പ്രതീക്ഷയുടെ വിത്തെറിഞ്ഞ് ചെന്നിത്തല പാടശേഖരം
1482922
Friday, November 29, 2024 1:50 AM IST
മാന്നാർ: കാലാവസ്ഥാ വ്യതിയാനം കാരണം കഴിഞ്ഞ മൂന്നു വർഷവും കൃഷിനശിച്ച അഞ്ചാം ബ്ലോക്ക് പാടശേഖരത്തിൽ ഇത്തവണയും കൃഷി നടത്തും.
കർഷകർ ഏറെ പ്രതീക്ഷയോടെ നിലമൊരുക്കി പാടത്ത് വിത്തുകൾ വിതച്ചുതുടങ്ങി. കാലാവസ്ഥ ഇത്തവണ പ്രതീക്ഷകളെ തച്ചുടയ്ക്കില്ലെന്ന വിശ്വാസത്തിൽ 352 ഏക്കർ വരുന്ന പാടശേഖരത്തിലാണ് ഇത്തവണ വിത തുടങ്ങിയത്. വരിനെല്ലുകൾ കിളിർപ്പിച്ച് മരുന്നടിച്ച് പിന്നീട് വെള്ളം കയറ്റി വറ്റിച്ചശേഷമാണ് കൃഷി നടത്തുന്നത്. ഇതിന് ഭാരിച്ച ചെലവാണ് ഇക്കുറി ഉണ്ടായിരിക്കുന്നതെന്നു കർഷകരായ എടത്വ രാജേഷും വർഗീസും പറഞ്ഞു.
വിത ഉത്സവം പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പാടശേഖരസമിതി പ്രസിഡന്റ് ഏബ്രഹാം പി. ജോൺ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രവികുമാർ കോമന്തിയേത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉമാ താരാനാഥൻ, കൃഷി ഓഫീസർ ചാൾസ് ഐസക്ക് ദാനിയേൽ, പാടശേഖര സമിതി അംഗങ്ങളായ ജോർജ് ഫിലിപ്പ്, സുഗതൻ, മാത്യു, സോമനാഥൻ, രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.