കളക്ടറേറ്റിനു മുമ്പിലെ സത്യഗ്രഹ സമരം തുടരുന്നു : നെല്‍കര്‍ഷകരുടെ മാര്‍ച്ച് ഇന്ന്
1482927
Friday, November 29, 2024 1:55 AM IST
ആലപ്പുഴ: നെല്‍കര്‍ഷകരോടുള്ള സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്നും വൃശ്ചിക വേലിയേറ്റത്തിലെ വെള്ളപ്പൊക്കവും ഉപ്പുവെള്ളവും തടയുവാന്‍ തണ്ണീര്‍മുക്കം ഷട്ടറുകള്‍ പൂര്‍ണമായും റഗുലേറ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് നെല്‍കര്‍ഷക സംരക്ഷണ സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലപ്പുഴ കളക്ടറേറ്റിനു മുമ്പില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സോണിച്ചന്‍ പുളിങ്കുന്നും വൈസ് പ്രസിഡന്റ് ലാലിച്ചന്‍ പള്ളിവാതുക്കലും നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരം തുടരുന്നു.
വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ കളക്ടര്‍ ഇന്നലെ വിളിച്ചുചേര്‍ത്ത ചര്‍ച്ച പരാജയപ്പെട്ടു. തണ്ണീര്‍മുക്കം ബണ്ട് തുറക്കുന്നതില്‍ സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് ജില്ലാ കളക്ടര്‍ സമര സമിതി നേതാക്കളോട് പറഞ്ഞത്.
ഇന്നു രാവിലെ 11ന് കോട്ടയം, പത്തനംതിട്ട ജില്ലാ കളക്ടര്‍മാരുടെ യോഗം വിളിച്ച് വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും ആലപ്പുഴ കളക്ടര്‍ സമരസമിതി ഭാരവാഹികള്‍ക്ക് ഉറപ്പുനല്‍കി. തോമസ് കെ.തോമസ് എഐല്‍എ, നെല്‍ക്കര്‍ഷക സംരക്ഷണസമിതി സംസ്ഥാന രക്ഷാധികാരി വി.ജെ. ലാലി, പ്രസിഡന്റ് റെജീന അഷറഫ്,
കോ-ഓര്‍ഡിനേറ്റര്‍ ജോസ് കാവനാട്, വൈസ് പ്രസിഡന്റുമാരായ വേലായുധന് നായര്‍, രാധാകൃഷ്ണപിള്ള എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇന്നു രാവിലെ പത്തിന് നെല്‍ക്കര്‍ഷക സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടറേറ്റിലേക്കു മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചിട്ടുണ്ട്.