ഓണത്തിരക്കിൽ നഗരം
1588939
Wednesday, September 3, 2025 6:25 AM IST
കൊല്ലം: തിരുവോണത്തിനു മൂന്നു ദിവസം മാത്രം ബാക്കി നിൽക്കെ, കൊല്ലം ഓണാഘോഷത്തിന്റെ തിരക്കിൽ. അത്തപ്പൂക്കളം ഒരുക്കാനും സദ്യ ഒരുക്കാനും പുതുവസ്ത്രങ്ങൾ വാങ്ങാനും സാധനങ്ങൾ വാങ്ങുവാനുമൊക്കെയായി ആളുകൾ ഇറങ്ങുന്നതിനാൽ നഗര റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി.
ഓണത്തിന് തൊട്ടുമുൻപുള്ള അവധി ദിവസമായ ഞായറാഴ്ച മുതൽ നഗരത്തിലേക്കുള്ള എല്ലാ റോഡുകളിലും വാഹനങ്ങൾ ഗതാഗത കുരുക്കിൽ കുടുങ്ങി കിടക്കുകയാണ്. മെയിൻ റോഡുകളിൽ ഗതാഗതക്കുരുക്ക് പ്രതീക്ഷിച്ച് അത് ഒഴിവാക്കിയവർ സൈഡ് റോഡുകളിൽ കുടുങ്ങി. ചെറിയ ദൂരം സഞ്ചരിക്കാൻ പോലും ആളുകൾ മണിക്കൂറുകളോളം വാഹനങ്ങളിൽ ചെലവഴിക്കേണ്ടി വന്നു.
ഷോപ്പിംഗിനായി നഗരത്തിലേക്ക് വരുന്നവരുടെ വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്യുന്നതിനാലാണ് കൂടുതൽ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത്.ഓണത്തിനു തിരക്കാണെങ്കിലും മാവേലിമാരുടെ സാന്നിധ്യമില്ലാത്ത നാടായി കൊല്ലം മാറുന്നു. അപൂർവമായി മാത്രമാണ് മാവേലിയെ നഗരത്തിൽ കാണാൻ സാധിക്കുന്നുള്ളൂ. എന്നാൽ ഓണത്തിന്റെ പകിട്ടൊന്നും കുറയാതെ നഗരം തിരക്കിലേക്കും ആഘോഷത്തിലേക്കും കടന്നിട്ടുണ്ട്.
സ്ഥാപനങ്ങളിലെ ഓണാഘോഷത്തിന്റെ ചൂടാണ് ഇപ്പോൾഅരങ്ങേറുന്നത്. സർക്കാരിന്റെ വിവിധ വകുപ്പുകളിലും അർധസർക്കാർ, സ്വകാര്യസ്ഥാപനങ്ങളിലും ജീവനക്കാർ ഓണാഘോഷത്തിലാണ്.
ഓണവേഷത്തിലാണ് ഭൂരിപക്ഷവും നഗരത്തിലേക്ക് ഇറങ്ങുന്നത്.കൊല്ലത്തെ ഓണം ആഘോഷമാക്കാൻ ആശ്രാമമൈതാനിയിൽ നിരവധി പരിപാടികളാണ് തയാറാക്കിയിരിക്കുന്നത്. ഓണമേളകളും ഓണചന്തകളും മാത്രമല്ല, അമ്യൂസ്മെന്റ് പാർക്കിനെ പോലും വെല്ലുന്ന പരിപാടികളുമായി ജമിനി സർക്കസും അഭ്ഭുതജലപ്രളയം തീർക്കുന്ന വണ്ടർഫാൾസും കലാനിലയത്തിന്റെ രക്തരക്ഷസും ആളുകളെ അഭ്ഭുതപ്പെടുത്തുകയാണ്.
നിരവധി സ്ഥാപനങ്ങൾ വമ്പൻ ഓഫറുകളുമായിട്ടാണ് സ്ഥാപനങ്ങളിലേക്ക് ആളുകളെ ക്ഷണിക്കുന്നത്. രാപകൽ സെയിൽസുമായി ഡിമോസ് ഫർണീച്ചറുകളെ പോലുള്ള സ്ഥാപനങ്ങളും ആളുകളെ കൂടുതൽ ആകർഷിക്കുകയാണ്.
ഗതാഗതക്കുരുക്ക് അഴിക്കുമോ
ഓണക്കാലത്തെ നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ പരിഹാര നടപടികളുമായി പോലീസ് നിർദേശിക്കുന്ന പദ്ധതികൾ പൂർണമായും വിജയിക്കുമോ. സ്കൂളുകൾ ഇന്നലെ അടച്ചതോടെ സ്കൂൾ മൈതാനങ്ങൾ അടക്കം ഉപയോഗിച്ചാണു പോലീസ് പുതിയ പാർക്കിംഗ് സ്ഥലങ്ങൾ പ്രഖ്യാപിച്ചത്. നഗരത്തിലേക്കു വരുന്ന വാഹനങ്ങൾക്കു പാർക്ക് ചെയ്യാൻ ആവശ്യമായ ഇടങ്ങളില്ലാത്തതാണ് ഗതാഗതക്കുരുക്കുകൾക്കു പ്രധാന കാരണം.
റോഡിലും നോ പാർക്കിംഗ് ബോർഡുകൾ വച്ച ഇടങ്ങളിലും വാഹനങ്ങൾ നിർത്തുന്നതു നഗരത്തിലെ സ്ഥിരം കാഴ്ചയായിരുന്നു. സെന്റ് ജോസഫ് സ്കൂൾ ഗ്രൗണ്ട്, ആശ്രാമം എ വൈ കെ ഓഡിറ്റോറിയം ഗ്രൗണ്ട്, ആണ്ടാമുക്കം കോർപറേഷൻ ഗ്രൗണ്ട്, ബീച്ച് റോഡിലെ പിഡബ്ല്യുഡി ഓഫിസ് ഗ്രൗണ്ട് എന്നീ ഇടങ്ങളിലാണ് ഓണക്കാലത്തു പൊതുജനങ്ങൾക്കു പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയത്. താലൂക്ക് കച്ചേരി ജംഗ്ഷനിൽ പേ പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.