മത്സ്യത്തൊഴിലാളികൾക്ക് 1000 രൂപയും അരിയും വാഗ്ദാനം ജലരേഖയായി
1588950
Wednesday, September 3, 2025 6:39 AM IST
അജി വള്ളിക്കീഴ്
കൊല്ലം: കപ്പൽ അപകടങ്ങളെ തുടർന്നു പ്രശ്ന ബാധിതരായ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കുള്ള ആയിരം രൂപയും ആറുകിലോ അരിയും എന്ന വാഗ്ദാനം ജലരേഖയായി. കപ്പൽ ദുരന്തത്തിൽ കണ്ടെയ്നറുകൾ കടലിൽ വീണതോടെ മത്സ്യബന്ധനം തന്നെ മുടങ്ങിയ അവസ്ഥയിലാണ് പ്രശ്ന ബാധിതരായ മത്സ്യ ത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും 1000 രൂപയും ആറ് കിലോ അരിയും സമാശ്വാസമായി നൽകുമെന്ന് സർക്കാർ പ്രഖ്യാപനം ഉണ്ടാവുന്നത്.
കപ്പൽ അപകടത്തെ തുടർന്നു കടലിൽ പോകാൻ കഴിയാതെയും സങ്കീണമായ തുടർന്നുള്ള നാളുകളിൽ കടലിൽ പോയി വലകൾക്കും യാനങ്ങൾക്കും ബോട്ടുകൾക്കും ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായ മത്സ്യത്തൊഴിലാളികൾക്കും സർക്കാർ ഇതേവരെ യാതൊരു സഹായവും നൽകിയിട്ടില്ല.
ട്രോളിംഗ് നിരോധനം പിൻവലിക്കുന്ന സാഹചര്യത്തിൽ മത്സ്യബന്ധനത്തിനു പോകാനാവാതെ കഷ്ടത്തിലായ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ആശ്വാസമായിട്ടാണ് 1000 രൂപയും ആറ് കിലോ അരിയും സർക്കാർ വാഗ്ദാനം ചെയ്യുന്നത്.
കൊല്ലം,തിരുവനന്തപുരം,ആലപ്പുഴ, എറണാകുളം ജില്ലകളിലെ പ്രശ്ന ബാധിതരായ മത്സ്യത്തൊഴി ലാളി കുടുംബങ്ങൾക്കു മുഖ്യമന്ത്രിയുടെ വാഗ്ദാനം ഉണ്ടാവുന്നതു പുതിയ അധ്യയന വർഷം കുട്ടികളെ സ്കൂളിൽ ചേർക്കുന്ന സമയത്തായിരുന്നു. കിട്ടുന്ന ചെറിയ സഹായം കൊണ്ട് കുട്ടികൾക്ക് സ്കൂൾ ബാഗുകൾ എങ്കിലും വാങ്ങാമെന്നു കരുതി കാത്തിരുന്ന മത്സ്യത്തൊഴിലാളികൾക്ക് നിരാശയായിരുന്നു ഫലം.
മത്സ്യത്തൊഴിലാളികൾ 20 നോട്ടിക്കൽ ഒഴിവാക്കി മത്സ്യബന്ധനം നടത്തണമെന്നും കപ്പൽ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതായും അറിയിച്ച സർക്കാർ, ദുരന്ത ബാധിതരായ മത്സ്യത്തൊഴിലാളികൾക്ക് മറ്റൊരു സഹായവും നൽകാൻ ഇതുവരെ കൂട്ടാക്കിയിട്ടില്ല.
പ്രഖ്യാപിച്ച നാമമാത്ര സഹായം ആവട്ടെ സിപിഎം നേതൃത്വം നൽകുന്ന മത്സ്യത്തൊഴിലാളി സംഘങ്ങളിൽ അംഗങ്ങളായ നാമമാത്രമായവർക്ക് മാത്രമാണ് വിതരണം ചെയ്തത്. മരുത്തടി ഡിവിഷനിൽ 12 കുടുംബങ്ങൾക്കും ശക്തികുളങ്ങര ഡിവിഷനിൽ എട്ടുകുടുംബങ്ങൾക്കും മീനത്ത് ചേരി ഡിവിഷനിൽ ഏഴു കുടുംബങ്ങൾക്കും മാത്രമാണ് 1000 രൂപയും ആറ് കിലോ അരിയും കിട്ടിയത്.
സർക്കാർ വാഗ്ദാനം വഞ്ചനയായെന്നാണ് കൊല്ലം തീരത്ത് ഏറ്റവും കൂടുതൽ മത്സ്യത്തൊഴിലാളി കളുള്ള ഡിവിഷനുകളിലെ കൗൺസിലർമാർ കുറ്റപ്പെടുത്തുന്നത്. വിരലിൽ എണ്ണാവുന്ന കുടുംബങ്ങൾക്കു മാത്രമാണ് സഹായം കിട്ടിയതെന്നു കൗൺസിലർമാർ പറയുന്നു. കപ്പൽ ദുരന്തവുമായി ബന്ധപ്പെട്ടു നഷ്ടപരിഹാരത്തിനായി മത്സ്യത്തൊഴിലാളി സംഘടനകൾ കോടതിയെ സമീപിച്ചതോടെ സഹായ വിതരണം നിർത്തിവെക്കുകയായിരുന്നു.