നെൽകർഷക നിരാഹാര സമരം: കളക്ടറേറ്റ് മാർച്ച് നടത്തി
1483242
Saturday, November 30, 2024 4:51 AM IST
ആലപ്പുഴ: വേലിയേറ്റം തടയാൻ തണ്ണീർമുക്കം ബണ്ട് റഗുലേറ്റ് ചെയ്യുക, നാലു വർഷങ്ങളിലായി കേന്ദ്രസർക്കാർ നല്കിയ എംഎസ്പി അടക്കം കിലോയ്ക്ക് 32 രൂപ 52 പൈസ വില നല്കുക, ഹാൻഡ്ലിംഗ് ചാർജ് സമ്പൂർണമായും സർക്കാർ നല്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നെൽകർഷക സംരക്ഷണസമിതി സംസ്ഥാന നേതാക്കളായ സോണിച്ചൻ പുളിങ്കുന്ന്, ലാലിച്ചൻ പള്ളിവാതുക്കൽ എന്നിവർ കഴിഞ്ഞ നാലു ദിവസമായി ആലപ്പുഴ കളക്ടറേറ്റ് പടിക്കൽ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സത്യഗ്രഹ സമരാവശ്യങ്ങൾ അംഗീകരിച്ച് സത്യഗ്രഹികളുടെ ജീവൻ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടറേറ്റിലേക്ക് കർഷക മാർച്ച് നടത്തി.
എൻകെഎസ്എസ് സംസ്ഥാന പ്രസിഡന്റ് റജീന അഷറഫ് സമരം ഉദ്ഘാടനം ചെയ്തു. മാവേലിക്കര ഭദ്രാസനം അധിപൻ ജോഷ്വാ മാർ ഇഗ്നാത്തിയോസ് മുഖ്യപ്രസംഗം നടത്തി. വർക്കിംഗ് പ്രസിഡന്റ് പി.ആർ. സതീശൻ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി വി.ജെ. ലാലി ഇഎംഎസ് സ്റ്റേഡിയത്തിൽ നിന്നു കർഷകമാർച്ച് ഫ്ലാഗ് ഓഫ് ചെയ്തു.
വൈസ് പ്രസിഡന്റ് വേലായുധൻ നായർ, ജോസ് കാവനാട്, കെ.ബി. മോഹനൻ, മാത്യു തോമസ്, ഷാജി മുടന്താഞ്ഞിലി, ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന വൈ. പ്രസിഡന്റ് തോമസ് ജോസഫ് ഇല്ലിക്കൽ, ബിജെപി നേതാവ് പ്രസന്നകുമാർ, കരിമണൽ ഖനനവിരുദ്ധ സമരസമിതി നേതാവ് സുരേഷ് കുമാർ തോട്ടപ്പള്ളി, എഐകെകെഎംഎസ് സംസ്ഥാന കമ്മിറ്റിയംഗം ബി. ഭദ്രൻ, ബെന്നി അലക്സ്, എകെസിസി പുളിങ്കുന്ന് ഫൊറോന സെക്രട്ടറി ഫാ. ജോജോ കുര്യൻ പറമ്പിൽ, ജോജോ ജോസഫ് കളത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.