അഞ്ചു കുടുംബങ്ങൾക്ക് വീടൊരുക്കാൻ മെഴുകുതിരി ചലഞ്ച്
1482925
Friday, November 29, 2024 1:55 AM IST
ഹരിപ്പാട്: സമാധാനത്തിന്റെ സന്ദേശമുയർത്തി പുൽക്കൂട്ടിൽ ഉണ്ണിയേശു പിറന്ന മാസത്തിൽ കിടക്കാനിടമില്ലാത്ത അഞ്ചു കുടുംബങ്ങൾക്ക് കരുതൽ ഉച്ചയൂണ് കൂട്ടായ്മ കിടക്കാനിടമൊരുക്കുന്നു.
തോട്ടപ്പള്ളി, മുതുകുളം, കാർത്തികപ്പള്ളി, പള്ളിപ്പാട്, കരുവാറ്റ എന്നിവിടങ്ങളിലാണ് നിർധനരായ അഞ്ചു കുടുംബങ്ങൾക്ക് തലചായ്ക്കാനിടമൊരുക്കുന്നത്. കിടക്കാനൊരിടം എന്ന ലക്ഷ്യവുമായി കത്തിച്ച മെഴുകുതിരിയുമായാണ് ഇതിനായുള്ള പണം കണ്ടെത്താൻ കരുതലിന്റെ പ്രവർത്തകർ ഓരോ വീടും കയറിയിറങ്ങുന്നത്.
ഡിസംബർ 20ന് ആദ്യവീടിന്റെ ഗൃഹപ്രവേശം നടത്താനാണ് തീരുമാനം. ഇന്നു രാവിലെ 10ന് മെഴുകുതിരി ചലഞ്ചിന്റെ ഉദ്ഘാടനം ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് നിർവഹിക്കും. കാർത്തികപ്പള്ളി വാലിയിൽ ചെല്ലപ്പൻ മുതലാളി ആദ്യ സംഭാവന നൽകും.
കരുതൽ ഉച്ചയൂണ് കൂട്ടായ്മ ചെയർമാൻ ഷാജി കെ. ഡേവിഡ് നേതൃത്വം നല്കും. കുട്ടായ്മയുടെ നേതൃത്വത്തിൽ 75 വീടുകൾ ഇതിനോടകം നിർമിച്ചു നല്കിയിട്ടുണ്ട്.