കലയുടെ സർഗവസന്തം
1483233
Saturday, November 30, 2024 4:51 AM IST
കീബോർഡിൽ വിസ്മയം തീർത്ത് യാസീൻ
കായംകുളം: വൈകല്യങ്ങളെ അതിജീവിച്ച് സ്വയം കീബോർഡ് പഠിച്ച് താരമായ ഉജ്വല ബാല്യ പുരസ്കാര ജേതാവ് മാസ്റ്റർ മുഹമ്മദ് യാസീൻ ജില്ലാ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ കീബോർഡിൽ വിസ്മയം തീർത്ത് സദസിലെ കാണികളുടെ മനംകവർന്നു.
ഏഴാം ക്ലാസുകാരനായ യാസീൻ ജന്മനാ കൈകാലുകൾക്ക് പരിമിതിയുണ്ടെങ്കിലും കണ്ണുകെട്ടി കീബോർഡ് വായിക്കുമെന്ന് മാത്രമല്ല മനോഹരമായി നൃത്തവും ചെയ്യും. പ്രയാർവടക്ക് എസ്എസ് മൻസിലിൽ ഷാനവാസ്-ഷൈല ദമ്പതികളുടെ മൂത്തമകനാണ് യാസീൻ. അനുജൻ അൽ അമീൻ നാലാം ക്ലാസില്‍ പഠിക്കുന്നു.
ചുവടിൽ ആവേശം നിറച്ച് ഹോളി ഫാമിലി
കായംകുളം: ആയോധന കലയുടെ ചടുലതയില്‍ ഓരോ ചുവടിലും ആവേശം നിറച്ച് ജില്ലാ കലോത്സവത്തിലെ പരിചമുട്ട് മത്സരം കാണികളെ വിസ്മയിപ്പിച്ചു. സെന്റ് മേരീസ് ഗേള്‍സ് എച്ച്എസ്എസിലെ വേദി 11ല്‍ നടന്ന മത്സരത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ ചേര്‍ത്തല മുട്ടം ഹോളി ഫാമിലി എച്ച്എസ്എസ് ഒന്നാം സ്ഥാനം നേടി.
റവന്യു ജില്ലാ കലോത്സവത്തില്‍ തുടര്‍ച്ചയായി മൂന്നാം തവണ ഹാട്രിക് വിജയത്തോടെയാണ് ഇത്തവണ ഒന്നാം സ്ഥാനം നേടിയത്. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ രണ്ടുതവണ എ ഗ്രേഡ് നേടിയിട്ടുണ്ട്.
കോട്ടയം മണര്‍കാട് കുഞ്ഞപ്പന് ആശാനാണ് പരിശീലകന്. ഹയര്‍ സെക്കന്‍ഡറി വിഭാഗം പരിചമുട്ടില്‍ സെന്റ് ഫ്രാന്‍സിസ് അസീസി എച്ച്എസ്എസ് അര്‍ത്തുങ്കല്‍ ഒന്നാം സ്ഥാനം നേടി.
കായകുളം: അനേകം കലാകാരന്മാർക്ക് ജന്മം നൽകിയ കെപിഎസിയുടെ തട്ടകമായ ഓണാട്ടുകരയുടെ സർഗഭൂമിയിൽ കൗമാര കലാമാമാങ്കത്തിന് തിരിതെളിഞ്ഞു. കായംകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ യു. പ്രതിഭ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ പി. ശശികല അധ്യക്ഷയായി. സീരിയൽ താരം നിഷ യൂസഫ് ഭദ്രദീപം തെളിച്ചു.
സംസ്ഥാന സർക്കാർ ഉജ്വല ബാല്യ പുരസ്കാര ജേതാവ് മാസ്റ്റർ മുഹമ്മദ് യാസീൻ, കലോത്സവ ലോഗോ രൂപകൽപ്പന ചെയ്ത അസ്കർ അലി ചെമ്പക ലാൻഡ് എന്നിവരെ ആദരിച്ചു.