വധശ്രമക്കേസില്‍ അച്ഛനും മകനും ആറുവര്‍ഷം തടവും പിഴയും
1483405
Sunday, December 1, 2024 12:12 AM IST
ചേര്‍ത്തല: മത്സ്യത്തൊഴിലാളിക്കുനേരേ നടന്ന അക്രമത്തിലെ പ്രതികളായ അച്ഛനും മകനും ആറുവര്‍ഷവും ഒരുമാസവും തടവും 20,000 രൂപവീതം പിഴയും ശിക്ഷ. തുറവൂര്‍ പള്ളിത്തോട് കോയില്‍പറമ്പില്‍ ടോമി, മകന് ലിന്റു എന്നിവരെയാണ് ചേര്‍ത്തല അസി. സെഷന്‍സ് ജഡ്ജ് എസ്. ലക്ഷ്മി ശിക്ഷ വിധിച്ചത്.
2018 നവംബര്‍ 14നാണ് കേസിനാസ്പദമായ സംഭവം. പള്ളിത്തോട് ചിറമേല്‍ ആന്റോയ്ക്കാണ് അക്രമത്തില്‍ മാരകമായി പരിക്കേറ്റത്. മത്സ്യത്തൊഴിലാളിയായ ആന്റോ രാവിലെ പള്ളിത്തോട് ജംഗ്ഷനില്‍ ചായകുടിക്കാന്‍ എത്തിയപ്പോള്‍ മുന്‍വിരോധം തീര്‍ക്കാന്‍ കാത്തിരുന്ന ടോമിയും മകന് ലിന്റോയും ചേര്‍ന്ന് ഇരുമ്പ് പൈപ്പുകള്‍ കൊണ്ട് ആക്രമിച്ചെന്നായിരുന്നു കേസ്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.ജി. രാധാകൃഷ്ണന് ഹാജരായി.