ഫ്രാൻസിസ് സേവ്യർ സ്മൃതി പുരസ്കാരം കെ.എസ്. ബിജുകുമാറിന്
1588943
Wednesday, September 3, 2025 6:25 AM IST
ചവറ: കരുനാഗപ്പളളി താലൂക്കിലെ മികച്ച ഗ്രന്ഥശാല പ്രവർത്തകന് മേക്കാട് എ വൺ ഗ്രന്ഥശാല ഏർപ്പെടുത്തിയ ഫ്രാൻസിസ് സേവ്യർ സ്മൃതി പുരസ്കാരത്തിന് കെ.സി. പിള്ള സ്മാരക ഉദയ ഗ്രന്ഥശാല സെക്രട്ടറി കെ.എസ്. ബിജുകുമാർ അർഹനായി.
എ വൺ ഗ്രന്ഥശാലയുടെ നേതൃതലങ്ങളിൽ ദീർഘകാലം പ്രവർത്തിച്ചിരുന്ന ഫ്രാൻസിസ് സേവ്യറിന്റെ സ്മരണ നിലനിർത്തുന്നതിനുള്ള ഈ അവാർഡ് 5001 രൂപയും പ്രശസ്തി ഫലകവും ഉൾപ്പെട്ടതാണ്.
മൂന്നിന് നടക്കുന്ന ഓണാഘോഷ ത്തോടനുബന്ധിച്ചുള്ള വാർഷിക പൊതുസമ്മേളനത്തിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ പുരസ്കാര സമർപ്പണം നടത്തും. സുജിത്ത് വിജയൻ പിള്ള എംഎൽഎ ഉദ്ഘാടനം ചെയ്യും.
ജീവകാരുണ്യ പ്രവർത്തകൻ ശക്തികുളങ്ങര ഗണേശനെ ചടങ്ങിൽ ആദരിക്കും. ഗ്രന്ഥശാല പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷനാകും. സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ജി.മുരളീധരൻ, കെഎംഎംഎൽ (എംഎസ് യൂണിറ്റ് ) എച്ച്ഒഡി കാർത്തികേയൻ, കോവിൽത്തോട്ടം ഇടവക വികാരി ഫാ.ജോസഫ് ഡാനിയേൽ, ഫിറോസ് നല്ലാന്തറ തുടങ്ങിയവർ പങ്കെടുക്കും.
കാൻസർ രോഗികൾക്കുളള ചികിത്സാ സഹായം, നിർധന വിധവകൾക്കുള്ള ഓണക്കിറ്റ്, വിദ്യാഭ്യാസ മെരിറ്റ് അവാർഡ്, കിടപ്പ് രോഗികൾക്കുള്ള ചികിത്സാ ധനസഹായം എന്നിവ സമ്മേളനത്തിൽ വിതരണം ചെയ്യുമെന്നും നാലിന് ഓണസദ്യയും വിവിധ കലാപരിപാടികളും നടത്തുമെന്നും ഭാരവാഹികളായ യോഹന്നാൻ ആന്റണി,എസ്.രാധാകൃഷ്ണൻ, ജെയിംസ് ജോസഫ് തുടങ്ങിയവർ അറിയിച്ചു.