ്ച് കി.മീ. ചുറ്റളവിനുള്ളിലും വിതരണക്കാർ വലിയ തുകയാണ് സർവീസ് നിരക്കെന്ന പേരിൽ ഈടാക്കുന്നത്. ഈ രീതിയിൽ അനധികൃതമായി ലക്ഷങ്ങളാണ് വിതരണക്കാർ സമ്പാദിക്കുന്നത്.
കൃത്യമായി ഉപഭോക്താക്കൾക്ക് പാചകവാതകം നൽകാതെ കൂടിയ വിലയ്ക്ക് മറിച്ചുവിറ്റും വൻ തുകയാണ് വിതരണക്കാർ ഈടാക്കുന്നത്. ഉപഭോക്താക്കൾ പല തവണ പരാതി നൽകിയിട്ടും ഏജൻസിയോ ഉദ്യോഗസ്ഥരോ ഇവർക്കെതിരേ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പല വിതരണക്കാരും കോടികൾ ചെലവഴിച്ചാണ് വീടു നിർമിക്കുന്നതും ആഡംബര വാഹനങ്ങൾ വാങ്ങുന്നതും. അനധികൃതമായി പണം സമ്പാദിച്ച് ആർഭാട ജീവിതം നയിക്കുന്ന ഇത്തരം വിതരണക്കാർക്കെതിരേ വിജിലൻസ് അന്വേഷണം നടത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.