ചിന്നക്കട ബസ് ബേയിൽ മിനി ശീതളപാനീയ ബൂത്ത് പരിഗണിക്കണം: മനുഷ്യാവകാശ കമ്മീഷൻ
1588941
Wednesday, September 3, 2025 6:25 AM IST
കൊല്ലം : ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് സമീപമുള്ള ബസ് ബേ കെട്ടിടത്തിനുള്ളിൽ ഒരു മിനി ശീതള പാനീയ ബൂത്ത് സ്ഥാപിക്കുന്നത് നഗരസഭയും ടൗൺ വെന്റിംഗ് കമ്മറ്റിയും പരിഗണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത ഉത്തരവിട്ടു.
തിരക്കേറിയ സ്ഥലമാണ് ഇതെന്നും യാത്രക്കാർക്ക് ബസ് ബേ കെട്ടിടത്തിനുള്ളിൽ ഒരു ശീതളപാനീയ ബൂത്ത് സ്ഥാപിക്കുന്നത് ഉചിതമായിരിക്കുമെന്നും ഉത്തരവിൽ പറഞ്ഞു. സ്വീകരിച്ച നടപടികളെ കുറിച്ച് രണ്ടു മാസത്തിനകം കൊല്ലം കോർപറേഷൻ സെക്രട്ടറി കമ്മീഷനെ അറിയിക്കണം.
ശീതളപാനീയ ബൂത്ത് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് 25 ഓളം പേർ ഒപ്പിട്ട് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. ജില്ലയിലെ തന്നെ ഇതിലും വലിപ്പം കുറഞ്ഞ ബസ് ബേകളിൽ ബൂത്തുകൾ പ്രവർത്തിക്കുന്നുണ്ടെന്നും പരാതിക്കാർ അറിയിച്ചു.
കമ്മീഷൻ കോർപറേഷൻ സെക്രട്ടറിയിൽ നിന്നും അന്വേഷണ റിപ്പോർട്ട് വാങ്ങി. പോസ്റ്റ് ഓഫീസ് കെട്ടിടത്തിന് സമീപമുള്ള ബസ് ബേയുംപരിസര പ്രദേശങ്ങളും വഴിയോര കച്ചവടം നിരോധിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടതാണെന്നും ടൗൺ വെന്റിംഗ് കമ്മറ്റി കച്ചവട നിരോധിത മേഖലയായി തീരുമാനിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ ബസ് ബേക്കുള്ളിൽ സ്ഥാപിച്ചിട്ടുള്ള റാമ്പിന് സമീപം മിൽമ ബൂത്തിന് സ്ഥലം അനുവദിക്കാവുന്നതാണെന്നും ഇല്ലെങ്കിൽ ആളുകൾ മാലിന്യം കൂട്ടിയിട്ട് ഉപദ്രവമായി മാറുമെന്നും ജില്ലാ കളക്ടർക്ക് ചിലർ അപേക്ഷ നൽകിയിട്ടുണ്ട്. ബൂത്ത് സ്ഥാപിക്കുന്നതു കൊണ്ട് ഗതാഗതകുരുക്കുണ്ടാവില്ലെന്ന് റോഡ് സേഫ്റ്റി അഥോറിറ്റിയും മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
ബസ് ബേയിൽ ബൂത്ത് സ്ഥാപിക്കുന്നതിൽ നഗരസഭ മുമ്പെടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്ന് കമ്മീഷൻ നിർദേശിച്ചു. തെക്കേവിള സ്വദേശികളായ പോളയിൽ രവി, കെ. രാജമ്മ എന്നിവർ സമർപ്പിച്ച പരാതിയിലാണ് നടപടി.