സഹോദയ സിബിഎസ്ഇ ജില്ലാ ഫുട്ബോള്‍ മേള വയലാറില്‍
1483407
Sunday, December 1, 2024 12:12 AM IST
ചേര്‍ത്തല: സഹോദയ സിബിഎസ്ഇ ജില്ലാ ഇന്റര്‍ സ്കൂള്‍ ഫുട്ബോള്‍ മേള ഡിസംബര്‍ മൂന്നുമുതല്‍ ആറുവരെ വയലാര്‍ പണിക്കവീട്ടില്‍ സര് സെബാസ്റ്റ്യന്‍ സീനിയര്‍ സെക്കൻഡറി സ്കൂള്‍ സ്റ്റേഡിയത്തില്‍ നടക്കും.
ജില്ലയിലെ 70 സ്കൂളുകളില്‍നിന്നായി 51 ടീമുകളാണ് മൂന്നു വിഭാഗങ്ങളിലായുള്ള മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. പെണ്‍കുട്ടികളുടെ 11 ടീമും ആണ്‍കുട്ടികളുടെ 40 ടീമുകളുമാണ് പങ്കെടുക്കുന്നതെന്ന് സ്കൂള്‍ മാനേജര്‍ ഫാ. ലിനോസ് പണിക്കവീട്ടില്‍, സഹോദയ ജില്ലാ സെക്രട്ടറി ആശാ യതീഷ്, ട്രഷറര്‍ ഡയാന ജേക്കബ്, പണിക്കവീട്ടില്‍ ട്രസ്റ്റ് സെക്രട്ടറി ടി.എഫ്. ജേക്കബ്, കായികാധ്യാപകന് എന്‍. തിലകന് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പെണ്‍കുട്ടികള്‍ക്ക് പൊതുവായും ആണ്‍കുട്ടികള്‍ക്ക് അണ്ടര്‍ 16, അണ്ടര്‍ 19 വിഭാഗങ്ങളിലുമായാണ് മത്സരങ്ങള്‍. പണിക്കവീട്ടില്‍ സ്കൂള്‍ മാനേജ്മെന്റും ജീവനക്കാരും രക്ഷിതാക്കളും ചേര്‍ന്നാണ് മേളയ്ക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നത്. മേളയ്ക്കുശേഷം ഓഡിറ്റോറിയത്തില്‍ കായിക പരിശീലനവും നടത്തുന്നുണ്ട്. മൂന്നിന് രാവിലെ 10ന് എ.എം. ആരിഫ് ഉദ്ഘാടനം ചെയ്യും. മാനേജര്‍ ഫാ.ലിനോസ് പണിക്കവീട്ടില്‍ പതാക ഉയര്‍ത്തും. ആറിനു നടക്കുന്ന സമാപനസമ്മേളനത്തില്‍ ചേര്‍ത്തല എസിപി ഹരീഷ് ജയിന് സമ്മാനദാനം നിര്‍വഹിക്കും.