ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റിനായി വലഞ്ഞ് ശിവാനന്ദ്
1497492
Wednesday, January 22, 2025 7:39 AM IST
കോടോം: മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് നാമമാത്രമായെങ്കിലും സംവരണാനുകൂല്യം ലഭിക്കാനുള്ള ഏക മാർഗമാണ് ഇക്കണോമിക്കലി വീക്കർ സെക്ഷൻ (ഇഡബ്ല്യുഎസ്) സർട്ടിഫിക്കറ്റ്. അതിനു വേണ്ടി ആഴ്ചകളായി അലയുകയാണ് രാജപുരം സെന്റ് പയസ് ടെൻത് കോളജിലെ അവസാന വർഷ ബിബിഎ വിദ്യാർഥി ശിവാനന്ദ്.
വിവിധയിടങ്ങളിൽ മാറിമാറി വാടകവീടുകളിൽ താമസിച്ച് കൂലിവേലകൾ ചെയ്തു ജീവിക്കുന്ന പി.ആർ. ബിജുവിന്റെയും ലേഖയുടെയും മകനായ ശിവാനന്ദിന് ഇഡബ്ള്യുഎസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ എല്ലാവിധ അർഹതയും ഉള്ളതാണ്. പക്ഷേ സാങ്കേതിക തടസങ്ങളുടെ പേരിൽ ഉദ്യോഗസ്ഥർ കൈമലർത്തുകയാണ്. സ്ഥിരവിലാസം കോടോം വില്ലേജ് പരിധിയിലാണെങ്കിലും ഇവിടെ സ്വന്തമായി വീടില്ല. ചെറിയൊരു സ്ഥലം മാത്രമേ ഉള്ളൂ.
റേഷൻ കാർഡ് ഉള്ളത് ബിജുവും കുടുംബവും നേരത്തേ വാടകയ്ക്ക് താമസിച്ചിരുന്ന ബല്ല വില്ലേജിലെ വിലാസത്തിലാണ്. ഈ സാങ്കേതികപ്രശ്നം ചൂണ്ടിക്കാട്ടിയാണ് രണ്ട് വില്ലേജുകളിലെയും ഉദ്യോഗസ്ഥർ കൈയൊഴിയുന്നത്. കോടോം വില്ലേജ് വെള്ളരിക്കുണ്ട് താലൂക്കിലും ബല്ല ഹൊസ്ദുർഗ് താലൂക്കിലുമായതുകൊണ്ട് താലൂക്ക് ഓഫീസുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ഏകോപിപ്പിക്കാനും ബുദ്ധിമുട്ടുണ്ട്.
മദ്രാസ് ഐഐടിയിൽ ഉപരിപഠനത്തിന് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നാളെയാണ്. ഈ വർഷത്തെ കോമൺ അഡ്മിഷൻ ടെസ്റ്റിൽ കോച്ചിംഗ് സെന്ററുകളുടെ പോലും സഹായമില്ലാതെ 85 ശതമാനം മാർക്ക് നേടിയ വിദ്യാർഥിയാണ് ശിവാനന്ദ്.
തീർത്തും പരിമിതമായ ജീവിത സാഹചര്യങ്ങൾക്കിടയിൽ നിന്ന് സ്വന്തം കഠിനാധ്വാനം കൊണ്ടു മാത്രം ഉയർന്ന മാർക്ക് നേടിയതാണ്. അങ്ങനെയൊരു വിദ്യാർഥിക്കാണ് തികച്ചും അർഹതയുള്ള ഒരാനുകൂല്യം ലഭിക്കാൻ സാങ്കേതിക തടസങ്ങൾ മറയായി നിൽക്കുന്നത്.
ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെങ്കിൽ ഈ വർഷം രാജ്യത്തെ മുൻനിര ഐഐടികളിലും ഐഐഎമ്മുകളിലും പ്രവേശനം നേടാനുള്ള ശിവാനന്ദിന്റെ സ്വപ്നം മരീചികയാകും. ഓരോയിടങ്ങളിലും അപേക്ഷിക്കാനുള്ള അവസാന തീയതി അടുത്തു വരികയാണ്.
ശിവാനന്ദിന് ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ അർഹതയുണ്ടെന്ന കാര്യത്തിൽ ഉദ്യോഗസ്ഥർക്കൊന്നും എതിരഭിപ്രായമില്ല. പക്ഷേ ആര് എവിടെനിന്ന് നല്കുമെന്ന കാര്യത്തിൽ മാത്രമാണ് സംശയം. സാങ്കേതിക തടസങ്ങൾ മറികടക്കണമെങ്കിൽ സർക്കാർ തലത്തിലുള്ള ഇടപെടൽ വേണം. അതിുവേണ്ടി ഇനി എന്താണ് ചെയ്യേണ്ടതെന്നറിയാതെ വലയുകയാണ് ബിജുവും കുടുംബവും.