കരിമ്പിൽ കുഞ്ഞിക്കോമൻ മെമ്മോറിയൽ മലയോര മാരത്തൺ 24ന്
1497487
Wednesday, January 22, 2025 7:39 AM IST
വെള്ളരിക്കുണ്ട്: കരിമ്പിൽ കുഞ്ഞിക്കോമൻ ഫൗണ്ടേഷനും വള്ളിക്കടവ് കസ്ബ യുവജനകേന്ദ്രവും സംയുക്തമായി 24നു കരിമ്പിൽ കുഞ്ഞിക്കോമന്റെ 37-ാമത് ചരമവാർഷിക ദിനാചരണം സംഘടിപ്പിക്കും. അന്നേദിവസം രാവിലെ ഏഴിന് പാത്തിക്കര മുതൽ കൊന്നക്കാട് കരിമ്പിൽ പൈതൃകം റിസോർട്ട് വരെ മലയോര മാരത്തൺ സംഘടിപ്പിക്കും.
വെള്ളരിക്കുണ്ട് ഇൻസ്പെക്ടർ മുകുന്ദൻ ഫ്ലാഗ് ഓഫ് ചെയ്യും. ഡോക്ടറുടെ സേവനത്തോടെയുള്ള ആംബുലൻസ് മാരത്തണിനെ അനുഗമിക്കും. ആദ്യ മൂന്നു സ്ഥാനക്കാർക്ക് 5000, 3000, 2000 രൂപ കാഷ് പ്രൈസ് നൽകും. പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകും.
രാവിലെ ഒന്പതിന് കൊന്നക്കാട് പൈതൃകം റിസോർട്ടിൽ കരിമ്പിൽ കുഞ്ഞിക്കോമൻ അനുസ്മരണ സമ്മേളനവും മാരത്തൺ വിജയികൾക്കുള്ള സമ്മാനവിതരണവും നടക്കും. സിആർപിഎഫ് ഡിഐജി മാത്യു ജോൺ ഉദ്ഘാടനം ചെയ്യും. ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം മുഖ്യാതിഥിയായിരിക്കും.
മാരത്തണിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നാളെ വൈകുന്നേരം അഞ്ചിനു മുന്പ് 9447972100, 9447370003 എന്നീ നമ്പറുകളിൽ പേര് രജിസ്റ്റർ ചെയ്യണം. രജിസ്ടേഷൻ ഫീ ഇല്ല. പത്രസമ്മേളനത്തിൽ റിട്ട. ഐജി കെ.വി. മധുസൂദനൻ, കരിമ്പിൽ രാജഗോപാൽ, പുഴക്കര കുഞ്ഞിക്കണ്ണൻ നായർ, ജോർജുകുട്ടി തോമസ് മാടപ്പള്ളി എന്നിവർ പങ്കെടുത്തു.