കാറ്റു മഴയും: മത്സ്യബന്ധന വള്ളം മുങ്ങി
1483409
Sunday, December 1, 2024 12:12 AM IST
ചേര്‍ത്തല: ശക്തമായ കാറ്റിൽ ചെത്തി കടൽത്തീരത്ത് മത്സ്യബന്ധനത്തിനുശേഷം നങ്കൂരമിട്ടിരുന്ന മത്സ്യബന്ധനവള്ളം കടലിൽ മുങ്ങി. ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും അർത്തുങ്കൽ കാക്കരയിൽ യേശുദാസ് ജോണിന്റെ ഉടമസ്ഥയിലുള്ള സുവിശേഷം എന്ന ബോട്ടും ചെത്തി പുത്തൻപുരയ്ക്കൽ സെബാസ്റ്റ്യൻ സൈജുവിന്റെ ഉടമസ്ഥതയിലുള്ള പുത്തൻപുര എന്ന മത്സ്യബന്ധനബോട്ടുമാണ് കടലിൽ മുങ്ങിയത്.
ബോട്ടിൽ ഉണ്ടായിരുന്ന മത്സ്യബന്ധന വലയും എൻജിനും ഉൾപ്പെടെ ഉപകരണങ്ങൾ കടലിൽ മുങ്ങി. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ റെസ്ക്യു ബോട്ട് ഉപയോഗിച്ച് മത്സ്യത്തൊഴിലാളികളുടെ സഹായത്തോടുകൂടി രണ്ടു വള്ളങ്ങളും വലയും തീരത്ത് എത്തിച്ച് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കരയിലേക്ക് കയറ്റി. രണ്ടു മത്സ്യബന്ധനവള്ളങ്ങള്ക്കും വലിയ നാശനഷ്ടമാണ് സംഭവിച്ചത്.