അർത്തുങ്കൽ തിരുനാൾ: അവലോകനയോഗം ചേര്‍ന്നു
1483413
Sunday, December 1, 2024 12:13 AM IST
ചേര്‍ത്തല: അർത്തുങ്കൽ മകരം തിരുനാളിനോടനുബന്ധിച്ചുള്ള സുഗമമായ നടത്തിപ്പിന് സർക്കാരിന്റെ വിവിധ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിച്ച് പരമാവധി സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. അര്‍ത്തുങ്കല്‍ തിരുനാളിനു മുന്നോടിയായി സർക്കാർ സംവിധാനങ്ങൾ വരുത്തേണ്ട ക്രമീകരണങ്ങൾ സംബന്ധിച്ച് പള്ളിയിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
തിരുനാൾ ദിവസങ്ങളിൽ കുടിവെള്ളം ഉൾപ്പെടെയുള്ള വെള്ളത്തിന്റെ ലഭ്യത വാട്ടർ അഥോറിറ്റി ഉറപ്പാക്കണമെന്ന് മന്ത്രി പറഞ്ഞു. മദ്യം, മയക്കുമരുന്ന് സംഘങ്ങളുടെ പ്രവർത്തനം തടയുന്നതിന് പോലീസും എക്സൈസ് വിഭാഗവും സംയുക്ത സ്ക്വാഡ് പരിശോധന നടത്തും. ആരോഗ്യവകുപ്പിന്റെ വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തിൽ പ്രത്യേകസംഘങ്ങൾ പ്രവർത്തിക്കും.
ഹെൽത്ത് കാർഡ് ഉൾപ്പെടെയുള്ളവയുടെ പരിശോധന നടത്തും. അടിയന്തര ചികിത്സ നൽകുന്നതിനുള്ള ടീമും ആംബുലൻസ് സൗകര്യവും തിരുനാളിനോടനുബന്ധിച്ചുള്ള ദിവസങ്ങളിൽ ഏർപ്പെടുത്തും. ലീഗൽ മെട്രോളജി വകുപ്പും ഭക്ഷ്യസുരക്ഷാവകുപ്പും ഹോട്ടലുകൾ, കടകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തും.
കെഎസ്ആർടിസി കഴിഞ്ഞ വര്‍ഷത്തെക്കാള്‍ അധികം ബസ് സർവീസുകൾ നടത്തും. കടകൾക്കു കരാർ കൊടുക്കുമ്പോൾ അവിടെ പ്രവർത്തിക്കുന്നവർക്ക് ഐഡി കാർഡ് നിർബന്ധമാക്കും. എക്സൈസ് സർക്കിൾ, റേഞ്ച് ഓഫീസുകളിൽനിന്നുള്ള പട്രോൾ സംഘം 24 മണിക്കൂറും പ്രവർത്തിക്കും.
പൊതുസ്ഥലങ്ങളിലെ കാട് വെട്ടിത്തെളിക്കാൻ പഞ്ചായത്ത് സ്വന്തം ഫണ്ടിൽ നിന്ന് പണം ചെലവഴിച്ച് നടപടി സ്വീകരിക്കുമെന്ന് ചേർത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ സാംസണ് പറഞ്ഞു. കൂടാതെ പള്ളിയോട് ചേർന്നുള്ള റോഡുകളിലെ ലൈറ്റ് പ്രവർത്തിക്കുന്നുണ്ട് എന്ന് ഉറപ്പാക്കും. ഇതിന്റെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റും തദ്ദേശവകുപ്പിന്റെ ഉദ്യോഗസ്ഥരും സംയുക്തമായി പരിശോധന നടത്താനും തീരുമാനിച്ചു.
ബോർഡുകളും സിസിടിവികളും സ്ഥാപിക്കും. ഗതാഗതക്കുരുക്ക് പരമാവധി ഒഴിവാക്കി ട്രാഫിക് ക്രമീകരണം. പള്ളിയുടെ മുന്നിലുള്ള വാഹന പാർക്കിംഗ് നിയന്ത്രിക്കും. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ആശ സി. ഏബ്രഹാം, ചേർത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ, അര്‍ത്തുങ്കല്‍ ബസിലിക്ക റെക്ടർ ഫാ. യേശുദാസ് കാട്ടുങ്കൽതയ്യിൽ, എസിപി ഹാരിഷ് ജെയിൻ, ചേർത്തല തഹസിൽദാർ കെ.ആർ. മനോജ്, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പ്രസംഗിച്ചു.