വിശപ്പിനു വിട: തീരദേശത്ത് കാരുണ്യത്തിന്റെ നദി ഹൃദയപൂര്‍വം ഒഴുകുന്നു
1588940
Wednesday, September 3, 2025 6:25 AM IST
ജോണ്സണ് വേങ്ങത്തടം
കൊല്ലം: പൊതിച്ചോറിന്റെ വിലയറിയുന്നവരാണ് ഈ തീരദേശത്തുള്ള എല്ലാം നഷ്ടപ്പെട്ടവര്‍. എല്ലാ ദിവസവും വീട്ടിലേക്കു കയറിവന്നു പൊതിച്ചോറുനല്കുന്ന ഈ കാരുണ്യമുഖം വേണ്ടുവോളം ആസ്വദിക്കുന്നവരാണ് ഈ പട്ടിണിപാവങ്ങള്‍. ഒരു ദിവസം പോലും പട്ടിണി എന്താണെന്ന് ഇന്നവരറിയുന്നില്ല. ഇതില്‍ ജാതിമതഭേദമേന്യ എല്ലാവരുമുണ്ട്.
ഡോണ്‍ബോസ്കോ സലേഷ്യന്‍ (എസ്ഡിബി)സഭയിലെ വൈദികരുടെ നേതൃത്വത്തിലുള്ള പള്ളിത്തോട്ടം കനാല്റോഡിലെ ഫിഷര്‍മെന്‍ കമ്യൂണിറ്റി ഡവലപ്മെന്റ് പ്രോഗ്രാം ആന്‍ഡ് തീരദേശ മഹിളാ സൊസൈറ്റിയുടെ കീഴിലാണ് വിശപ്പിനുവിട എന്ന പദ്ധതി നടപ്പിലാക്കിവരുന്നത്. എനിക്കു വിശന്നു നിങ്ങള്‍ എനിക്കു ഭക്ഷിക്കാന്‍ തന്നുവെന്ന ഒറ്റ വചനം മാത്രമായിരുന്നു ഈ പ്രസ്ഥാനത്തിനു വിത്തിടുമ്പോള്‍ ഇവരുടെ മനസിലുണ്ടായിരുന്നത്. നൂറുക്കണക്കിനു വയറുകളെ തീറ്റിപ്പോറ്റാന്‍ കഴിഞ്ഞില്ലെങ്കിലും ഒരാളെങ്കിലും പട്ടിണിയില്ലാതെ കിടക്കുന്നതുകാണാനുള്ള കൊതിയായിരുന്നു ഇതിനുപിന്നില്‍.
ഒമ്പതുവര്ഷംമുമ്പു ഫാ. ജോബി സെബാസ്റ്റ്യന്റെ കാലത്താണ് വിശപ്പിനുവിട എന്ന പദ്ധതി ആരംഭിക്കുന്നത്. ഇന്നു ഫാ. സജി ഇളമ്പാശേരില്‍ എസ്ഡിബി ഡയറക്ടറായി മുന്നോട്ടു കൊണ്ടുപോകുന്ന പദ്ധതിയിലൂടെ 150 ഓളം വീടുകളിലെ ആരുമില്ലാത്ത വയോജനങ്ങള്‍, രോഗികള്‍, തളര്‍ന്നുകിടക്കുന്നവര്‍, മക്കള്‍ ഉപേക്ഷിച്ച മാതാപിതാക്കള്‍ തുടങ്ങിയവരെ കണ്ടെത്തി പൊതിച്ചോറു നേരിട്ടെത്തിക്കുന്നു.
ചോറുമാത്രമല്ല, വിശേഷദിവസങ്ങളില്‍ ബിരിയാണി, പായസം, പഴവര്‍ഗങ്ങള്‍, സ്പെഷല്‍ ഭക്ഷണങ്ങളെല്ലാം ഇവരുടെ മുന്നിലെത്തിക്കും. പുതിയ ഡ്രസും മരുന്നുമെല്ലാം ഇവരുടെ ആവശ്യത്തിനെത്തിക്കാനും ഇവര്‍ മടിക്കാറില്ല. ഇരവിപുരം മുതല്‍ തങ്കശേരിയും പ്രാന്തപ്രദേശങ്ങളിലുമാണ് ഭക്ഷണ പാക്കറ്റുകള്‍ വിതരണംചെയ്യുന്നത്. വീട്ടമ്മമാരുടെ ഒരു സംഘം തന്നെയുണ്ട് ഇതിനു പിന്നില്‍. വെളുപ്പിനെ നാലിനു കമ്യൂണിറ്റി കിച്ചന് ആരംഭിക്കും. രാവിലെ ഒമ്പരയ്ക്കുമുന്നേ എല്ലാം റെഡിയാകും.11.30നു തുടങ്ങി ഉച്ചക്ക് ഒന്നിനു വിതരണം പൂര്‍ത്തിയാക്കും.
ചോറ്, ഇറച്ചി അല്ലെങ്കില്‍ മീന്‍, തോരന്‍, അച്ചാറ്, ഒഴിച്ചുകറി ( രസം അല്ലെങ്കില്‍ മോര്), അവിയല്‍, കപ്പ തുടങ്ങിയെല്ലാം ഇതിലുണ്ടാകും. ഓരോ ദിവസവും മെനുമാറുന്നുണ്ട്. ഫിഷര്‍മെന്‍ കമ്യൂണിറ്റി ഡവലപ്മെന്റ് പ്രോഗ്രാം ചെയര്‍പേഴ്സണ്‍ ആഗ്നസ് ജോണും തീരദേശ മഹിളാ സൊസൈറ്റിയുടെ പ്രസിഡന്റ് ലെറ്റിഷ്യാ മാര്‍ട്ടിനുമാണ്. എന്നാല്‍ വിശപ്പിനു വിടയുടെ കോര്‍ഡിനേറ്റര്‍ മിനി മേരി, പ്രോഗ്രാം മാനേജര്‍ ഗ്രേറ്റ രാജു,
കമ്യൂണിറ്റി കിച്ചന്റെ സൂപ്പര്‍വൈസര്‍ സിന്ധുജറാള്ഡ്, സെലിന് ജ്ഞാനപ്രകാശ്, റാണി അലക്സാണ്ടര്‍, സീമ ആന്റണി തുടങ്ങിയവരുടെ കഠിനാധ്വാനമാണ് ഈ പൊതിച്ചോറിനുപിന്നിലുള്ളത്. എല്ലാ ഭവനത്തിലും നേരിട്ടെത്തിക്കാന്‍ ദിവസവും 35 ലധികം കിലോമീറ്റര്‍ ഓട്ടോറിക്ഷ ഓടിക്കുന്നതു സെല്‍വറാണി എന്ന പ്രവര്‍ത്തകയാണ്.
അര്‍ഹതപ്പെട്ടവരില്‍ പൊതിച്ചോറ് എത്തുന്നുവെന്നതാണ് വിശപ്പിനു വിട എന്ന പദ്ധതിയുടെ പ്രത്യേകത. പൊതിച്ചോറുനല്കണമെന്ന ഒരു ശിപാര്‍ശ വന്നാല്‍ ഇതുപരിശോധിക്കാന്‍ ഒരു സംഘം തന്നെയുണ്ട്. ഇവര്‍ പ്രാദേശിക സംഘങ്ങളുമായി ബന്ധപ്പെട്ടു പരിശോധിച്ചശേഷം മാത്രമേ അര്‍ഹതപ്പെട്ടവര്‍ക്കു നല്‍കാറുള്ളൂ.ഒരു വര്‍ഷത്തേക്കാണ് ഈ പദ്ധതി ആരംഭിച്ചത്. എന്നാല്‍ ഒമ്പതുവര്‍ഷമായിട്ടും നിന്നുപോകാതെ ഇതിനെ പരിപാലിക്കുന്നതു നാട്ടുകാരായ സ്പോൺസർമാരാണ്. ഒന്നുമില്ലായ്മയിൽ നിന്നും സഹായം ചെയ്യുന്നവരുമുണ്ട്.
കൊല്ലത്തുതന്നെയുള്ള കുറച്ചാളുകള്‍ ഈ പദ്ധതിക്കുവേണ്ടി സഹായം ചെയ്യുന്നതുകൊണ്ടാണ് നിന്നുപോകാത്തത്. ജന്മദിനങ്ങള്, വിവാഹവാര്‍ഷികം, ചരമവാര്‍ഷികം ഇത്തരം ദിവസങ്ങളിലും സഹായം എത്തിക്കുന്നുണ്ട്. പാചകംതയാറാക്കാന് വിറക്, പൊതിചോറ് കെട്ടാന്‍ പത്രക്കടലാസ് തുടങ്ങിയവയെല്ലാം ഈ നാട്ടുകാര്‍ നല്കിവരുന്നു. നമ്മുടെ തീരദേശപ്രദേശങ്ങളില്‍ രോഗികളായവരും ആരും നോക്കാനില്ലാത്തവരുമായ ധാരാളം പേരുണ്ട്. കൂടുതല്‍ പേരിലേക്കു പൊതിച്ചോറെത്തിക്കാനുള്ള പരിശ്രമത്തിലാണ് ഈ പദ്ധതിയെന്നും ഫാ. സജി ഇളമ്പാശേരില്‍ പറയുന്നു.